മലപ്പുറം: വർഷങ്ങളായി പ്രവാസ ജീവിതം നയിച്ച് അവസാനം സമ്പാദിച്ച പണം കൊണ്ട് നാട്ടിൽ ഒരു കടയിട്ട് വീട്ടിൽ കഴിയാൻ തീരുമാനിച്ച മലപ്പുറത്തെ 45കാരൻ കട ഉദ്ഘാടനം ചെയ്യുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പ് കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം തിരൂരങ്ങാടിക്കടുത്ത് പുകയൂർ വലിയ പറമ്പിലെ പരേതനായ മുഖം വീട്ടിൽ ആലസൻ കുട്ടിയുടെ മകൻ ഷാഹുൽ ഹമീദ് (45) ആണ് മരിച്ചത്.

പ്രവാസ ജീവിതം അവസാനിച്ച് കുടുംബത്തോടൊപ്പം സ്വന്തം നാട്ടിൽ കഴിയാനുള്ള ആഗ്രഹവുമായാണ് ഷാഹുൽഹമീദ് നാട്ടിൽ കട തുടങ്ങാൻ തീരുമാനിച്ചിരുന്നത്.വർഷങ്ങളായി മദീനയിൽ ജോലി ചെയ്തിരുന്ന ഷാഹുൽ ഹമീദ് പ്രവാസം നിറുത്തി മൂന്നു മാസം മുമ്പാണ് നാട്ടിലെത്തിയത്. വീടിനടുത്തുള്ള കടയിൽ കച്ചവടം തുടങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി ഇന്നലെ ഉദ്ഘാടനം ചെയ്യാനിരിക്കെ കാലത്ത് വീട്ടിൽ കുഴഞ്ഞ് വീണാണ് മരിച്ചത്. എസ്.വൈ.എസ് പ്രവർത്തകനായിരുന്നു. മാതാവ്: ഫാത്വിമഹജ്ജുമ്മ. ഭാര്യ: സൽമ . മക്കൾ: സഹൽ, നുഅ്മാൻ, ഫാത്വിമ ശിഫ് ന.സഹോദരങ്ങൾ: മുഹമ്മദ് അലി, ജഅ്ഫർ, കബീർ, ഉമ്മുസൽമ, ഹാജറ .