കൊച്ചി: പതിനെട്ടായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു വിദേശ രാജ്യം. അതാണ് ഇപ്പോൾ റഷ്യയുടെ ബോംബാക്രമണം നടക്കുന്ന യുക്രെയിൻ. ഇതിൽ ഏറെയും ഒഡേസ എന്ന സാംസ്കാരിക നഗരം കേന്ദ്രീകരിച്ചാണ്. മലയാളികളായ രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഇവിടെ ഉണ്ടായിരുന്നെന്നാണ് വിവരം. ഇവരിൽ പലരും ഇപ്പോൾ നാട്ടിലാണ്. പക്ഷേ ഇരുനൂറിലേറെ മലയാളികൾ കുടുങ്ങിക്കിടക്കയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. റഷ്യൻ മിസൈൽ ഒഡേസക്ക് അടുത്ത പതിച്ചതോടെ ഈ വിദ്യാർത്ഥികളിലേക്കും ഭീതി പടരുകയാണ്.

ഏറ്റവുമൊടുവിൽ ലഭിക്കുന്ന കണക്കനുസരിച്ച്, ഒഡേസ, ഖാർകിവ് നഗരങ്ങളിലെ സർവകലാശാലകളിൽ 213 മലയാളി വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. എയർ ഇന്ത്യ യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്. യുക്രെയിനിലേക്ക് കര മാർഗം റഷ്യയിൽ നിന്ന് പ്രവേശിക്കുന്ന പ്രധാന നഗരങ്ങളാണ് ഖാർകിവും ഒഡേസയും. വ്യോമാക്രമണത്തിന് പിന്നാലെ കരമാർഗവും ഈ നഗരങ്ങളിലേക്ക് റഷ്യൻ സൈന്യം പ്രവേശിച്ചതോടെ കനത്ത ആശങ്കയിലാണ് ഇവിടുത്തെ വിദ്യാർത്ഥികൾ.

ഇതിൽ ഖാർകിവ് സർവകലാശാലയുടെ ഹോസ്റ്റലിന് മുന്നിൽ സ്ഫോടനമുണ്ടായെന്നും ഇത് നേരിട്ട് കണ്ടെന്നും ഇവിടെ താമസിക്കുന്ന മലയാളി വിദ്യാർത്ഥികൾ വാർത്താ മാധ്യമങ്ങളോട് പറഞ്ഞു. റഷ്യൻ സൈന്യം ഒഡേസ തുറമുഖത്ത് ആക്രമണം ശക്തമാക്കുന്നുണ്ട്. ഖാർകിവ് നഗരത്തിന്റെ അതിർത്തി വഴിയും സൈന്യം ഇവിടേക്ക് പ്രവേശിക്കുന്നു. യുക്രെയിനിലെ ഒഡേസ നാഷണൽ യൂണിവേഴ്സിറ്റിയിൽ 200 മലയാളി വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവിടെ നിന്ന് ഏതാണ്ട് 700 കിലോമീറ്ററോളം അകലെയുള്ള ഖാർകിവ് നാഷണൽ മെഡിക്കൽ സർവകലാശാലയിൽ 13 മലയാളി വിദ്യാർത്ഥികളാണ് കുടുങ്ങിയിരിക്കുന്നത്.

വിദ്യാർത്ഥികളിൽ പലരും പല എയർ ഇന്ത്യ വിമാനങ്ങളിലായി തിരികെ വരാനിരുന്നവരാണ്. എയർ ഇന്ത്യ വിമാനം ഇറങ്ങേണ്ടിയിരുന്ന ബോറിസ്പിൽ വിമാനത്താവളത്തിൽ റഷ്യൻ ആക്രമണമുണ്ടായി. ഇത്തരത്തിൽ ആക്രമണമുണ്ടായേക്കും എന്ന് വിവരം ലഭിച്ചതിനാൽ നേരത്തേ ഡൽഹിയിൽ നിന്ന് പുറപ്പെട്ട വിമാനം തിരികെ മടങ്ങിയിരുന്നു. ബെലാറഷ്യൻ സൈന്യവും കൂടി പങ്കെടുത്ത ആക്രമണമാണ് ഈ വിമാനത്താവളത്തിൽ നടന്നത്. കഴിഞ്ഞ ദിവസം വരെ അവിടെ നിൽക്കണമെന്ന് നിർബന്ധമില്ലാത്ത കുട്ടികളോട് തിരികെയെത്താൻ നേരത്തേ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നതാണ്. ഇതനുസരിച്ച് നിരവധി കുട്ടികൾ തിരികെയെത്തി. എന്നാലിപ്പോൾ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണ്. ക്ലാസുകൾ നഷ്ടപ്പെട്ട് പോകുമെന്ന് കരുതിയാണ് പല കുട്ടികളും അവിടെ തുടർന്നത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും വ്യോമയാനമന്ത്രാലയവും സ്ഥിതിഗതികൾ ചർച്ച ചെയ്ത് വരികയാണ്.

അതേസമയം എടിഎമ്മുകൾ കാലിയായതും സൂപ്പർ മാർക്കറ്റുകളിൽ അടക്കം വൻ ക്യൂ രൂപപ്പെട്ടതും മലയാളി വിദ്യാർത്ഥികൾക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇങ്ങനെ പോവുകയാണെങ്കിൽ രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്നാണ് വിദ്യാർത്ഥികൾ ഭയക്കുന്നത്.

16 ലക്ഷത്തിന് നിലവാരമുള്ള മെഡിക്കൽ കോഴ്സ്

വൈദ്യശാസ്ത്ര പഠനത്തിനാണ് മലയാളികൾ അടക്കമുള്ളവർ ഏറെയും യുക്രെയിനിൽ എത്തുന്നത്. ഒഡേസ സർവകാലശാലയിലും ഖാർകിവ് സർവകലാശാലയിലുമാണ് ഇവർ ഏറെയും അഡ്‌മിഷൻ എടുക്കുന്നത്. സ്വന്തം നാട്ടിൽ നാൽപ്പതുലക്ഷത്തിലേറെ കാപ്പിറ്റേഷൻ കൊടുക്കേണ്ട മെഡിക്കൽ സീറ്റിന് ഇവിടെ 16 ലക്ഷത്തിന് ലഭിക്കും. മാത്രമല്ല, ചൈനയിലെ മെഡിക്കൽ വിദ്യാഭ്യാസം പോലെയൊന്നുമല്ല, വളരെ നിലവാരമുള്ളതാണ് യുക്രെയിനിലെത്. നൂറ്റാണ്ട് പഴക്കമുള്ള ഒഡേസ സർവകലാശാല അക്കാദമിക്ക് രംഗത്തെ മികവിന് ഏറെ പേരുകേട്ടതാണ്.

എന്നാൽ കാശുള്ള എല്ലാവർക്കും കിട്ടുന്നതല്ല യുക്രെയിൻ എംബിബിഎസ്. അതിനും ടെസ്റ്റും പരീക്ഷയുമുണ്ട്. അവിടുന്ന് ബിരുദവുമായി വന്നാലും ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിന് വേറെ പരീക്ഷയും എഴുതണം. അതുപോലെ നഴ്സിങ്ങിനും പാരാമെഡിക്കൽ കോഴ്സിനും ഒഡേസ പേരുകേട്ടതാണ്. ഒരു വിദേശ രാജ്യത്ത് പഠിക്കുന്നതോടെ സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന രീതിയിൽ വിദ്യാർത്ഥികൾ മോൾഡ് ചെയ്തും എടുക്കപ്പെടുമെന്ന് കൂടി ഉദ്ദേശിച്ചാണ് പലരും കുട്ടികളെ ഇവിടെ പഠിക്കാൻ വിടുന്നത്.

പൊതുവെ ക്രൈം റേറ്റ് കുറവുള്ള രാജ്യമാണ് യുക്രെയിൻ. സമാധാന പ്രിയരായ, യൂറോപ്യൻ ജനതുടെ പൊതുസ്വഭാവം ഇവരും ഉൾക്കൊള്ളുന്നുണ്ട്. ടൂറിസം പോലെ തന്നെ യുക്രെയിനിന്റെ ഒരു പ്രധാന നികുതി വരുമാന മാർഗം കൂടിയായിരുന്നു എജുക്കേഷൻ സെക്ടറും. എന്നാൽ റഷ്യയുടെ ആക്രമണത്തോടെ ഇതെല്ലാം ഇല്ലാതാവും. ഒരു സുരക്ഷിത രാജ്യം എന്ന് പേരുള്ളതുകൊണ്ടാണ് ഇവിടെ വിദ്യാർത്ഥികൾ പഠിക്കാൻ എത്തുന്നത്. ഇനി ഇതെല്ലാം പഴങ്കഥയാവും.

ബാറ്റിൽഷിപ്പിലൂടെ തരംഗമായ ഒഡേസ

ബാറ്റിൽഷിപ്പ് പൊട്ടംകിൻ എന്ന ഒറ്റ സിനിമയിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹരമായി മാറിയ നഗരമാണ് ഒഡേസ. റഷ്യൻ സംവിധായകനായ സെർഗി ഐസൻസ്റ്റിൻ 1925ൽ സംവിധാനം ചെയ്ത വിഖ്യാത നിശബ്ദ ചലച്ചിത്രമാണ് ബാറ്റിൽഷിപ്പ് പൊട്ടെംക്കിൻ. സാർ ചക്രവർത്തിമാരുടെ ഭരണകാലത്തിലെ ഒരു യഥാർഥ സംഭവത്തെ അധികരിച്ചാണ് ഈ ചലച്ചിത്രം രുപം കൊണ്ടത്. കരിങ്കടലിലെ റഷ്യൻ യുദ്ധകപ്പലുകളായ പൊട്ടെംക്കിനിൽ അസംതൃപ്തരായ നാവികർ നടത്തിയ കലാപം ഒരു രാഷ്ട്രീയസമരമായി പരിണമിച്ചതിന്റെ ദൃശ്യാവിഷ്‌കാരമാണ് ഈ ചലച്ചിത്രം.

പൊട്ടംകിൻ എന്ന യുദ്ധകപ്പലിൽ ഉണ്ടായ കലാപത്തിന് ഒഡേസയിലെ ജനം പിന്തുണ നൽകുന്നത് ചിത്രം കാണിക്കുന്നു. തുറമുഖത്ത് കിടക്കുന്ന കപ്പലിന് പിന്തുണ നൽകാൻ പടവുകളിലൂടെ ഇറങ്ങി വന്ന ജനങ്ങളെ പട്ടാളം വെടിവെച്ച് കൊല്ലുന്നു. ഈ പടവുകളാണ് പിന്നീട് വിഖ്യാതമായ ഒഡേസ പടവുകൾ എന്ന പേരിൽ അറിയപ്പെട്ടത്. വലിയൊരു ഉദ്യാനത്തിന്റെ നടുക്കാണ് ഈ ഒഡേസ പടവുകൾ സ്ഥതിചെയ്യുന്നത്. നഗരത്തിന്റെ പുരാതനമായ ഭാഗവും, താഴെയുള്ള തുറമുഖവുമായി ബന്ധിപ്പിക്കുന്ന കൽപ്പടവുകളിലാണ്, ബാറ്റിൽഷിപ്പിലെ പ്രധാന ഭാഗം ചിത്രീകരിച്ചത്. ഉക്രെയിനിൽ എത്തുന്ന ഏതൊരു ടൂറിസ്റ്റും ഒഡേസ പടവുകളിൽ ഇരുന്ന് ഒരു ഫോട്ടോയെങ്കിലും എടുക്കാതെ മറങ്ങാറില്ല. ബാറ്റിൽഷിപ്പ് പൊട്ടംകിൻ തരംഗമായതോടെ ഒഡേസയെന്ന വാക്ക് ചലച്ചിത്ര പ്രേമികൾക്കിടയിൽ പ്രശസ്തമായി. കേരളത്തിൽ ജോൺ എബ്രഹാമിന്റെ നേതൃത്വത്തിൽ ഉണ്ടായ പ്രശസ്തമായ ഒഡേസ ഫിലം സൊസൈറ്റി ഒരു ഉദാഹരണം.

ടൂറിസം പ്രധാന വരുമാന മാർഗമായ യുക്രെയിനിന്റെ സമ്പദ് വ്യവസ്ഥക്ക് ഒഡേസയും വലിയ പങ്കാണ് നൽകിയിരുന്നത്. പക്ഷേ റഷ്യൻ ആക്രമണം ആ സാധ്യകളെയും നശിപ്പിച്ചിരിക്കയാണ്.

ലക്ഷ്യമിട്ടത് ദുബൈ, സിങ്കപ്പൂർ മോഡൽ വികസനം

അൺലിമിറ്റഡ് ആഘോഷങ്ങളുടെയും കേന്ദ്രമായിരുന്നു ഒഡേസ. വേണമെങ്കിൽ ഒരു മനുഷ്യനെ വഴിതെറ്റിക്കാനുള്ള എല്ലാ ആഘോഷവും ഇവിടെയുണ്ടെന്നാണ്, വിശ്വ സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര പറയുന്നത്. സോവിയറ്റ് യൂണിയന്റെ കാലത്തു തന്നെ കരിങ്കടലിന്റെ തീരത്തെ ഈ ഉല്ലാസ നഗരം ഏറെ പ്രശസ്തമായിരുന്നു. വേനൽക്കാലത്ത് റഷ്യയിലെ സമ്പന്നർ ഇവിടെയായിരുന്നു, തമ്പടിച്ചിരുന്നത്. സമ്മറിലെ ആഘോഷങ്ങൾക്ക് പേരുകട്ടതായിരുന്നു പണ്ടുമുതലേ ഈ നഗരം.

എന്നാൽ ഒഡേസക്ക് രാജ്യാന്തര പ്രശസ്തി കൈവന്നത് സോവിയറ്റ് യൂണിയന്റെ പതനത്തോടെയായിരുന്നു. കമ്യൂണിസത്തിന്റെ ഇരുമ്പുമറ തകർന്നതോടെ ഇവിടേക്ക് മുലധനം ഒഴുകിയെത്താൻ തുടങ്ങി. യുക്രെയിൻ സർക്കാർ ആവട്ടെ സ്വകാര്യ സംരംഭങ്ങളെയും നന്നായി പ്രോൽസാഹിപ്പിച്ചു. ബീച്ചുകൾ സ്വകാര്യ ഗ്രൂപ്പുകൾക്ക് കൊടുത്തിരിക്കയാണ്. ഇവിടെ റിസോർട്ട്, ഹോട്ടൽ എന്നിവയൊക്കെ നടത്താം. കടലിലേക്ക് ഇറക്കി പ്ലാറ്റ്ഫോമുകൾ പണിയാം, ആഘോഷിക്കാൻ പറ്റുന്ന എന്തും നടത്താം. ഇവിടെയൊക്കെ വിദേശികളെപ്പോലെ നാട്ടുകാർക്കും പ്രവേശനം ഉണ്ട്. അവർക്ക് പണം കൊടുത്താൽ ബാറും, സ്വിമ്മിങ്പൂളും, റസ്റ്റോറന്റുമൊക്കെ ഉപയോഗിക്കാം. അങ്ങനെ വലിയതോതിലുള്ള നികുതി വരുമാനമാണ് യുക്രെയിൻ സർക്കാർ ഇവിടെ നിന്ന് ഉണ്ടാക്കിയത്.

എന്തുതരം ആഘോഷത്തിനും ഇവിടെ സ്‌കോപ്പുണ്ട്. നൈറ്റ് ക്ലബും, സ്ട്രിപ്പ് ക്ലബുകളും, നൃത്തങ്ങളും, കലാപരിപാടികളുമൊക്കെയായി, ഒഡേസയിലെ രാത്രികൾ സഞ്ചാരികളാൽ ഏറെ വർണ്ണിക്കപ്പെട്ടതാണ്. കഴിഞ്ഞ വർഷം സിങ്കപ്പൂരിനെയും തായ്ലൻഡിനെയും വെട്ടിച്ചുകൊണ്ടാണ് ഇങ്ങോട്ട് സഞ്ചാരികൾ ഒഴുകിയെത്തിയത്. വാട്ടർ തീം പാർക്ക്, അക്വേറിയം, വാട്ടർസ്പോർട് തുടങ്ങിയവയായി ആഴ്ചകളോളും ആഘോഷിക്കാനുള്ള വകുപ്പ് ഇവിടെ ഉണ്ടായിരുന്നു.

കാടും, മലയും, കടലും ഇണ ചേരുന്ന, ഒഡേസയുടെ ഭൂമിശാസ്ത്രത്തെ ശാസ്ത്രീയമായി സംരക്ഷിച്ചായിരുന്നു ഇവിടെ ടൂറിസം പദ്ധതികൾ നടപ്പാക്കിയത്. അക്കാഡിയ ബീച്ച് എന്ന ഒഡേസയിലെ ഒരു ബീച്ചിൽനിന്ന് ലാഞ്ചറോൺ എന്ന ബീച്ചിലേക്കുള്ള യാത്രയും അവിസ്മരണീയമാണെന്ന് പല സഞ്ചാരികളും എഴുതിയിട്ടുണ്ട്. കുന്നുകളും വനങ്ങളുമൊക്കെയായി പത്തുപതിനഞ്ച് ഏക്കർ വിസ്തൃതിയിലുള്ള തീരമാണിത്. ഒരു ബീച്ചിൽ നിന്ന് ഒരു മലകയറി അടുത്ത വനപ്രദേശത്തുകൂടെ വേണം അടുത്ത ബീച്ചിൽ എത്താൻ. ഇത് സഞ്ചാരികൾക്ക് അസാധാരണമായ അനുഭവമാണ്. കടൽത്തീരത്തെ വനത്തിനുള്ളിൽ വാഹനങ്ങൾ, നിരോധിച്ച് ഓടാനും സ്‌കേറ്റിങ്ങിനുമായി പ്രത്യേക ട്രാക്കും ഉണ്ടാക്കിയിരുന്നു.

ദൂബൈയെയും സിങ്കപ്പൂരിനെയും പോലുള്ള ഒരു ആധുനിക ആഘോഷ നഗരമാക്കി ഒഡേസയെ വളർത്താനായിരുന്നു യുക്രെയിൻ അധികൃതരുടെ പദ്ധതി. പക്ഷേ പുടിൻ എന്ന ക്രൂരനായ ഭരണാധികാരിയുടെ നീക്കങ്ങൾ ഒരു ജനതയുടെ ഭാവിയെ തന്നെ തകർത്തുകളഞ്ഞു. രണ്ടാം ലോക മഹായുദ്ധകാലത്തെ യഹൂദ കൂട്ടക്കൊലക്ക് ശേഷം ഒഡേസ ആദ്യമായാണ് ഇതുപോലെ ഒരു ചോരപ്പുഴക്ക് സാക്ഷിയാവുന്നത്. നാൽപപ്പതിനായിരം യഹൂദന്മാരെ ഒരാഴ്ച കൊണ്ട് അക്കാലത്ത് ഹിറ്റ്ലറുടെ സേന കൊന്നു തള്ളിയത്. യഹൂദന്മാരെ വലിയ ഓഡിറ്റോറിയങ്ങളിൽ കുത്തിനിറച്ച്, പെട്രോൾ നിറച്ച് തീയിടുകയായിരുന്നു അന്നത്തെ രീതി. സെക്കൻഡുകൾക്കുള്ളിൽ അഗ്നിഗോളമായി കെട്ടിടം മാറും. ഈ ക്രൂരതയുടെ കഥകൾ എല്ലാം കേട്ടതുകൊണ്ടാവണം സമാധാനത്തിനായി നിലകൊള്ളുന്നവർ ആയിരുന്നു പൊതുവെ യുക്രെയിനികൾ. പക്ഷേ റഷ്യൻ പ്രസിഡന്റ് പുടിന്റെ അധികാരക്കൊതി ഈ പാവങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കയാണ്.