ഭുവനേശ്വർ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ നീട്ടി ഒഡിഷ. ജൂൺ ഒന്ന് വരെയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്. നേരത്തെ ഡൽഹി, പഞ്ചാബ്, കേരള സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടിയിരുന്നു.

രണ്ടാഴ്ചത്തേക്ക് കൂടിയാണ് ഇപ്പോൾ നിയന്ത്രണങ്ങൾ നീട്ടാൻ സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. ജൂൺ ഒന്ന് രാവിലെ അഞ്ച് മണി വരെയായിരിക്കും അടച്ചുപൂട്ടൽ. കിഴക്കൻ ഒഡിഷയിലെ ചില ജില്ലകളിൽ വൈറസ് വ്യാപനം കുറയാത്ത സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം.

നിലവിൽ ആഴ്ച അവസാനം ചില ഇളവുകൾ നൽകിയിട്ടുണ്ട്. ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിലും ആ ഇളവുകൾ തുടർന്നും നൽകും.

ചരക്ക്, നിർമ്മാണ സാമഗ്രികളുടെ ഗതാഗതത്തിന് തടസമില്ല. എന്നാൽ ആളുകൾ യാത്ര ചെയ്യുന്നത് പൂർണമായി വിലക്കിയ ഉത്തരവ് തുടരും.

റോഡരികിൽ അവശ്യ സാധനങ്ങൾ വാങ്ങാൻ ആളുകൾ എത്തുന്ന സ്ഥലങ്ങളിൽ തിരക്ക് കൂടുന്ന സാഹചര്യത്തിൽ ഇതിനായി അനുവദിച്ച സമയം കുറച്ചു. നിലവിൽ രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് സാധനങ്ങൾ വാങ്ങാൻ അനുവദിച്ചിരുന്ന സമയം. ഇത് രാവിലെ ഏഴ് മുതൽ 11 വരെയാക്കി പുനഃക്രമീകരിച്ചു.