മുംബൈ: ഇലക്ട്രിക് വാഹനയുഗത്തിലെ സൂപ്പർതാരമാകാൻ ഒഖിനാവ പ്രെയ്‌സ് എത്തുന്നു. ഫുൾചാർജിൽ 200 കിലോ മീറ്റർ വരെ യാത്ര ചെയ്യാൻ സാധിക്കുന്നതാണ് ഓഖിനോവയുടെ പ്രധാന സവിശേഷത.59,899 രൂപക്ക് ലഭിക്കുന്ന വാഹനത്തിന് രൂപഭാവങ്ങളിൽ പെട്രോൾ സ്‌കൂട്ടറുകളുമായിട്ടാണ് സാമ്യമുള്ളത്.

12 ഇഞ്ച് ടയറിൽ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ നൽകിയിരിക്കുന്നു. അധിക സുരക്ഷക്കായി ഇ-എ.ബി.എസും ഉണ്ട്. യാത്രസുഖത്തിനായി ടെലിസ്‌കോപ്പിക് ഫോർക്ക് സസ്‌പെൻഷൻ മുൻവശത്തിൽ ഡബിൾ ഷോക്ക് സസ്‌പെൻഷൻ പിന്നിലും നൽകിയിരിക്കുന്നു.

രണ്ട് ബാറ്ററി ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും. ആറ് മുതൽ എട്ട് മണിക്കൂറിനുള്ള ചാർജാവുന്ന വി.ആർ.എൽ.എ ബാറ്ററിയും രണ്ട് മണിക്കൂറിൽ ചാർജാവുന്ന ലിഥിയം-അയേൺ ബാറ്റയും സ്‌കൂട്ടറിനുണ്ട്. എൽ.ഇ.ഡി ഹെഡ്‌ലൈറ്റ് ഡേ ടൈം റണ്ണിങ് ലൈറ്റുമാണ് സ്‌കൂട്ടറിൽ പെട്ടെന്ന് ശ്രദ്ധയാകർഷിക്കുക. ഹോണ്ട ഡിയോയുമായി ചെറുതല്ലാത്ത സാമ്യമുണ്ട് മുൻവശത്തിന്

സൈഡ് സ്റ്റാൻഡ് സെൻസർ, കീലെസ്സ് എൻട്രി, ഫൈന്റ് മൈ സ്‌കൂട്ടർ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും സ്‌കൂട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 19.5 ലിറ്ററാണ് സീറ്റിനടിയിലെ സ്‌റ്റോറേജ്.1000 വാട്ടിന്റെ ഇലക്ട്രിക് മോട്ടോറാണ് സ്‌കൂട്ടറിന് കരുത്ത് പകരുക. എൻജിൻ പരാമവധി 3.35 ബി.എച്ച്.പി കരുത്ത് നൽകും. 75 കിലോ മീറ്ററാണ് പരാമവധി വേഗം.