ചിക്കമംഗളൂരു: നിർമ്മാണത്തിലിരിക്കുന്ന ക്ഷേത്രത്തിന് പതിനായിരം രൂപ സംഭവന ചെയ്ത് ഭിക്ഷാടക.കർണാടകയിലെ കഡൂർ ടൗണിൽ നിർമ്മാണത്തിലിരിക്കുന്ന ആഞ്ജനേയ ക്ഷേത്രത്തിനാണ് കെമ്പാമ്മ എന്ന സ്ത്രീ സംഭാവന കൈമാറിയത്. ബുധനാഴ്‌ച്ച രാവിലെയാണ് ക്ഷേത്രം ഭാരവാഹികളെപ്പോലും ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

രാവിലെയോടെ ക്ഷേത്രത്തിലെത്തിയ കെമ്പമ്മ ക്ഷേത്രം അധികാരികളെ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇവിടെയുള്ള ജീവനക്കാർ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാൻ ആദ്യം അനുമതി നൽകിയില്ല.പക്ഷെ കാണാതെ മടങ്ങിപ്പോവില്ലെന്നായി വയോധികയുടെ പ്രതികരണം.കാണണമെന്ന് ആവർത്തിച്ചതോടെ ഗത്യന്തരമില്ലാതെ പ്രവേശനാനുമതി നൽകി.തുടർന്നാണ് കെമ്പാമ്മ ക്ഷേത്രം നിർമ്മാണ ഫണ്ടിലേക്ക് പതിനായിരം രൂപ സംഭാവന നൽകാനാണ് താൻ വന്നതെന്ന് ജീവനക്കാരെ അറിയിച്ചത്.

തുടർന്ന് അഞ്ഞൂറിന്റെ ഇരുപത് നോട്ടുകൾ ക്ഷേത്രം പൂജാരി ദത്തു വാസുദേവിന് കൈമാറി. വർഷങ്ങളായി സൂക്ഷിച്ചുവെച്ച പണമാണ് കെമ്പാമ്മ കൈമാറിയത്. ക്ഷേത്രത്തിന്റെ ഗോപുര നിർമ്മാണത്തിനായി തുക ചെലവഴിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. നേരത്തേയും ഇവർ ക്ഷേത്രത്തിലേക്ക് പണം സംഭാവന ചെയ്തിരുന്നു. കെമ്പാമ്മയുടെ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് ക്ഷേത്രം ജീവനക്കാർ പ്രതികരിച്ചു.

വർഷങ്ങളായി കഡൂർ സായ്ബാബ ക്ഷേത്രത്തിന് സമീപം ഭിക്ഷാടനം നടത്തിയാണ് കെമ്പാമ്മ കഴിയുന്നത്. ഇവിടെ കഴിയുന്ന കെമ്പാമ്മയ്ക്ക് സമീപത്തെ ഹോട്ടലിൽ നിന്ന് സൗജന്യമായാണ് ഭക്ഷണം കൊടുക്കുന്നത്.