മസ്​കറ്റ്​: ഒമാനിൽ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങളിലെ വിവിധ തസ്​തികകൾ സ്വദേശിവത്​കരിച്ചു. തൊഴിൽ മന്ത്രി ഡോ.മഹദ്​ ബിൻ സഈദ്​ ബഊവിൻ ആണ് ഇത് സംബന്ധിച്ച ഉത്തരവ്​ പുറപ്പെടുവിച്ചത്. അഡ്​മിനിസ്​ട്രേഷൻ ആൻറ്​ രജിസ്​ട്രേഷൻ ഡീൻഷിപ്പ്​, സ്​റ്റുഡൻറ്​ അഫെയേഴ്​സ്​, സ്​റ്റുഡൻറ്​ സർവീസസ്​ തുടങ്ങിയ ഡിപ്പാർട്ട്​മെൻറുകളിലെയും വിഭാഗങ്ങളിലെയും അഡ്​മിനിസ്​ട്രേറ്റീവ്​, ഫിനാൻഷ്യൽ തസ്​തികകളാണ്​ സ്വദേശിവത്​കരിച്ചത്​. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കുന്നതി​ന്റെ ഭാഗമായി നേരത്തേയും നിരവധി തസ്​തികകളിൽ സ്വദേശിവത്​കരണം പ്രഖ്യാപിച്ചിരുന്നു.

ഇതിന്​ പുറമെ സ്​റ്റുഡൻറ്​ കൗൺസലിങ്​, സോഷ്യൽ കൗൺസലിങ്​, കരിയർ ഗൈഡൻസ്​ തുടങ്ങിയ വിഭാഗങ്ങളിലെ എല്ലാ തസ്​തികകളിലും സ്വദേശികളെ മാത്രമാണ്​ നിയമിക്കാൻ പാടുള്ളൂവെന്നും ഒമാൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട്​ ചെയ്​തു. സ്വദേശികൾക്ക്​ ഈ വർഷം 32000 തൊഴിലവസരങ്ങളും തൊഴിൽ പരിശീലനത്തിനുള്ള പതിനായിരം അവസരങ്ങളും സൃഷ്​ടിക്കുമെന്നാണ്​ തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുള്ളത്​. തൊഴിലവസരങ്ങളിൽ ചിലത്​ നിലവിൽ ജോലി ചെയ്യുന്നവർക്ക്​ പകരമുള്ള നിയമനമാണ്​.