മസ്‌കറ്റ്: ഒമാനിൽ 285 തടവുകാർക്ക് മോചനം. ഇതിൽ 118 പേരും വിദേശികളാണ്. സുൽത്താൻ ഹൈതം ബിൻ താരിക് ഒമാനിൽ അധികാരമേറ്റതിന്റെ ആദ്യ വാർഷികത്തോടനുബന്ധിച്ചാണ് തടവുകാർക്ക് മോചനം പ്രഖ്യാപിച്ചത്. 118 വിദേശികൾ ഉൾപ്പെടെ 285 തടവുകാർക്ക് മോചനം നൽകികൊണ്ട് ഒമാൻ ഭരണാധികാരി ഉത്തരവ് പുറപ്പെടുവിച്ചു.

കഴിഞ്ഞ ജനുവരി 11നാണ് സുൽത്താൻ ഖാബൂസിന്റെ പിൻ​ഗാമിയായി ഹൈതം ബിൻ താരിക് ഒമാന്റെ ഭരണാധികാരിയായത്. ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് ബിൻ സയിദിന്റെ മരണത്തെ തുടർന്ന് അമ്മാവന്റെ മൂത്തമകനായ അസദ് ബിൻ താരിഖ് അധികാര കസേരയിൽ എത്തുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. വിദേശകാര്യ വിദഗ്ധനാണ് ഹൈതം. ഇതിനൊപ്പം ഉന്നത വിദ്യാഭ്യാസവും നേടിയിട്ടുണ്ട്. രാജ്യ പുരോഗതിക്ക് ഇത് രണ്ടും തുണയാകുമെന്ന വിലയിരുത്തലിലാണ് നിയമനം.

രാജകുടുംബത്തിലെ സയ്യിദ് താരിഖ് ബിൻ തൈമൂർ അൽ സൈദിന്റെ മൂന്നു മക്കളിൽ ആരെങ്കിലും ഒരാൾ ഭരണാധികാരിയാകും എന്നാണ് കരുതപ്പെട്ടിരുന്ന്. ആദ്യ മകനായ അസദ് ബിൻ താരിഖ് ഉപപ്രധാനമന്ത്രിയായിരുന്നു. 2017ലായിരുന്നു ഇദ്ദേഹം ഉപപ്രധാനമന്ത്രിയാത്. അതുകൊണ്ട് തന്നെ അസദിന് സാധ്യത കൽപ്പിച്ചു. തൈമുറിന്റെ മറ്റൊരു മകൻ ഷിഹാബ് റിട്ടയേഡ് നാവിക കമാൻഡറാണ്. മൂന്നാമത്തെ മകനാണ് ഹൈസം. സാംസ്‌കാരിക വകുപ്പു മന്ത്രിയായിരുന്നു ഹൈതം. പ്രായക്കുറവാണ് ഹൈതത്തിന് തുണയായത്. ഒമാനെ കൂടുതൽ ഉയരത്തിലേക്ക് നയിക്കാൻ ഹൈതത്തിന് കഴിയുമെന്ന് ഏവരും വിലയിരുത്തി. ഇതാണ് തുണയായത്. ഖാബുസിന്റെ പിൻഗാമിയെ കുറിച്ച് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. അവിവാഹിതനായ ഖാബൂസിന് മക്കളില്ലാത്തതായിരുന്നു ഇതിന് കാരണം.