ന്യൂഡൽഹി: ദോഹയിൽ വച്ചുനടന്ന ഇന്ത്യ- താലിബാൻ പ്രതിനിധികളുടെ കൂടിക്കാഴ്ചയെ വിമർശിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ ആബ്ദുള്ള. താലിബാൻ ഭീകര സംഘടനയെങ്കിൽ ഇന്ത്യ എന്തിനാണ് അവരുമായി ചർച്ച നടത്തുന്നതെന്ന് ഒമർ ചോദിച്ചു. വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിലാണ് കൂടിക്കാഴ്ചയ്ക്കെതിരെ ഒമർ ചോദ്യങ്ങളുന്നയിച്ചത്.

'താലിബാൻ ഒരു ഭീകരസംഘടനയാണെങ്കിലും അല്ലെങ്കിലും നിങ്ങൾ എങ്ങനെയാണ് അവരെ കണക്കാക്കുന്നതെന്ന് ദയവായി വ്യക്തമാക്കുക. അവർ ഭീകരരാണെങ്കിൽ എന്തിന് അവരുമായി സംസാരിക്കണം? അല്ലെങ്കിൽ നിങ്ങൾ ഐക്യരാഷ്ട്രസഭയുടെ ഭീകര സംഘടനാ പട്ടികയിൽ നിന്ന് താലിബാനെ നീക്കം ചെയ്യുമോ? ആദ്യം തീരുമാനം ഉറപ്പിക്കുക', കേന്ദ്ര സർക്കാരിനെ വിമർശിച്ചുകൊണ്ട് ഒമർ അബ്ദുള്ള പറഞ്ഞു.

താലിബാൻ നേതാവ് ഷേർ മുഹമ്മദ് അബ്ബാസും ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തലും തമ്മിൽ ദോഹയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അഫ്ഗാനിസ്താനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷയും മടക്കയാത്രയും സംബന്ധിച്ചായിരുന്നു ചർച്ച.