തിരുവനന്തപുരം: കർണാടകയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലും അതീവ ജാഗ്രത. അതിതീവ്ര വ്യാപന ശേഷിയുള്ള വകഭേദമായതിനാൽ കൂടുതൽ ശക്തമായ പ്രതിരോധം വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി.

കേന്ദ്ര സർക്കാർ നൽകിയ നിർദേശങ്ങൾ അനുസരിച്ച് സംസ്ഥാനം എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. നിലവിൽ 26 രാജ്യങ്ങൾ ഹൈറിസ്‌ക് പട്ടികയിലുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും 7 ദിവസം ക്വാറന്റൈനും നിർബന്ധമാക്കും. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ളവർ പോസിറ്റീവ് ആയാൽ അവരെ ഐസോലേറ്റഡ് വാർഡിലേക്ക് മാറ്റും.

മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർ പോസിറ്റീവ് ആയാൽ വീട്ടീൽ ക്വാറന്റൈനിൽ ഇരിക്കാവുന്നതാണ്. പക്ഷെ ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം. വിമാനത്താവളങ്ങളിൽ ആരോഗ്യപ്രവർത്തകരെ സജ്ജരാക്കിയിട്ടുണ്ട്. നിലവിൽ ഹൈറിസ്‌ക് ഉള്ള ആളുകൾ കേരളത്തിലില്ല. നിലവിലുള്ള പ്രാഥമികമായ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം.

അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസാണ് ഒമൈക്രോൺ. വാക്സിൻ എടുത്തവർക്ക് രോഗത്തിന്റെ തീവ്രത കുറവാണ് എന്നാണ് നിലവിലുള്ള റിപ്പോർട്ടുകൾ. വാക്സിൻ തന്നെയാണ് നിലവിലുള്ള ഏറ്റവും മികച്ച പ്രതിരോധം. രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവർ എത്രയും പെട്ടെന്ന് എടുക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.