ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ കടുപ്പിക്കാൻ കേന്ദ്രസർക്കാർ. നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും വാക്‌സിനേഷൻ തോതും വർധിപ്പിക്കാനാണ് സംസ്ഥാന സർക്കാരുകൾക്ക് നൽകിയ നിർദ്ദേശം. 

ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ പുനരാലോചിക്കുന്നു. അന്താരാഷ്ട്ര വിമാനസർവീസ് ഉപാധികളോടെ ഡിസംബർ 15-ന് പുനരാരംഭിക്കുമെന്ന് വെള്ളിയാഴ്ചയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ കേന്ദ്രം പുനരാലോചന നടത്തുന്നത്.

ഇതിനിടെ അന്താരാഷ്ട്ര വിമാനയാത്രക്കുള്ള മാർഗനിർദ്ദേശം ആരോഗ്യ മന്ത്രാലയം പുതുക്കി. 14 ദിവസത്തെ യാത്രാവിവരങ്ങളുടെ സത്യവാങ്മൂലം എയർ സുവിധ പോർട്ടലിൽ നൽകണം. യാത്രക്ക് 72 മണിക്കൂർ മുമ്പ് എടുത്ത ആർടിപിസിആർ റിപ്പോർട്ട് സമർപ്പിക്കണം. കോവിഡ് വ്യാപനമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ സ്വന്തം ചെലവിൽ പരിശോധന നടത്തണം. കോവിഡ് പരിശോധനാഫലം വരാതെ പുറത്തുപോകാൻ പാടില്ല. നെഗറ്റീവായാലും ഏഴ് ദിവസം ക്വാറന്റീൻ നിർബന്ധം. പോസിറ്റീവായാൽ ജിനോം സ്വീകൻസിങ്ങും ഐസൊലേഷനും വേണം. ഡിസംബർ ഒന്ന് മുതൽ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരും.

അതേ സമയം രോഗ വ്യാപനം, വാക്‌സിന്റെ ഫലപ്രാപ്തി എന്നിവ സംബന്ധിച്ച പരിശോധനകൾ തുടരുകയാണെന്നും വാക്‌സീൻ വിതരണത്തെ പുതിയ സാഹചര്യം ബാധിക്കരുതെന്നും ഐ.സി.എം.ആർ നിർദ്ദേശിച്ചു.ഒമൈക്രോൺ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ രാജ്യങ്ങളെ ''അറ്റ് റിസ്‌ക്'' പട്ടികയിൽ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രധാന നിർദ്ദേശങ്ങൾ ഇവ:

ഒമിക്രോൺ വകഭേദം കണ്ടെത്തിയ രാജ്യങ്ങളെ 'അപകട സാധ്യതയുള്ള' രാജ്യങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തുകയും അവിടെ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുടെ തുടർനടപടികൾ കൂടുതൽ ഊർജിതമാക്കുകയും വേണം.

കർശന നിയന്ത്രണങ്ങളും ശക്തമായ നിരീക്ഷണവും ആവശ്യം. വാക്‌സിനേഷൻ തോത് വർധിപ്പിക്കാനും, കോവിഡ് അനുയോജ്യമായ പെരുമാറ്റം ഉറപ്പുവരുത്താനും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

രാജ്യാന്തര വിമാനങ്ങളിലെത്തുന്ന യാത്രക്കാരുടെ മുൻകാല യാത്രാ വിവരങ്ങൾ ലഭിക്കുന്നതിന് റിപ്പോർട്ടിങ് സംവിധാനം നിലവിലുണ്ട്. ഈ സംവിധാനം സംസ്ഥാന തലത്തിൽ അവലോകനം ചെയ്യണം.

വിപുലമായ പരിശോധനാ സൗകര്യങ്ങൾ ഒരുക്കുക. ചില സംസ്ഥാനങ്ങളിൽ മൊത്തത്തിലുള്ള പരിശോധനയും ആർടിപിസിആർ പരിശോധനകളുടെ അനുപാതവും കുറഞ്ഞതായി കണ്ടെത്തി. ശരിയായ പരിശോധനയില്ലെങ്കിൽ യഥാർഥ അളവ് നിർണയിക്കാൻ ബുദ്ധിമുട്ടാണ്.

ഹോട്‌സ്‌പോട്ടുകളിലും സമീപകാലത്ത് പോസിറ്റീവ് കേസുകൾ കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങളിലും തുടർച്ചയായ നിരീക്ഷണം ആവശ്യമാണ്. ഹോട്‌സ്പോട്ടുകളിൽ വിപുലമായ പരിശോധനയ്‌ക്കൊപ്പം എല്ലാ പോസിറ്റീവ് സാംപിളുകളും ജീനോം സീക്വൻസിങ്ങിനായി നിയുക്ത ലാബുകളിലേക്ക് അയയ്ക്കണം.

എല്ലാ സംസ്ഥാനങ്ങളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെ നിലനിർത്താൻ ശ്രമിക്കുക. രോഗം ആരംഭത്തിൽ തന്നെ തിരിച്ചറിയാൻ പരിശോധനകളുെട എണ്ണവും ആർടിപിസിആർ പരിശോധനകളും വർധിപ്പിക്കുക.

ചികിത്സ നൽകുന്നതിൽ കാലതാമസം ഒഴിവാക്കാൻ സംസ്ഥാനത്തിലുടനീളം ആരോഗ്യ സൗകര്യങ്ങളുടെ മതിയായ ലഭ്യത ഉറപ്പാക്കുക.

സർക്കാർ നൽകുന്ന സാമ്പത്തിക സഹായം പരമാവധി ഉപയോഗിക്കാനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം.

സംസ്ഥാനങ്ങൾ പൊതുജനങ്ങളിൽനിന്നുള്ള സാംപിളിങ് ഗണ്യമായി വർധിപ്പിക്കുക. രാജ്യത്ത് വ്യാപിക്കുന്ന വകഭേദങ്ങൾ നിരീക്ഷിക്കാൻ ഇന്ത്യൻ സാർസ്‌കോവ്2 ജീനോമിക്‌സ് കൺസോർഷ്യം സ്ഥാപിച്ചു. വൈറസിന്റെ ജീനോമിക് വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള മൾട്ടി-ലബോറട്ടറി, മൾട്ടി-ഏജൻസി, പാൻ-ഇന്ത്യ നെറ്റ്‌വർക്ക് ആണിത്.