ലണ്ടൻ: ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തുകയും വിവിധ രാജ്യങ്ങളിലേക്ക് പടരുകയും ചെയ്ത ഒമിക്രോൺ കോവിഡ് വകഭേദത്തിന് വളരെ ഉയർന്ന വ്യാപനശേഷിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഭയപ്പാടിലാണ് ലോകം. രാജ്യാതിർത്തികൾ വീണ്ടും കൊട്ടിയടയ്ക്കപ്പെടുമോ എന്ന ആശങ്കയാണ് നിലനിൽക്കുന്നത്.

ഒമിക്രോൺ കണ്ടെത്തിയതിന് പിന്നാലെ നിരവധി രാജ്യങ്ങളാണ് ആഫ്രിക്കയിലേക്ക് വിമാന സർവീസുകൾ നിർത്താൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ ഒമിക്രോൺ കോവിഡ് വകഭേദം ഉണ്ടായതിനെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ പുറത്ത് വരുകയാണ്.

ദീർഘകാലമായി എയ്ഡ്‌സ് ബാധിച്ച രോഗിയിൽ നിന്നുമാണ് ഒമൈക്രോൺ വേരിയന്റ് ആദ്യമായി പുറത്ത് വന്നിട്ടുള്ളതെന്ന സംശയം പ്രകടിപ്പിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ. പുതിയ കോവിഡ് വകഭേദത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം നൽകുന്നത്.

രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ കോവിഡ് രോഗാണുക്കൾ ശരീരത്ത് നീണ്ടകാലം നിലനിൽക്കാറുണ്ട്. ഇവരിൽ വൈറസുകൾക്ക് വകഭേദങ്ങൾ സംഭവിക്കുന്നതിനും തെളിവുകൾ അനവധിയാണ്. ശരീരത്തിൽ ആന്റിബോഡികൾ നിർമ്മിക്കാനാവാതെ വീണ്ടും വൈറസ് സ്വയം ആവർത്തിക്കുമ്പോഴാണ് വ്യതിയാനങ്ങൾ ഉണ്ടാവുന്നത്.

കൊറോണ വൈറസിന്റെ കാര്യത്തിൽ ഇത് ശരീരത്തിനുള്ളിൽ മാത്രമേ സംഭവിക്കൂ, കോശങ്ങൾക്ക് പുറത്ത് സംഭവിക്കാറില്ല. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന്റെ അഭാവത്തിൽ ഏറെക്കാലം അണുബാധ നിലനിൽക്കും, അത്തരക്കാരുടെ ശരീരത്തിൽ വകഭേദങ്ങൾ സൃഷിടിക്കുവാനുള്ള അനുയോജ്യമായ അന്തരീക്ഷം ഉണ്ടാവുകയും ചെയ്യും.

ഈ വർഷം ഫെബ്രുവരിയിൽ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കോവിഡ് പോസിറ്റീവ് ആയി 102 ദിവസത്തിന് ശേഷം മരണമടഞ്ഞ രോഗിയിൽ ഇത്തരത്തിൽ നിരവധി തവണ വൈറസിന് വ്യതിയാനം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ലിംഫോമയ്ക്കുള്ള കീമോതെറാപ്പിക്ക് വിധേയനായിരുന്ന എഴുപത് വയസിന് മുകളിൽ പ്രായമുള്ള രോഗിയായിരുന്നു ഇത്.

ലിംഫ് സിസ്റ്റത്തിന്റെ കോശങ്ങളിലോ ശരീരത്തിന്റെ രോഗ പ്രതിരോധ ശൃംഖലയിലോ ആരംഭിക്കുന്ന ക്യാൻസറാണ് ലിംഫോമ. ക്യാൻസർ ബാധിതരായവരിൽ, പ്രത്യേകിച്ച് ദീർഘകാല കീമോതെറാപ്പി നടത്തിയിട്ടുള്ളവരിൽ കോവിഡ് വൈറസിന് ഏറെനാൾ അതിജീവിക്കാൻ കഴിയും.

കോറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനു വളരെ ഉയർന്ന വ്യാപനശേഷിയുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം 16 രാജ്യങ്ങളിലായി കേസുകൾ 200 കവിഞ്ഞതായാണ് റിപ്പോർട്ട് ദക്ഷിണാഫ്രിക്കയിലാണ് ഏറ്റവും കൂടുതൽ രോഗികൾ. കായികതാരങ്ങൾക്ക് അടക്കം രോഗം ബാധിച്ചത് ആശങ്ക ഉയർത്തുന്നുണ്ട്.

പോർച്ചുഗലിൽ ഫുട്‌ബോൾ ക്ലബ്ബിലെ 13 പേർക്കും സ്‌കോട്ലൻഡിൽ വിദേശയാത്ര നടത്തിയിട്ടില്ലാത്ത 6 പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചു. ഇസ്രയേലിനു പിന്നാലെ ജപ്പാനും മൊറോക്കോയും വിദേശികളെ വിലക്കി അതിർത്തി അടച്ചു. ഓസ്‌ട്രേലിയ വിമാനവിലക്ക് ഡിസംബർ 15 വരെ നീട്ടി. ഇന്തൊനീഷ്യ ഹോങ്കോങ്ങിൽ നിന്നുള്ള യാത്രക്കാരെയും വിലക്കിയിരുന്നു.

അതേ സമയം ഒമിക്രോൺ വകഭേദത്തിനെതിരെ ബൂസ്റ്റർ ഷോട്ടുകൾ നൽകുന്നതു സാധ്യമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനാവാല വ്യക്തമാക്കി. കോവിഷീൽഡിന്റെ ഒരു പതിപ്പ് തന്നെ ഒമിക്രോണിനെതിരെ ഉപയോഗിക്കാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇക്കാര്യത്തിൽ പരിശോധനകൾ നടന്നുവരികയാണെന്നും പുതിയ വകഭേദത്തെക്കുറിച്ചു കൂടുതൽ മനസ്സിലായ ശേഷം തീരുമാനമെടുക്കുമെന്ന് അദാർ പൂനാവാല ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഓക്‌സ്ഫഡിലെ ശാസ്ത്രജ്ഞരും ഗവേഷണങ്ങൾ തുടരുകയാണ്. അവരുടെ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ആറു മാസക്കാലയളവിലേക്കുള്ള ബൂസ്റ്റർ വാക്‌സീൻ അവതരിപ്പിക്കും. ഒമിക്രോൺ വകഭേദത്തിന് പ്രത്യേക വാക്‌സീൻ അത്യാവശ്യമല്ലെന്നും അദാർ പൂനാവാല അവകാശപ്പെട്ടു. കോവിഷീൽഡിന്റെ ഗുണമേന്മ മികച്ചതാണ്. ബൂസ്റ്റർ ഡോസുകൾ ആവശ്യമായി വന്നാൽ, ആവശ്യമുള്ളത്രയും വാക്‌സീൻ കമ്പനി ഉണ്ടാക്കുമെന്നും നിലവിലുള്ള അതേ വിലയിൽ വാക്‌സീൻ നൽകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കമ്പനിയുടെ കൈവശം ലക്ഷക്കണക്കിന് ഡോസ് സ്റ്റോക്കുണ്ട്. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നീക്കിവച്ച വാക്‌സീനുണ്ട്. സർക്കാർ ബൂസ്റ്റർ ഡോസുകൾ നൽകണമെന്നു പ്രഖ്യാപിച്ചാൽ ആവശ്യത്തിനു സ്റ്റോക്ക് കയ്യിലുണ്ട്. ഒരു ഡോസ് പോലും എടുക്കാത്ത ആൾക്ക് അതു നൽകാനും, ആദ്യ ഡോസ് എടുത്തയാൾക്കു രണ്ടാം ഡോസ് ഉറപ്പാക്കുന്നതിനുമാണ് ഇപ്പോൾ പരിഗണന. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ആദ്യ പടി എല്ലാവർക്കും രണ്ടു ഡോസ് നൽകുകയെന്നതാണ്. സർക്കാരും ഇക്കാര്യത്തിൽതന്നെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.