ലണ്ടൻ: രോഗവ്യാപനതോത് 400 ശതമാനത്തിലധികം ഉയർന്ന ദക്ഷിണാഫ്രിക്കയിൽ പക്ഷെ കോവിഡ് രൂക്ഷമായി ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയവരിൽ 87 ശതമാനം പേരും വാക്സിൻ എടുക്കാത്തവരാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അതിന്റെ തുടർച്ചയെന്നോണം ഫൈസറിന്റെ സഹസ്ഥാപകൻ കൂടിയായ ഡൊ. ഉഗുർ സാഹിൻ സ്ഥിരീകരിക്കുകയാന്, വാക്സിന്റെ രണ്ട് ഡോസുകളും എടുത്തവരെ ഓമിക്രോൺ ഗുരുതരമായി ബാധിക്കുകയില്ലെന്ന്.

വാക്സിനുകളെ കബളിപ്പിക്കുവാനുള്ള കഴിവ് ഈ വകഭേദത്തിനുണ്ടെങ്കിൽ അത് ആന്റിബോഡികൾക്ക് എതിരെ മാത്രമാണ്. എന്നാൽ, ശരീരത്തിന്റെ പ്രതിരോധത്തിന്റെ ഒരു രണ്ടാം നിരയുണ്ട്, രോഗം ഗുരുതരമാകാതെ സൂക്ഷിക്കുന്ന പ്രതിരോധ സംവിധാനം. ടി കോശങ്ങൾ എന്നറിയപ്പെടുന്ന ഇവയെ കബളിപ്പിക്കാൻ ഓമിക്രോണി് കഴിയില്ല. അതുകൊണ്ടു തന്നെ ശരീരത്തിൽ പ്രവേശിക്കുന്ന വൈറസ് ശരീരത്തിനുള്ളിൽ വെച്ചു തന്നെ നിർവീര്യമാക്കപ്പെടും. വാക്സിനേഷൻ എടുത്തവരിൽ രണ്ടാം നിര പ്രതിരോധശേഷിയും കൂടുതലായിരിക്കും എന്നും ഡോ. സാഹിൻ പറഞ്ഞു.

അതേസമയം ബ്രിട്ടനിൽ കോവിഡ് വ്യാപനം സാവധാനം കുറയുവാൻ തുടങ്ങിയതായ സൂചനകൾ പുറത്തുവന്നു. ഇന്നലെ ബ്രിട്ടനിൽ 39,716 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യംചെയ്യുമ്പോൾ 6.5 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. ഓമിക്രോണിന്റെ സാന്നിദ്ധ്യം എട്ടുപേരിൽ സ്ഥിരീകരിച്ചിട്ടും ഇത് തുടർച്ചയായ നാലാം ദിവസമാണ് രോഗവ്യാപന തോത് കുറയുന്നത്.

അതുപോലെ കോവിഡ് മരണനിരക്കിലും നേരിയതായിട്ടാണെങ്കിലും കുറവ് വന്നിട്ടുണ്ട്. 159 കോവിഡ് മരണങ്ങളാണ് ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്‌ച്ചയിലേതിനേക്കാൾ 3.6 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. സമാനമായ രീതിയിൽ ചികിത്സ തേടി ആശുപത്രികളിലെത്തുന്ന കോവിഡ് രോഗികളുടേ എണ്ണത്തിലും കുറവുണ്ടാകുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 6.1 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഒരാഴ്‌ച്ചകൊണ്ട് ഉണ്ടായിട്ടുള്ളത്.

18 വയസ്സിനു മുകളിലുള്ളവർക്കെല്ലാം ബൂസ്റ്റർ ഡോസ് നൽകുമെന്ന് ബോറിസ് ജോൺസൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. ബൂസ്റ്റർ ഡോസ് പദ്ധതിയിൽ സൈന്യത്തെയും സഹകരിപ്പിക്കുമെന്ന് പറഞ്ഞ ജോൺസൻ ജി പി മർക്ക് ഒരു വാക്സിന് 15 പൗണ്ട് വീതം അധികമായി നൽകുമെന്നും അറിയിച്ചു. അതുകൂടാതെ ഞായറാഴ്‌ച്ച ദിവസങ്ങളിൽ ജി പി മാർ എടുക്കുന്ന ഓരോ വാക്സിനും 5 പൗണ്ട് വീതം ബോണസ് ലഭിക്കും. അതുപോലെ അപകട സാദ്ധ്യത കൂടുതൽ ഉള്ള വിഭാഗത്തിൽ പെടുന്നവർ, വീടുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്തവരാണെങ്കിൽ അവരുടേ വീടുകൾ സന്ദർശിച്ച് നൽകുന്ന ഓരോ വാക്സിനും 30 പൗണ്ട് വീതം ബോണസും ജി പി മാർക്ക് ലഭിക്കും.

വേതനം നൽകി 10,000 വാക്സിൻ വോളന്റിയേഴ്സിനെ കൂടി സർക്കാർ നിയമിക്കുകയാണ്. അവർക്കൊപ്പം ആയിരക്കണക്കിന് സന്നദ്ധസേവകരും ഈ വാക്സിൻ പദ്ധതിയിൽ സജീവമായി പങ്കാളികളാകും. എന്നാൽ, ഇതുകാരണം കോവിഡേതര രോഗികൾക്ക് ജി പി മാരുമായി നേരിട്ടു കാണാനുള്ള അവസരങ്ങളായിരിക്കും നഷ്ടമാവുക. ഇപ്പോൾ തന്നെ ഇത്തരത്തിലുള്ള കൂടിക്കാഴ്‌ച്ചകൾ, കോവിഡ് പൂർവ്വ കാലത്തേതിനെ അപേക്ഷിച്ച് 20 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്.