തിരുവനന്തപുരം: കനത്ത മഞ്ഞിലും തണുപ്പിലും രാജ്യത്തെ കർഷകർ ദിവസങ്ങളായി നടത്തിവരുന്ന പ്രക്ഷോഭം കണ്ടില്ലെന്നു നടിക്കുന്ന മോദി ഭരണകൂടം തീക്കളിയാണ് നടത്തുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി. പതിനായിരക്കണക്കിന് കർഷകരാണ് ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിൽ തമ്പടിച്ചിരിക്കുന്നത്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർക്കു പുറമെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർകൂടി എത്തുന്നതോടെ 'ഡൽഹി ചലോ മാർച്ച്' കർഷകസാഗരമായി മാറും.

കർഷകർ ഡൽഹിയിൽ എത്താതിരിക്കാൻ സർക്കാർ പരമാവധി തടസങ്ങൾ ഉണ്ടാക്കി. എല്ലാ റോഡുകളും ബ്ലോക്ക് ചെയ്തു. കർഷകർക്കു നേരേ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. റോഡുനീളെ മുൾവേലി ഉയർത്തി. 9 സ്റ്റേഡിയങ്ങൾ ജയിലാക്കി അതിലടയ്ക്കാൻ ശ്രമിച്ചു. യുദ്ധസമാനമായ അന്തരീക്ഷമാണ് കേന്ദ്രസർക്കാർ സൃഷ്ടിച്ചത്

ഹം ഹോംഗെ കാമ്യാബ് (അതിജീവിക്കും നമ്മൾ) എന്ന മുദ്രാവാക്യം തൊണ്ടകീറി പാടിയാണ് കർഷകർ രാത്രികളെ അതിജീവിക്കുന്നത്. ട്രാക്ടർ വെളിച്ചത്തിൽ അവർ ഭക്ഷണം പാകം ചെയ്യുന്നു. ഇവരെ സഹായിക്കാൻ ആയിരക്കണക്കിന് സ്ത്രീകളും എത്തി. ആറുമാസം വരെ പ്രക്ഷോഭം നയിക്കാനുള്ള കരുത്തുമായാണ് കർഷകർ ഡൽഹിയിലുള്ളത്.

കർഷകരെ കേൾക്കാൻ മോദി ഭരണകൂടം തയാറാകുന്നില്ല. കർഷകരുടെ രക്ഷയ്ക്കുവേണ്ടിയാണ് കേന്ദ്രസർക്കാർ കാർഷിക നിയമം കൊണ്ടുവന്നത് എന്ന് പ്രധാനമന്ത്രി മൻ കീ ബാത്തിൽ ആവർത്തിച്ചു. അതു കർഷകർക്കു ബോധ്യപ്പെടേണ്ടേ? അല്ലെങ്കിൽ ചർച്ചയിലൂടെ അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കണം.

കഴിഞ്ഞ സെപ്റ്റംബർ 17ന് പാർലമെന്റ് പാസാക്കിയ 3 കർഷക നിയമങ്ങളാണ് കർഷകരെ പ്രക്ഷോഭത്തിലേക്ക് വലിച്ചെറിഞ്ഞത്. ഇവ കർഷകതാത്പര്യങ്ങൾ ഹനിക്കുന്നതാണെന്ന് കർഷകർ വിശ്വസിക്കുന്നു.

'ജയ്ജവാൻ ജയ്കിസാൻ' എന്നത് ലാൽ ബഹദൂർ ശാസ്ത്രിയിലൂടെ ഇന്ത്യവിളിച്ച മുദ്രാവാക്യമാണ്. എന്നാൽ, കർഷകവിരോധമാണ് ഈ സർക്കാരിന്റെ മുഖമുദ്രയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.