തിരുവനന്തപുരം: ഇടതുസർക്കാർ വിഭാവനം ചെയ്ത സിൽവർ ലൈൻ റെയിൽപാതയ്ക്ക് നീതി ആയോഗ് അനുമതി നിഷേധിക്കുകയും പദ്ധതിക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്ത പശ്ചാത്തലത്തിൽ യുഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച സബർബൻ റെയിൽ പദ്ധതിയിലേക്ക് ഉടനടി മടങ്ങിപ്പോകണമെന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചെലവു കുറഞ്ഞതും പ്രായോഗികവുമായ സബർബൻ റെയിൽ പദ്ധതിയുമായി ഇടതുസർക്കാർ മുന്നോട്ടുപോയിരുന്നെങ്കിൽ അത് ഇതിനോടകം യാഥാർത്ഥ്യമാകുമായിരുന്നു.

സിൽവർ ലൈനിന്റെ പദ്ധതിച്ചെലവ് 65,000 കോടിക്കു പകരം 1.33 ലക്ഷം കോടി രൂപയാകുമെന്നും സ്ഥലമെടുപ്പിന് കിലോമീറ്ററിന് 120 കോടി രൂപയ്ക്കു പകരം 370 കോടി രൂപയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് നീതി ആയോഗ് പദ്ധതിയുടെ രൂപരേഖയ്ക്ക് അനുമതി നിഷേധിച്ചത്. മർമപ്രധാനമായ കാര്യങ്ങളിൽപ്പോലും മനസിരുത്താതെ തയാറാക്കിയ തികച്ചും അപ്രായോഗികമായ പദ്ധതിയാണിത്. റെയിൽവെ ബോർഡ്, ധനകാര്യ മന്ത്രാലയും, പരിസ്ഥിതി മന്ത്രാലായം എന്നിവയുടെ അനുമതിയില്ല. സംസ്ഥാന റവന്യൂവകുപ്പിനെ ഒഴിവാക്കി നടത്തുന്ന സ്ഥലമെടുപ്പിനെതിരേ വ്യാപകമായ പ്രതിഷേധം ഉയർന്നു കഴിഞ്ഞു.

2013ലാണ് യുഡിഎഫ് സർക്കാരും ഇന്ത്യൻ റെയിൽവേയും ചേർന്ന് സംയുക്ത സംരംഭം എന്ന നിലയിൽ സബർബൻ റെയിൽ പദ്ധതി ആവിഷ്‌കരിച്ചത്. നിലവിലുള്ള റെയിൽവെ ലൈനിലെ സിഗ്നനുകൾ ആധുനികവത്കരിച്ച് നടപ്പാക്കാൻ കഴിയുന്നതാണ് പദ്ധതി. ഇരട്ടപ്പാത പൂർത്തിയായ ചെങ്ങന്നൂർ വരെയുള്ള 125 കിലോമീറ്ററിന് 1200 കോടിയാണ് മതിപ്പ് ചെലവ്. 600 കിലോമീറ്ററിന് മൊത്തം 12,000 കോടി രൂപ ചെലവിൽ കേന്ദ്രവും കേരളവും പപ്പാതി ചെലവു വഹിക്കണം. കേരളത്തിന്റെ മുടക്ക് പരമാവധി 6,000 കോടിയാണ്. റെയിൽവെ പദ്ധതിയിലെ ഏറ്റവും വലിയ വെല്ലുവിളിയായ സ്ഥലമെടുപ്പ് ഈ പദ്ധതിയിലില്ല.

വി എസ് അച്യുതാനന്ദർ സർക്കാരിന്റെ കാലത്ത് 2009ൽ പ്രഖ്യാപിച്ച കേരള ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ താങ്ങാനാവാത്ത ചെലവും (1,27,000 കോടി രൂപ) സ്ഥലമെടുപ്പിനെതിരേ ഉയർന്ന പ്രതിഷേധവും പരിഗണിച്ചാണ് യുഡിഎഫ് സബർബൻ പദ്ധതിയിലേക്കു തിരിഞ്ഞത്.

ഇടതുസർക്കാർ ഹൈസ്പീഡ് പദ്ധതിയെ പൊടിതട്ടിയെടുത്താണ് അർധഅതിവേഗ സിൽവർ ലൈൻ പദ്ധതി രൂപീകരിച്ചത്. ഇതിന് തിരുവനന്തപുരം മുതൽ തിരൂർ വരെ പുതിയ ലൈനും തിരൂർ മുതൽ കാസർകോഡുവരെ സമാന്തരലൈനുമാണ് വേണ്ടത്. ഇതിന്റെ ഡിപിആർ ഉണ്ടാക്കാൻ മാത്രം 30 കോടി രൂപ ചെലവഴിച്ചു. റെയിൽവെ പദ്ധതികൾക്കായി കേരള റെയിൽ ഡവല്പമെന്റ് കോർപറേഷൻ രൂപീകരിക്കുകയും പാർട്ടിക്കാരെ കുടിയിരുത്തുകയും ചെയ്തു. സ്ഥലമെടുപ്പിനെതിരേ പലയിടത്തും സിപിഎമ്മിന്റെ നേതൃത്വത്തിൽപോലും പ്രതിഷേധം ഉയരുന്നുണ്ട്.

അമിതമായ സാമ്പത്തിക ബാധ്യതയും സ്ഥലമെടുപ്പിലെ വെല്ലുവിളിയും കണക്കിലെടുത്ത് ഇനിയെങ്കിലും സാമ്പത്തിക ബാധ്യത കുറഞ്ഞതും സ്ഥലമെടുപ്പ് ഇല്ലാത്തതും പ്രായോഗികവുമായ സബർബൻ ട്രെയിൻ പദ്ധതിയിലേക്കു തിരിച്ചുപോകണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.