തിരുവനന്തപുരം: ലോട്ടറി വകുപ്പിന്റെ തിരുവോണം ബംപർ ടിക്കറ്റ് നറുക്കെടുപ്പിന് പിന്നാലെ ഒന്നാം സമ്മാനക്കാരനായ ഭാഗ്യശാലിയെ തേടുമ്പോഴും യഥാർത്ഥ ഭാഗ്യശാലി സംസ്ഥാന സർക്കാർ തന്നെയെന്ന് കണക്കുകൾ പറയുന്നു.

ഒന്നാം സമ്മാനമായ 12 കോടി രൂപ TE 645465 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫിസിൽ വിതരണം ചെയ്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മുരുകേശ് തേവർ എന്ന ഏജന്റ് തൃപ്പൂണിത്തുറയിൽ വിറ്റ ടിക്കറ്റാണെന്നാണ് വിവരം. രണ്ടാം സമ്മാനം TA945778, TB 265947, TC 537460, TD 642007 എന്നീ ടിക്കറ്റുകൾക്കാണ്.

12 കോടി രൂപയിൽ 10 ശതമാനം ഏജന്റ് പ്രൈസും കമ്മിഷനും, ആദായ നികുതിയും കിഴിച്ച് 7.39 കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിച്ച വ്യക്തിക്കു ലഭിക്കുക. തിരുവനന്തപുരം ഗോർക്കി ഭവനിൽ നടന്ന നറുക്കെടുപ്പിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാലാണ് വിജയിയെ തെരഞ്ഞെടുത്തത്.

ഒന്നാം സമ്മാനത്തിന് അർഹമായ ലോട്ടറി വിറ്റത് തൃപ്പൂണിത്തുറയിലെന്ന് ലോട്ടറി ഏജന്റ് മുരുകേഷ് തേവർ അറിയിച്ചു. തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസിന്റെ കൗണ്ടറിൽ നിന്ന് ഒറ്റ ടിക്കറ്റായാണ് ഇത് വിറ്റുപോയത്.

ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന മാക്‌സിമം ടിക്കറ്റുകൾ തന്നെ അച്ചടിച്ചു എന്നതാണ് ഈ വർഷത്തെ ഓണം ബമ്പറിന്റെ പ്രത്യേകത. അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ വർഷം 44 ലക്ഷം ടിക്കറ്റുകൾ മാത്രമാണ് വിൽക്കാൻ കഴിഞ്ഞത്.

ഇത്തവണ അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റപ്പോൾ ലോട്ടറി വകുപ്പിന് ലഭിച്ചത് 126 കോടി രൂപയാണ്.ഏകദേശം 3 കോടി രൂപയാണ് സമ്മാന അർഹർക്ക് ലോട്ടറി വകുപ്പ് നൽകേണ്ടി വരിക

സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഓണം ബംപറിനായി 2019 മുതൽ ഒന്നാം സമ്മാനമായി നൽകുന്നത്. രണ്ടാം സമ്മാനം ആറു പേർക്ക് ഒരു കോടി രൂപവീതം ലഭിക്കും.

മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേർക്കും നാലാം സമ്മാനം അഞ്ചു ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയായിരുന്നു ടിക്കറ്റ് വില.

അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്ക് ലഭിക്കും. അവസാന നാലക്കത്തിന് ആറാം സമ്മാനമായി 5000 രൂപ, എഴാം സമ്മാനം 3000 രൂപ, എട്ടാം സമ്മാനം 2000 രൂപ, ഒൻപതാം സമ്മാനം 1000 രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം 5 പേർക്ക് ലഭിക്കും.