തിരുവനന്തപുരം: കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അടക്കം ജിയോ ബഹിഷ്‌ക്കരിക്കണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാൽ ഇത്തരം ബഹിഷ്‌ക്കരണ ആഹ്വാനങ്ങളൊന്നും ജിയോയ്ക്ക് ക്ഷീണമാകില്ലെന്നാണ് പുറത്തുവരുന്ന വിവരം. ജിയോയ്ക്ക് കേരള സർക്കിളിൽ ഒരു കോടിയിലധികം വരിക്കാരാണ് ഉള്ളത്. കോവിഡ് കാലത്തടക്കം വലിയ നേട്ടമാണ് ജിയോ സ്വന്തമാക്കിയത്.

കോവിഡ് കാലത്ത് ജിയോയ്ക്ക് കൂടുതൽവരിക്കാരെ നേടാനായത് ജിയോയുടെ മുന്നേറ്റത്തിന് തെളിവായി മാറി. വീട്ടിലിരുന്ന് ജോലിചെയ്യുന്ന സാഹചര്യവും വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസും ജിയോ ഇൻഫോകോമിന് തുണയായി. നാലുവർഷംകൊണ്ടാണ് ഇത്രയും വരിക്കാരെ ജിയോയ്ക്ക് നേടാനായത്.

അടച്ചിടൽകാലത്ത് പൊതുജനങ്ങളുടെ നിർദേശപ്രകാരം വിവിധ സ്ഥലങ്ങളിൽ കണക്ടിവിടിയെത്തിക്കുന്നതിന് താൽക്കാലിക ടവറുകൾ സ്ഥാപിച്ചു. ഡാറ്റാ സ്ട്രീമിങ് നൽകുന്നതിന് നിലവിലുള്ള നെറ്റ്‌വർക്കുകൾ ഒപ്റ്റിമൈസ് ചെയ്യുകയുമുണ്ടായി. വൈകാതെ 5ജി സേവനം നൽകാനൊരുങ്ങുകയാണ് കമ്പനി. ഗൂഗിളുമായിചേർന്ന് വിലകുറഞ്ഞ 5ജി സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

അതിനിടെ റിലയൻസ് ഉൽപ്പന്നങ്ങൽ ബഹിഷ്‌കരിക്കുമെന്ന കർഷകരുടെ പ്രഖ്യാപനത്തിന് പിന്നാലെ ടെലികോം കമ്പനികൾക്കെതിരെ പരാതിയുമായി ജിയോ രംഗത്തെത്തി. കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങൾ ജിയോയ്ക്ക് ഉപകാര പ്രദമാണെന്ന പ്രചാരണം നടത്തുന്നു എന്നാരോപിച്ച് എയർടെല്ലിനും വോഡഫോൺ ഐഡിയയ്ക്കും എതിരെയാണ് പരാതി. തെറ്റിദ്ധാരണ പരത്തുന്നു എന്നാരോപിച്ചാണ് മുകേഷ് അംബാനിയുടെ ജിയോ ട്രായിയെ സമീപിച്ചിരിക്കുന്നത്.

കാർഷിക മേഖലയെ സ്വകാര്യ വൽക്കാരിക്കാനുള്ള നീക്കങ്ങളിൽനിന്നും പിന്മാറി കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി ജിയോ സിം ഒഴിവാക്കുമെന്നും റിലയൻസ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുമെന്നും കർഷകർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധിപ്പേർ ജിയോ സിം ഒഴിവാക്കുകയാണെന്ന് അറിയിച്ചിരുന്നു. ഇതോടെയാണ് മറ്റ് കമ്പനികൾക്കെതിരെ പരാതിയുമായി ജിയോ രംഗത്തെത്തിയിരിക്കുന്നത്.

തങ്ങളോട് മത്സരിക്കുന്ന മറ്റ് കമ്പനികൾ അസ്സന്മാർഗ്ഗികമായ പ്രചരണം ആരംഭിച്ചിരിക്കുകയാണെന്നാണ് ജിയോ ട്രായിക്ക് നൽകിയ പരാതിയിൽ പറയുന്നത്. 'ജിയോ സിമ്മിൽനിന്നും മറ്റ് നെറ്റ് വർക്കുളിലേക്ക് പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് ദിനം പ്രതി വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഉപഭോക്താക്കളാരും ജിയോ സർവ്വീസുമായി ബന്ധപ്പെട്ട് യാതൊരു പരാതിയും നൽകിയിട്ടുമില്ല', ജിയോ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

എയർടെൽ, വോഡഫോൺ ഐഡിയ എന്നിവർ നടത്തുന്ന വ്യാജ പ്രചാരണങ്ങളുടെ പേരിൽ ജിയോ സെപ്റ്റംബറിൽ പരാതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് രാജ്യത്തിന്റെ ഉത്തരേന്ത്യൻ കർഷകർ പ്രക്ഷോഭത്തെ മുതലെടുത്ത് കമ്പനികൾ ജിയോക്കെതിരെ പ്രചരണം നടത്തുന്നതെന്നും പരാതിയിൽ പറയുന്നു. ജിയോയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് പരാതിയോട് എയർടെല്ലിന്റെ പ്രതികരണം. ആരോപണത്തെ തള്ളി വോഡഫോൺ ഐഡിയയും രംഗത്തെത്തിയിട്ടുണ്ട്.