തൊടുപുഴ: അറക്കുളം മൂന്നുങ്കവയൽ പാലത്തിൽനിന്ന് ഓടിക്കൊണ്ടിരുന്ന കാർ കുത്തൊഴുക്കിൽപെട്ട് ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന യുവാവും യുവതിയും മരിച്ചു. യുവതിയുടെ മൃതദേഹം കണിയാൻ തോട്ടിൽ നിന്നാണ് വീണ്ടെടുത്തത്. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്ന് പിന്നീടു നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

തൊടുപുഴ രജിസ്റ്റ്രേഷനിലുള്ള കാറാണ് ഒഴുക്കിൽപ്പെട്ടത്. മുകളിൽനിന്ന് ഒലിച്ചുവന്ന മലവെള്ളത്തിന് ഇടയിൽപ്പെട്ട കാർ മുന്നങ്കവയലിന് സമീപമുള്ള സുരക്ഷാ ഭിത്തിയിൽ ഇടിച്ചുനിന്നു. മലവെള്ളത്തിന്റെ ശക്തിയിൽ സുരക്ഷാ ഭിത്തി തകർത്ത് കാറും യാത്രികരും ഒലിച്ചുപോകുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. തൊടുപുഴയിലും സമീപപ്രദേശങ്ങളിലും ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.

അതേ സമയം പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്ക് മുന്നിൽ കെഎസ്ആർടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തിൽ മുങ്ങിയത്. ഇവിടെ ഒരാൾ പൊക്കത്തോളം വെള്ളമാണ് ഉണ്ടായിരുന്നത്. ബസിൽ ഉണ്ടായിരുന്നവരെ പ്രദേശവാസികൾ ചേർന്ന് പുറത്തിറക്കി.



കോട്ടയത്ത് ശക്തമായ മഴ തുടരുകയാണ്. മലയോരമേഖലയിലും നഗരത്തിലും കനത്ത മഴയാണ് തുടരുന്നത്. ചരിത്രതിലാദ്യമായി കാഞ്ഞിരപ്പള്ളി ടൗണിലടക്കം ഇക്കുറി വെള്ളം കേറി. കാഞ്ഞിരപ്പിള്ളിയിൽ മലവെള്ളപ്പാച്ചിൽ മൂലം ആളുകൾ കുടുങ്ങി കിടക്കുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനായി ജില്ലാ ഭരണകൂടം വ്യോമസേനയുടെ സഹായം തേടി.

പത്തനംതിട്ടയുടെ കിഴക്കൻ മേഖലകളിലും കനത്ത മഴ തുടരുകയാണ്. കക്കി, ആനത്തോട്, മൂഴിയാർ അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ ആരംഭിച്ച മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിലാണ്. എന്നാൽ പമ്പയിലും മണിമലയാറ്റിലും കാര്യമായി ജലനിരപ്പുയർന്നിട്ടില്ല എന്നതാണ് ആശ്വാസകരം. ഉച്ചയോടെ മഴയ്ക്ക് അൽപം ശക്തിക്ഷയം സംഭവിച്ചതും ആശ്വാസമായി.