കൊച്ചി: തിയറ്ററുകൾ അടഞ്ഞുകിടക്കുന്നതിനാൽ സിനിമാവ്യവസായത്തിന്റെ നട്ടെല്ലൊടിക്കുന്ന പ്രതിസന്ധിയാണ് കോവിഡ് കാലം. എന്നാൽ ഈ പ്രതിസന്ധിക്കിടയിൽ മലയാള സിനിമ കണ്ടെത്തിയ ഒരു പുതിയ സാധ്യത ഓവർ ദി ടോപ്പ് പ്ലാറ്റ്‌ഫോമുകളാണ്. സൂഫിയും സുജാതയും എന്ന ചിത്രത്തിൽ നിന്ന് ആരംഭിച്ച് ദൃശ്യം 2, ജോജി എന്നിവയിൽ എത്തിനിൽക്കുന്ന ഒടിടി ഡയറക്റ്റ് റിലീസ്, കൂടാതെ തിയറ്ററിൽ റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളും മലയാളത്തിൽ നിന്ന് ഇപ്പോൾ മുൻനിര ഒടിടി പ്ലാറ്റ്‌ഫോമുകൾ വാങ്ങുന്നുണ്ട്. ആ നിരയിലേക്ക് ഏറ്റവും പുതുതായി എത്തുന്നത് മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത പൊളിറ്റിക്കൽ ത്രില്ലർ ചിത്രം 'വൺ' ആണ്.

കോവിഡ് ആദ്യ തരംഗത്തിനു മുൻപായി ഭൂരിഭാഗവും ചിത്രീകരിച്ച വണ്ണിന്റെ റിലീസ് പക്ഷേ ഒരു വർഷക്കാലത്തോളം മുടങ്ങിയിരുന്നു. മാർച്ച് 26നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ഒരു മാസത്തിന് ഇപ്പുറമാണ് ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ളിക്‌സിൽ 27നാണ് ചിത്രം പ്രദർശനത്തിനെത്തുക. 'വണ്ണി'നു മുൻപ് തിയറ്ററുകളിലെത്തിയ മറ്റൊരു മമ്മൂട്ടി ചിത്രമായ 'ദി പ്രീസ്റ്റ്' ആമസോൺ പ്രൈമിൽ അടുത്തിടെ റിലീസ് ചെയ്യപ്പെട്ടിരുന്നു.

ഒരു കാലത്ത് മലയാള ചിത്രങ്ങളോട് മുഖം തിരിച്ചിരുന്ന ഒടിടി പ്ലാറ്റ്‌ഫോമുകൾ ആ നിലപാട് മാറ്റിയിരിക്കുന്നത് മലയാളസിനിമയ്ക്ക് ഏറെ പ്രതീക്ഷ പകരുന്ന കാര്യമാണ്. ദൃശ്യം 2, ജോജി എന്നീ ചിത്രങ്ങൾ പാൻ ഇന്ത്യൻ തലത്തിൽ നേടിയ വൻ പ്രേക്ഷക സ്വീകാര്യത ഒടിടിയിൽ മലയാളസിനിമയ്ക്ക് വരാനിരിക്കുന്ന വലിയ അവസരങ്ങളുടെ തുടക്കമാണെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.