തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കുൾ വിദ്യാർത്ഥികൾക്ക് നടത്തുന്ന ഓൺലൈൻ ക്ലാസുകളിലേക്ക് പുറത്ത് നിന്നുള്ളവരുടെ നുഴഞ്ഞ് കയറ്റം വർധിക്കുന്നതായി പരാതി. സൈബർ പൊലീസിൽ പരാതി ലഭിച്ചതുകൊല്ലം ജില്ലയിൽ മാത്രമാണെങ്കിലും സംസ്ഥാനത്തെ മറ്റ് ജില്ലകളിലും സമാന സംഭവങ്ങൾ വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ.

തൃശ്ശൂർ ജില്ലയിൽ മൂന്ന്, കോഴിക്കോട് എട്ട്, കണ്ണൂരിൽ രണ്ട്, തിരുവനന്തപുരത്ത് നാല് എന്നിങ്ങനെ സ്‌കൂളുകളിൽനിന്ന് ഇത്തരം പരാതികൾ ഉണ്ടായിട്ടുണ്ട്. മറ്റ് ചില ജില്ലകളിൽ ഓരോ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കൊല്ലം ഒഴികേയുള്ള ജില്ലകളിൽ പ്രശ്നം സൈബർ വിദഗ്ധരെ അറിയിച്ച് പരിഹാരം തേടുകയാണുണ്ടായത്.

ഈ വർഷം സംഭവങ്ങൾ പുറത്ത് വന്നതോടെയാണ് കഴിഞ്ഞ തവണയും സമാനസംഭവങ്ങൾ ഉണ്ടായിരുന്നുവെന്ന വിവരം പുറംലോകമറിയുന്നത്.സംസ്ഥാനത്ത് ഇത്തരത്തിൽ 18 പരാതികൾ വിവിധ സ്‌കൂളുകളിൽനിന്ന് ഉണ്ടായിരുന്നു. സ്‌കൂളുകളിൽതന്നെ ഇത് ഒതുക്കിത്തീർക്കുകയായിരുന്നു. സംഭവങ്ങൾ ആവർത്തിച്ചതോടെ സ്‌കുളുകൾക്കും വിദ്യാർത്ഥികൾക്കും ജാഗ്രത നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് പൊലീസ്

ഓൺലൈൻ ക്ലാസിനായി കുട്ടികൾക്ക് നൽകുന്ന മീറ്റിങ് ലിങ്ക് ചോരുന്നതാണ് നുഴഞ്ഞുകയറ്റത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഒരു കുട്ടിയുടെയും ഒരു അദ്ധ്യാപികയുടെയും വാട്സ്ആപ്പിലേക്ക് സ്പൈവേറായി സന്ദേശം അയച്ച് ലിങ്ക് ചോർത്തിയെടുത്ത സംഭവവും ഉണ്ടായി. ഇതോടെ സ്‌കൂൾ അധികൃതർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് നിർദേശിക്കുകയാണ് സർക്കാർ.

സംസ്ഥാനത്ത് 80 ശതമാനം സ്‌കൂളുകളിലും ലൈവ് ക്ലാസുകൾ തുടങ്ങിക്കഴിഞ്ഞു. അതിൽ 90 ശതമാനവും ഉപയോഗിക്കുന്നത് ഗൂഗിൾ മീറ്റാണ്. മൈക്രോസോഫ്റ്റ് ടീംസ്, വെബെക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവരും ഉണ്ട്.ക്ലാസിനുള്ള ലിങ്കുകൾ ആർക്കും കൈമാറരുതെന്ന് കുട്ടികൾക്ക് കർശന നിർദ്ദേശം നൽകണം. ഒരു സ്‌കൂളിലെ നിശ്ചിത ക്ലാസിലെ കുട്ടികളുടെ ഐ.ഡി.കൾ ഷെഡ്യൂൾചെയ്തുവെയ്ക്കാനുള്ള സംവിധാനം ഗൂഗിൾ മീറ്റിലുണ്ട്.

രണ്ടുമാസം വരെ ഈ ലിങ്കിന് വാലിഡിറ്റിയും ഉണ്ടാവും. ഇങ്ങനെ ഷെഡ്യൂൾ ചെയ്യുമ്പോൾ കുട്ടിക്ക് ക്ലാസ് സമയത്ത് നേരിട്ട് പ്രവേശിക്കാം. ഷെഡ്യൂൾ ചെയ്തവരുടെ കൂട്ടത്തിലില്ലാത്ത ആൾ വരുമ്പോൾ പ്രവേശനാനുമതി ചോദിക്കും. അത് നിഷേധിച്ചാൽ മതിയാവും.ഇതിനൊപ്പം ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകളെക്കുറിച്ച് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നല്ല ധാരണ ഉണ്ടാവണം. സ്‌കൂളുകളുടെ ആവശ്യകതയ്ക്ക് അനുസരിച്ച് സുരക്ഷ ഒരുക്കുന്നതാവും ഉചിതം. കുട്ടികളുടെ എണ്ണം, ഡിവിഷനുകളുടെ എണ്ണം എന്നിവകൂടി കണക്കിലെടുത്ത് കസ്റ്റമൈസ് ചെയ്യാൻ കഴിയുമെന്നും ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.