കൊൽക്കത്ത: മരിച്ച ഒരാളുടെ ബീജത്തിന് വിധവയ്ക്ക് മാത്രമേ അവകാശമുള്ളൂ എന്ന് കോടതി. കൊൽക്കത്ത ഹൈക്കോടതിയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. മരിച്ചുപോയ മകന്റെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ബീജം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജിയിലാണ് കോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസ് സബ്യസാച്ചി ബട്ടാചാര്യയുടേതാണ് വിധി.

2020 മാർച്ചിൽ പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അവരുടെ മരുമകൾ അവർക്ക് ബീജം ലഭിക്കാൻ അനുമതി നൽകാൻ വിസമ്മതിക്കുക മാത്രമല്ല, അവരുടെ അപേക്ഷ അംഗീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു എന്നായിരുന്നു പരാതി. ആശുപത്രി ബീജ ബാങ്കുമായുള്ള കരാറിന്റെ കാലഘട്ടത്തിൽ ബീജം നശിപ്പിക്കപ്പെടുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്താൽ "അവർക്ക് അവരുടെ കുലം നഷ്ടപ്പെടും" എന്ന് പിതാവ് ഭയപ്പെട്ടു. എന്നാൽ, മരിച്ചുപോയത് ഹർജിക്കാരന്റെ ഏകമകൻ മാത്രമാണെങ്കിലും ബീജത്തിന് അവകാശി മകന്റെ ഭാര്യ മാത്രമാണെന്ന് കൊൽക്കത്ത ഹൈക്കോടതി വ്യക്തമാക്കി.

ശീതീകരിച്ച നിലയിലുള്ള ബീജം ശേഖരിക്കാൻ അനുമതി തേടിയാണ് പിതാവ് കോടതിയെ സമീപിച്ചത്. മകന്റെ ബീജത്തിൻ മേൽ പിതാവിന് മൗലിക അവകാശങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി. താലസീമിയ രോഗിയായിരുന്ന മകൻ ബീജം ശീതീകരിച്ച് സൂക്ഷിച്ചിരുന്നു. ഡൽഹിയിലെ ഒരു ആശുപത്രിയിലായിരുന്നു ഇത്. തനിക്കുള്ള അസുഖം നിമിത്തം ഭാവിയിലേക്ക് ഉപയോഗിക്കാനായി ആയിരുന്നു ഈ നടപടി.

വിവാഹത്തിന് ശേഷമാണ് യുവാവ് മരിക്കുന്നത്. ഏകമകന്റെ വിയോഗത്തോടെ കുലം അറ്റുപോകുമെന്ന ഭീതിയിൽ ആശുപത്രിയെ സമീപിച്ച് പിതാവ് മകന്റെ ബീജം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മരിച്ച യുവാവിന്റെ ഭാര്യയുടെ പക്കൽ നിന്നും എൻഒസി ഇല്ലാതെ ഇതിന് അനുവദിക്കില്ലെന്നായിരുന്നു ആശുപത്രിയുടെ നിലപാട്. ഇതിനായി മരുമകളുടെ സമ്മതപത്രം ഹർജിക്കാരൻ തേടിയെങ്കിലും യുവതി നൽകിയില്ല. ഇതോടെയാണ് ഇയാൾ കോടതിയെ സമീപിച്ചത്. ഹർജിക്കാരൻ ഇത്തരമൊരു ആവശ്യവുമായി സമീപിച്ചില്ലെന്നാണ് യുവതിയുടെ വക്കീൽ വിശദമാക്കുന്നത്. ഭർത്താവിന്റെ ബീജത്തിന്റെ അവകാശം ഭാര്യയ്ക്ക് ആണെന്ന് വ്യക്തമാക്കിയ കോടതി ഹർജിക്കാരന്റെ അപേക്ഷയെ അനുഭാവത്തോടെ കാണണമെന്ന് യുവതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശരീരത്തിൽ അനിയന്ത്രിതമായി ഹീമോഗ്ലോബിൻ രൂപപ്പെടുന്ന അസുഖമായിരുന്നു മരിച്ചു പോയ യുവാവിന്. ഡൽഹി ആശുപത്രിയിലായിരുന്നു ചികിത്സ. വിദഗ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ 2015ലാണ് മകൻ വിവാഹം കഴിച്ചതെന്ന് അച്ഛന്റെ ഹർജിയിൽ പറയുന്നു. ഡൽഹി സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് എടുത്ത യുവാവ് കല്യാണത്തിന് ശേഷം പശ്ചിമബംഗാളിലേക്ക് പോയി. അവിടെ കോളജിൽ പഠിപ്പിക്കുന്നതിനിടെയാണ് മകൻ മരിച്ചത്.