തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സർക്കാരിന്റെ ഗുരുതരമായ വീഴ്ചകൊണ്ട് 2500 ഓളം സൗജന്യ എംബിബിഎസ് സീറ്റുകൾ നഷ്ടപ്പെടുത്തിയെന്ന് അ​ദ്ദേഹം ആരോപിച്ചു. സ്വാശ്രയ മെഡിക്കൽ ഫീസ് കുത്തനെ ഉയർത്തിയതും വിദ്യാർത്ഥികൾക്ക് തിരിച്ചടിയായെന്ന് അ​​ദ്ദേഹം പറഞ്ഞു. സർക്കാർ സീറ്റുകൾ നഷ്ടപ്പെട്ടതുമൂലം നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് നേടിയ പാവപ്പെട്ട വീടുകളിലെ കുട്ടികളും സ്വാശ്രയ മെഡിക്കൽ കോളജുകളിലെ താങ്ങാനാവാത്ത ഫീസ് നല്‌കേണ്ടി വരുമെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

500 ലധികം സീറ്റുകളാണ് ഓരോ വർഷവും നഷ്ടപ്പെട്ടതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. 2011-12 വർഷങ്ങളിൽ പ്രഖ്യാപിച്ചതും സ്ഥലവും, പണവും കണ്ടെത്തി നിർമ്മാണം തുടങ്ങുകയും ചെയ്ത കാസർഗോഡ്, വയനാട്, ഇടുക്കി, കോന്നി, തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കൽ കോളജ് എന്നിവ ഇനിയും തുടങ്ങാത്തതു മൂലമാണ് സൗജന്യ സർക്കാർ സീറ്റുകൾ നഷ്ടപ്പെട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാശ്രയ മെഡിക്കൽ ഫീസ് യുഡിഎഫ് കാലത്ത് ഒന്നേകാൽ ലക്ഷം രൂപ ആയിരുന്നത് ഇപ്പോൾ ഏഴു ലക്ഷമായി. ഇരുപത് ലക്ഷമാക്കാൻ നീക്കം നടക്കുമ്പോൾ കനത്ത ഫീസ് കണ്ടെത്താൻ മാതാപിതാക്കൾ കിടപ്പാടം പണയപ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിന്നാക്ക പ്രദേശങ്ങളിൽ ആരോഗ്യ സേവനം ലഭ്യമാക്കുകയും കൂടുതൽ പേർക്ക് സർക്കാർ ഫീസിൽ മെഡിക്കൽ പഠനം സാധ്യമാക്കുകകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുമാണ് എല്ലാ ജില്ലകളിലും സർക്കാർ മെഡിക്കൽ കോളജ് സ്ഥാപിക്കാൻ 2011ൽ അന്നത്തെ സർക്കാർ തീരുമാനിച്ചത്. അത് ഇടതുസർക്കാർ അട്ടിമറിക്കുകയാണ് ചെയ്തതെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

യുഡിഎഫ് സർക്കാർ അധികാരമേറ്റെടുത്ത 2011ൽ അഞ്ച് മെഡിക്കൽ കോളജുകളിലായി 850 സീറ്റുകൾ ആയിരുന്നത് 2015 ആയപ്പോൾ പത്ത് മെഡിക്കൽ കോളജുകളിലായി 1350 സീറ്റായാണ് വർദ്ധിച്ചത്. 2016ൽ തിരുവനന്തപുരം ജനറൽ ആശുപത്രിയോടനുബന്ധിച്ച മെഡിക്കൽ കോളജിന് അനുമതിയും ലഭിച്ചിരുന്നു. അതുകൂടി ചേർത്താൽ 1450 സർക്കാർ മെഡിക്കൽ സീറ്റുകൾ അന്ന് ലഭ്യമായിരുന്നു. ഇടതുസർക്കാർ അധികാരമേറ്റതോടെ സീറ്റ് 1300 ആയി കുറഞ്ഞു. കേന്ദ്രസർക്കാർ 10 ശതമാനം സീറ്റ് വർധന അനുവദിച്ചതുകൊണ്ട് ഇപ്പോൾ 1555 സീറ്റുണ്ട്. രണ്ടായിരത്തിനു മുകളിൽ സീറ്റ് ഉണ്ടാകേണ്ടതാണ്.

ഇടുക്കി മെഡിക്കൽ കോളജ് 2015ൽ ആരംഭിക്കുകയും നിയമനം വരെ നടത്തുകയും ചെയ്‌തെങ്കിലും 2017ന് ശേഷം തുടർ അംഗീകാരം നഷ്ടമായി. തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കൽ കോളജ് 2015ൽ തന്നെ കെട്ടിടനിർമ്മാണവും പൂർത്തിയാക്കി അദ്ധ്യാപകരെയും നിയമിച്ച് 100 സീറ്റിന് മെഡിക്കൽ കൗൺസിൽ പ്രാഥമിക അനുമതിയും ലഭിച്ചതാണ്. എന്നാൽ, ഇടതുസർക്കാർ ഇത് ഉപേക്ഷിച്ചു. കോന്നി, കാസർഗോഡ്, വയനാട് മെഡിക്കൽ കോളജുകളുടെ നിർമ്മാണത്തിന് സ്ഥലം കണ്ടെത്തുകയും നബാർഡ് ഫണ്ട് നേടിയെടുക്കുകയും ചെയ്താണ്.

മഞ്ചേരി മെഡിക്കൽ കോളജ് 2013ലും പാലക്കാട് 2014ലും പ്രവർത്തിച്ച് തുടങ്ങി. പാരിപ്പള്ളി ഇഎസ്‌ഐ മെഡിക്കൽ കോളജും കൊച്ചി, പരിയാരം സഹകരണ മെഡിക്കൽ കോളജുകളും ഏറ്റെടുത്തു. പുതിയ മെഡിക്കൽ കോളജുകൾക്കായി മാത്രം ലക്ഷങ്ങൾ ശമ്പളം നൽകി സ്‌പെഷ്യൽ ഓഫീസറെയും മറ്റ് അനുബന്ധ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ഇവർക്ക് കോടിക്കണക്കിന് രൂപയാണ് ഓരോ വർഷവും ചെലവഴിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.