തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി നിയുക്ത കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. തന്റെ പ്രവർത്തനങ്ങൾ ഉമ്മൻ ചാണ്ടി പൂർണ പിന്തുണ പ്രഖ്യാപിച്ചെന്ന് സുധാകരൻ പറഞ്ഞു. മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുമെന്ന് കഴിഞ്ഞദിവസം കെ സുധാകരൻ പറഞ്ഞിരുന്നു.

'പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് ജനാധിപത്യ മാർഗത്തിലൂടെ ശക്തമായി തിരിച്ചുവന്ന ചരിത്രമാണ് കോൺഗ്രസിനുള്ളത്. താഴെ തട്ട് മുതലുള്ള കൃത്യമായ മാറ്റങ്ങളിലൂടെ ഈ പ്രതിസന്ധിയെ നമ്മൾക്ക് തരണം ചെയ്യാൻ സാധിക്കും. കോൺഗ്രസിനെയും യുഡിഎഫിനെയും വിജയത്തിലേക്കു നയിക്കാൻ കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ സ്വീകരിക്കുന്ന നടപടികൾക്ക് തന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.' എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുധാകരൻ ഫേസ്‌ബുക്കിൽ കുറിച്ചു.

സുധാകരനെ അധ്യക്ഷ സ്ഥാനത്തേക്ക് നിയമിച്ച എഐസിസി നടപടിയിൽ എ,ഐ ഗ്രൂപ്പുകൾക്ക് വിയോജിപ്പുണ്ടായിരുന്നു. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പേര് നിർദേശിച്ചിരുന്നില്ല. ഹൈക്കമാൻഡ് തീരുമാനം മുഴുവൻ കോൺഗ്രസുകാരും പൂർണമായും അംഗീകരിക്കുമെന്നും അതിൽ ഗ്രൂപ്പ് വിവേചനമില്ലെന്നും ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.