തിരുവനന്തപുരം: സോളാർ കേസിൽ തനിക്കറിയാവുന്ന ര​​ഹസ്യങ്ങൾ മറ്റുചിലരെ വേദനിപ്പിക്കുന്നതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അതിനാലാണ് ആ രഹസ്യങ്ങൾ താൻ വെളിപ്പെടുത്താത്തതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബാർ- സോളാർ കേസുകളിൽ സത്യം കൂടുതൽ വ്യക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

'സോളാർ കേസിലെ പുതിയ വെളിപ്പെടുത്തലിനോട് ഒന്നും തോന്നുന്നില്ല. അന്നും ഇന്നും വലിയ പ്രതീക്ഷയോ ബുദ്ധിമുട്ടോ ഉണ്ടായിട്ടില്ല. ഇനിയും കാര്യങ്ങൾ പുറത്തു വരാൻ കിടക്കുന്നു. നാളെ എല്ലാക്കാര്യങ്ങളും പുറത്തു വരുമെന്ന പ്രതീക്ഷയുണ്ട്. കേസിൽ എനിക്കറിയാവുന്ന രഹസ്യങ്ങൾ മറ്റു ചിലരെ വേദനിപ്പിക്കുന്നതാണ്, അതിനാലാണ് വെളിപ്പെടുത്താതിരിക്കുന്നത്. എല്ലാം നല്ലത് സംഭവിക്കും എന്നാണ് വിശ്വാസം. ബാർ കോഴ, സോളാർ കേസുകൾ വീണ്ടും ചർച്ച ചെയ്യും തോറും സത്യം കൂടുതൽ വ്യക്തമാകും. സത്യമല്ലാത്തൊരു കാര്യം ശാശ്വതമായി നിലനിൽക്കില്ല.'

ഒരാളെ കുറ്റപ്പെടുത്തുന്ന കാര്യത്തിൽ ഞാൻ പുറകിലാണ്. വേട്ടയാടപ്പെടുന്ന അവസരത്തിലും നാളെ സത്യം പുറത്തുവരുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. ആ ഒരു വിശ്വാസത്തിലാണ് നിന്നത്. ഇത് ഒരു പുതുമയുള്ള കാര്യമായി കരുതുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. എന്നോട് പറഞ്ഞ കാര്യങ്ങൾ ഞാൻ വെളിപ്പെടുത്തുമ്പോൾ അതിൽ വേദനിക്കുന്ന ചിലരുണ്ട്. ഞാൻ ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് അത് പറയുന്നില്ല. ആരോപണവുമായി ബന്ധപ്പെട്ട് ഒന്ന് രണ്ട് ശതമാനം കൂടി വന്നാലേ അത് നൂറ് ശതമാനമാകുകയുള്ളൂ' എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഏത് വിഷയത്തിലാണ് കാര്യങ്ങൾ പുറത്തുവരാനുള്ളത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കാത്തിരിക്കൂ എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി.

തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് യുഡിഎഫ് സർക്കാർ നൽകിയതിനപ്പുറത്ത് അധികാരങ്ങൾ ഈ സർക്കാർ നൽകിയിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി‌‌. ഉള്ള അധികാരങ്ങൾ വെട്ടിക്കുറക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 'കേരള സർക്കാരിന് നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ല. പരസ്യങ്ങളിൽ മാത്രമാണ് നേട്ടം. സ്വജന പക്ഷപാതവും അഴിമതിയുമാണ് നടന്നത്. ജനങ്ങൾക്ക് നേട്ടമൊന്നുമുണ്ടായില്ല. പകരം പിൻവാതിൽ നിയമനങ്ങൾ വർധിച്ചു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പ്രകടനത്തിൽ ജനങ്ങൾ അസംതൃപ്തരാണ്. ഇതിനുള്ള പ്രതികരണം ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. അതീവ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുന്നത്'

'പാലാരി വട്ടം പാലം 30% പൂർത്തിയായത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. പൂർണമായ പരിശോധനകൾ നടത്താത തിടുക്കത്തിൽ ഉദ്ഘാടനം ചെയ്തതാണ് പ്രശ്‌നങ്ങൾക്ക് കാരണം. നടപടി ക്രമങ്ങൾ പാലിച്ചല്ല പാലം പൊളിച്ചത്. പാലത്തിൽ ബലക്ഷയ പരിശോധന നടത്തിയിട്ടില്ല. ' കെ.എസ്.എഫ്.ഇ നല്ല സ്ഥാപനമാണ്. കിഫ്ബിയുടെ തിരിച്ചടവ് സംബന്ധിച്ച് കൂടുതൽ വ്യക്തത വേണം. വികസനത്തിന് പണം കടമെടുക്കുന്നതിൽ തെറ്റില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.