തിരുവനന്തപുരം: തിരുവനന്തപുരത്തെ തുറന്ന ജയിലിൽ നിന്ന് തടവു ചാടിയത് ഏഴു വർഷം മുൻപ് തിരുവനന്തപുരം പ്രിൻസിപ്പൾ കോടതി വധശിക്ഷ വിധിച്ച പ്രതി ഉൾപ്പെടെ രണ്ട് കൊടും കുറ്റവാളികൾ , പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയേയും മറ്റൊരു ജീവപര്യന്തം തടവുകാരനേയും ഓപ്പൺ ജയിലിൽ എത്തിച്ചത് കോവിഡ് മറയാക്കിയായിരുന്നു. ചുറ്റുമതിലോ നിയന്ത്രണങ്ങളോ ഇല്ലാത്ത തുറന്ന ജയിലിൽ പാർപ്പിച്ചിരിക്കുന്നത് എഴുപത്തഞ്ചോളം കൊടും കുറ്റവാളികളെ ആണെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ പ്രതികളുടെ തടവു ചാട്ടത്തിൽ ജയിൽ അധികൃതർക്ക് ബന്ധമുണ്ടോയെന്നും സംശയം ഉയരുകയാണ്.

ഇന്നലെ വൈകുന്നേരമാണ് കൊടും കുറ്റവാളികളായ പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി രാജേഷ്, മറ്റൊരു കൊലക്കേസ് പ്രതിയായ ശ്രീനിവാസൻ എന്നിവർ രക്ഷപ്പെട്ടത്. കോവിഡ് പടർന്ന് പിടിച്ചപ്പോൾ ഓപ്പൺ ജയിലിലെ സ്ഥിരം തടവുകാർക്ക് പരോൾ നൽകിയതിനെ തുടർന്നുണ്ടായ പ്രതി സന്ധി പരിഹരിക്കാനാണ് തടവുകാരുടെ സ്വഭാവമോ നല്ല നടപ്പോ പരിഗണിക്കാതെ 75 ഓളം തടവുകാരെ നെട്ടുകാൽത്തേരി ഓപ്പൺ ജയിലിൽ എത്തിച്ചത്. ജയിൽ വകുപ്പിനെ നയിക്കുന്നത് ഡിജിപിയായ ഋഷിരാജ് സിംഗാണ്. എന്നിട്ടും ഇത്തരം വീഴ്ചകൾ എങ്ങനെ ഉണ്ടായി എന്നതാണ് ഉയരുന്ന ചോദ്യം.

കൃഷിയും മൃഗപരി പാലനവുമാണ് ചുമതല. പുറം ലോകവുമായി ദിവസവും ബന്ധപ്പെടാൻ കഴിയുന്ന ഈ തടവുകാർക്ക് രക്ഷപ്പെടാൻ ജയിലിനുള്ളിൽ നിന്നും പുറത്തു നിന്നും സഹായം ലഭിച്ചിരിക്കാമെന്നാണ് നിഗമനം. അര്യ കൊലപാതക കേസിൽ 7 വർഷം മുൻപ് വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയെയടക്കം ഇത്ര ലാഘവമായി ജയിൽ അധികൃതർ കൈകാര്യം ചെയ്തത് വിമർശനത്തിന് ഇടവെച്ചിട്ടുണ്ട് . സാധാരണ ഗതിയിൽ തുറന്ന ജയിലിലേക്ക് ഒരു തടവുകാരനെ മാറ്റണമെങ്കിൽ അയാളുടെ സ്വഭാവം , കേസ് , പെരുമാറ്റം ഇതെല്ലാം പഠന വിധേയമാക്കിയ ശേഷമാണ് നടപടി സ്വീകരിക്കുന്നത്.എന്നാൽ ഈ പ്രതിയുടെ കാര്യത്തിൽ അതുണ്ടായില്ല. ഇത് ദുരൂഹമാണ്.

ചാടിപ്പോയ പ്രതികൾക്കായി ജയിൽ അധികൃതരും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവർ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കാനും പൊലീസ് നിർദ്ദേശം നൽകി. തിരുവനന്തപുരം വട്ടപ്പാറയിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ്പ്രതിയായ ഓട്ടോ ഡ്രൈവർ രാജേഷിന് 2013 ൽ വധശിക്ഷ വിധിച്ചത്.

പ്രതിക്കെതിരെ മോഷണം, ബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മാനഭംഗത്തിന് ജീവപര്യന്തം തടവും മോഷണക്കുറ്റത്തിന് പത്ത് വർഷം തടവും കൊലപാതകത്തിന് വധശിക്ഷയും വിധിക്കുകയായിരുന്നു. കേസ് അപൂർവങ്ങളിൽ അപൂർവമായി പരിഗണിച്ച് പ്രതിക്ക് കർശന ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ബി. സുധീന്ദ്രകുമാർ വിധി പ്രസ്താവിച്ചത്. ഹീനമായ കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്ന് കോടതി രാവിലെ തന്നെ നിരീക്ഷിച്ചിരുന്നു. കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ കോടതി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

തനിക്ക് 30 വയസായിട്ടേ ഉള്ളുവെന്നും ഭാര്യയും അമ്മയും മകളുമുണ്ടെന്നും മാനസാന്തരത്തിന് അവസരം നൽകണമെന്നുമുള്ള പ്രതിയുടെ അപേക്ഷ കോടതി തള്ളി. പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും നിയമം അനുശാസിക്കുന്ന അങ്ങേയറ്റത്തെ ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. 2012 മാർച്ചിലാണ് പത്താംക്ലാസുകാരി കൊല്ലപ്പെട്ടത്. മാർച്ച് ആറിന് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുത്ത് വേറ്റിനാട്ടെ വീട്ടിൽ ഇരിക്കവെ രാജേഷിന്റെ ഓട്ടോറിക്ഷയുടെ മുന്നിലെ വീൽ റോഡുവക്കിലെ കുഴിയിൽ വീഴുകയും തുടർന്ന് ഓട്ടോ പൊക്കുന്നതിന് പത്താംക്ലാസുകാരിയും കൂട്ടുകാരികളും പ്രതിയെ സഹായിക്കുകയും ചെയ്തു.

തുടർന്ന് വീട്ടിൽ കുട്ടി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ പ്രതി സ്‌ക്രൂ ഡ്രൈവർ വാങ്ങാനെന്ന വ്യാജനേ വീടിനകത്തുകയറുകയും കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കുട്ടിയുടെ കഴുത്തിൽ കിടന്ന സ്വർണമാല ഊരിയെടുത്തശേഷം അടുത്തുള്ള സ്വകാര്യ ബാങ്കിൽ വ്യാജപേരിൽ പണയം വച്ച് കാശ് കൈക്കലാക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവം നടന്ന് മൂന്നുമാസത്തിനുള്ളിൽ തന്നെ അന്വേഷണ സംഘം കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതി രാജേഷ് ജാമ്യത്തിനായി വിവിധ കോടതികളെ സമീപിച്ചെങ്കിലും കോടതികൾ ജാമ്യം നിഷേധിച്ചു.

പ്രതി രാജേഷിന്റെ രണ്ട് ഭാര്യമാർ ഉൾപ്പടെ കേസിൽ സാക്ഷിയായി മൊഴി പറഞ്ഞ കേസിൽ ഒരുസാക്ഷിയും കൂറുമാറിയില്ല എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. തടവു ചാടിയ രണ്ടാമൻ കാമുകിയെ സ്വന്തമാക്കാൻ കൊലപാതകം നടത്തിയെന്നാണ് കേസ്. ജീവപര്യന്തം തടവു ശിക്ഷ അനുഭവിച്ചു വന്ന ശ്രിനിവാസൻ തമിഴ്‌നാട് സ്വദേശിയാണ് .