പത്തനംതിട്ട: പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് റോഡ് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പത്തനംതിട്ട മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ ഫ്രീക്കൻ എന്ന പേരിൽ പ്രത്യേക കർശന വാഹന പരിശോധന നടത്തി. അമിത വേഗതയിലും അശ്രദ്ധമായും കാതടപ്പിക്കുന്ന ശബ്ദത്തോടും മദ്യപിച്ചും അപകടകരമാംവിധം വാഹനം ഓടിക്കുന്ന മോട്ടോർ സൈക്കിൾ യാത്രികരെ ലക്ഷ്യമാക്കിയാണ് ഓപ്പറേഷൻ ഫ്രീക്കൻ എന്ന പേരിൽ വാഹന പരിശോധന നടത്തിയതെന്ന് പത്തനംതിട്ട ആർടിഒ എ.കെ. ദിലു പറഞ്ഞു.

നിയമ വിധേയമല്ലാത്ത ഓൾട്ടറേഷൻ വരുത്തൽ ഉൾപ്പെടെയുള്ളവയിൽ പരിശോധന വരും നാളുകളിലും തുടരുമെന്നും കുറ്റക്കാർക്കെതിരെ വാഹന രജിസ്‌ട്രേഷൻ, ലൈസൻസ് എന്നിവയിൽ സസ്‌പെൻഷൻ ഉൾപ്പെടെ കർശന നടപടികൾ ഉണ്ടാകുമെന്നും ആർടിഒ അറിയിച്ചു.

സിഗ്‌നൽ ലൈറ്റുകൾ കേന്ദ്രീകരിച്ചാണ് കൂടുതലായും പരിശോധന നടത്തുക. യൂണിഫോമിലും മഫ്തിയിലും ഉദ്യോഗസ്ഥർ പരിശോധന നടത്തും. മഫ്തിയിലുള്ള ഉദ്യോഗസ്ഥർ വിവരം കൈമാറുന്നത് അനുസരിച്ചായിരിക്കും സിഗ്‌നൽ പോയിന്റുകളിൽ യൂണിഫോം ധരിച്ച് ഉദ്യോഗസ്ഥർ പരിശോധന നടത്തുക. ബ്രീത്ത് അനലൈസർ, ഹാൻഡ് ഹെൽഡ് സ്പീഡ് റഡാർ, ക്യാമറകൾ എന്നിവയുടെ സഹായത്തോടു കൂടിയാണ് പരിശോധന.

ഡിസംബർ 30 മുതൽ ആരംഭിച്ച പരിശോധനയിൽ 126 കേസുകൾ എടുക്കുകയും 111 പേർക്ക് താക്കീതു നൽകി വിട്ടയയ്ക്കുകയും ചെയ്തു. പത്തനംതിട്ട ആർടിഒ, പത്തനംതിട്ട എൻഫോഴ്‌സ്‌മെന്റ് ആർടിഒ, ജില്ലയിലെ വിവിധ സബ് ആർടി ഓഫീസുകളിലെ ഉദ്യോഗസ്ഥർ എന്നിവിടങ്ങിൽ നിന്നുള്ള എംവിഐമാരായ പ്രസാദ്, പത്മ കുമാർ, ബി. അജി, കെ.അരുൺ കുമാർ, അജയ് കുമാർ, അരവിന്ദ്, ഷിബു, സൂരജ് എന്നിവർ നേതൃത്വം നൽകി.