കോഴിക്കോട്: കേരളത്തിലും ബിജെപി ലക്ഷ്യമിടുന്നത് ചാക്കിട്ടു പിടിത്തത്തിന്റെ ഉത്തരേന്ത്യൻ മോഡൽ. മധ്യപ്രദേശിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കർണ്ണാടകയിലും പരീക്ഷിച്ച് വിജയിച്ച ഓപ്പറേഷൻ ലോട്ടസ്. ഈ ചിന്തയുമായാണ് കേരളത്തിനുള്ള പദ്ധതിയും കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷാ തയ്യാറാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റ് കിട്ടിയാലും കേരളത്തിൽ ഭരിക്കാൻ സാധിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രഖ്യാപിക്കുന്നത് ഈ തന്ത്രം മനസ്സിൽ വച്ചാണ്.

പരമാവധി സീറ്റുകൾ നേടുക. തൂക്കു ഭരണത്തിന്റെ സാധ്യത ഉണ്ടാക്കിയെടുക്കുക. അതിന് ശേഷം മറ്റ് ചെറിയ പാർട്ടികളെ ചാക്കിട്ടു പിടിക്കുക. ഇതിനൊപ്പം പ്രമുഖ പാർട്ടികളെ പിളർത്തുക. പരമാവധി സീറ്റുകളിൽ ജയിച്ച് കേരളത്തിലും ഈ മോഡലാകും ബിജെപി പരീക്ഷിക്കുക. ഇത് തന്നെയാണ് സുരേന്ദ്രന്റെ പ്രഖ്യാപനത്തിലും ഉള്ളത്. ഒരു ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബിജെപിക്ക് ത്രിപുരയിൽ ഭരണത്തിലേറാൻ കഴിയുമെങ്കിൽ 17 ശതമാനം വോട്ടുള്ള കേരളത്തിൽ അത് അസാദ്ധ്യമല്ല. യു.ഡി.എഫിനും എൽ.ഡി.എഫിനും 71 സീറ്റ് ലഭിച്ചെങ്കിലേ ഭരിക്കാനാകൂ. എന്നാൽ 40 സീറ്റ് ലഭിച്ചാൽ തന്നെ ബിജെപിക്ക് ഭരിക്കാൻ സാധിക്കുമെന്ന നിലയിലേക്കെത്തുകയാണ് കേരളത്തിലെ രാഷ്ട്രീയം-സുരേന്ദ്രൻ വിശദീകരിക്കുന്നു.

മതത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തെ പങ്കുവെക്കാനാണ് ഇരു മുന്നണികളുടെയും ശ്രമം. രമേശ് ചെന്നിത്തലയെ നേതൃസ്ഥാനത്ത് നിന്ന് മാറ്റി ഉമ്മൻ ചാണ്ടിയെ കൊണ്ടുവന്നതിനു പിന്നിലുമുണ്ട് മതം. കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ ജമാഅത്തെ ഇസ്ലാമിയും ഇടപെടുന്നു. മലബാർ സംസ്ഥാന രൂപീകരണത്തിനായാണ് മുസ്ലിംലീഗും എസ്.ഡി.പി.ഐയും നീങ്ങുന്നതെന്നും സുരേന്ദ്ര കുറ്റപ്പെടുത്തുന്നു. ആലപ്പുഴയിലെ ആർഎസ്എസ് നേതാവിന്റെ മരണവും ഇനി വിജയയാത്രയിൽ ചർച്ചയാക്കും. അങ്ങനെ വ്യക്തമായ പ്ലാനുകളോടെ മുന്നേറാനാണ് നീക്കം. രണ്ട് മുന്നണികൾക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ കാര്യങ്ങളെത്തിക്കാനാണ് നീക്കം.

കേരളത്തിൽ വർഗീയ ധ്രുവീകരണത്തിലൂടെയുള്ള രാഷ്ട്രീയനേട്ടമാണ് യുഡിഎഫ്-എൽഡിഎഫ് മുന്നണികളുടെ ലക്ഷ്യമെന്ന് സുരേന്ദ്രൻ പറയുന്നത് വ്യക്തമായ രാഷ്ട്രീയ അജണ്ടയോടെയാണ്. മതന്യൂനപക്ഷങ്ങളുടെ ധ്രുവീകരണത്തിലൂടെ തിരഞ്ഞെടുപ്പിൽ വിജയം നേടാമെന്നാണ് ഇരുമുന്നണികളും കരുതുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മതഭീകരവാദസംഘടനകളുടെ രാഷ്ട്രീയ അജണ്ട യുഡിഎഫിലെ ഒരു ഘടകകക്ഷി തന്നെ ഏറ്റെടുത്തിരിക്കുകയാണെന്ന് ആരോപിച്ച സുരേന്ദ്രൻ കോൺഗ്രസ് പാർട്ടിക്ക് ഇക്കാര്യത്തിലുള്ള അഭിപ്രായം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

മലബാർ സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രചാരണം ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന് ഇക്കാര്യത്തിലുള്ള നിലപാട് ജനങ്ങളോട് പറയാൻ തയ്യാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് മതതീവ്രവാദികളുടെ അഴിഞ്ഞാട്ടത്തിന് സർക്കാർ മൗനാനുവാദം നൽകുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു. മലബാർ സംസ്ഥാനവും ചർച്ചയാക്കുന്നത് വ്യക്തമായ രാഷ്ട്രീയം മുന്നിൽ വച്ചാണ്.

ചേളാരിയിൽ 1921 ലെ മാപ്പിള ലഹളയുടെ ദൃശ്യങ്ങൾ പുനരാവിഷ്‌കരികരിച്ചുള്ള പ്രകടനം നടത്തുകയും വിവാദ പ്രസ്താവനകൾ നടത്തുകയും ചെയ്തു. എന്നാൻ പ്രകടനം സംഘടിപ്പിച്ച നേതാക്കൾക്കെതിരെയോ പ്രസ്താവന നടത്തിയവർക്കെതിരെയോ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. യുഡിഎഫിലെ നയപരമായ വിഷയങ്ങൾ ജമാഅത്തെ ഇസ്ലാമി തീരുമാനിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ വളർന്നിരിക്കുന്നതായും പോപ്പുലർ ഫ്രണ്ടിനെ കൂട്ടുപിടിച്ചു കൊണ്ട് എൽഡിഎഫ് മുന്നോട്ടു പോകുന്നതായും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഭൂരിപക്ഷ സമുദായത്തിന്റെ താത്പര്യങ്ങളെ ഹനിക്കുന്ന നിലപാടാണ് ഇരുമുന്നണികളും സ്വീകരിക്കുന്നതെന്നും സിഎഎ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്നുള്ള സർക്കാരിന്റെ തീരുമാനം മതഭീകരവാദസംഘടനകളെ സഹായിക്കുന്നതിന് വേണ്ടിയാണെന്നും സിഎഎയുമായി ബന്ധപ്പെട്ട സമരം നടത്തിയത് ജനാധിപത്യ മുന്നണികളല്ലെന്നും പറഞ്ഞ സുരേന്ദ്രൻ ആരാധനാലയങ്ങൾ ഭീകരസംഘടനകൾ ദുരുപയോഗപ്പെടുത്തുന്നതായി പിണറായി വിജയൻ തന്നെ പറഞ്ഞിട്ടുള്ളതായും ചൂണ്ടിക്കാട്ടി.