തിരുവനന്തപുരം: കരാറുകാരെക്കൂട്ടി എംഎൽഎമാർ കാണാൻ വരരുതെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്‌ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകുമെന്ന് പ്രതിപക്ഷം. സ്പീക്കർക്ക് നോട്ടീസ് നൽകുമെന്ന് കെ. ബാബു എംഎൽഎ പറഞ്ഞു.
കരാറുകാരെ കൂട്ടി ഏത് എംഎൽഎയാണ് മന്ത്രിയെ സമീപിച്ചതെന്ന് വെളിപ്പെടുത്തണം. റിയാസിന്റെ പരാമർശം എംഎൽഎമാർക്ക് അപകീർത്തി ഉണ്ടാക്കുന്നതാണെന്നും ബാബു പറഞ്ഞു.

എംഎൽഎമാർക്കൊപ്പമോ എംഎൽഎമാരുടെ ശുപാർശയിലോ കരാറുകാർ മന്ത്രിയെ കാണാൻ വരുന്നത് ശരിയല്ലെന്നും അത് തെറ്റായ പ്രവണത ആണെന്നുമായിരുന്നു കഴിഞ്ഞ ദിവസം റിയാസ് നിയമസഭയിൽ നടത്തിയ പരാമർശം.

അതേസമയം, മന്ത്രി മുഹമ്മദ് റിയാസിനെ പിന്തുണച്ച് സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ രംഗത്തെത്തി. റിയാസ് പറഞ്ഞത് എൽഡിഎഫ് നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു. ശുപാർശയില്ലാതെ കാര്യങ്ങൾ വേഗത്തിൽ നടക്കണം. എംഎൽഎമാർ ഉയർത്തുന്ന വിഷയങ്ങൾക്ക് മന്ത്രിമാർ അർഹിക്കുന്ന പരിഗണന നൽകുന്നുണ്ട്. മന്ത്രിമാരുടെ ഓഫിസ് എങ്ങനെ പ്രവർത്തിക്കണമെന്നതിന് സർക്കാരിന് നിലപാടുണ്ട്. സർക്കാരും മന്ത്രിമാരും എങ്ങനെ പ്രവർത്തിക്കണം എന്നത് സംബന്ധിച്ച് സിപിഎമ്മിന് പൊതുനിലപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എംഎൽഎമാർ കരാറുകാരെ കൂട്ടി തന്നെ കാണാൻ വരരുത് എന്ന് റിയാസ് നിയമസഭയിൽ പറഞ്ഞതിനെ എ.എൻ.ഷംസീർ എംഎൽഎ വിമർശിച്ചിരുന്നു. ആരെയൊക്കെ കൂട്ടി കാണാൻ വരണമെന്ന് മന്ത്രിയല്ല തീരുമാനിക്കേണ്ടതെന്ന് ഷംസീർ തുറന്നടിച്ചു. എന്നാൽ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്നും ഒരടി പിന്നോട്ടില്ലെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. നിയമസഭയിൽ താൻ നടത്തിയ പ്രസംഗം ഇടതുമുന്നണിയുടെ നിലപാടാണെന്നും അത് പിൻവലിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നത് വസ്തുതയാണെന്നും മന്ത്രി പറഞ്ഞു. എംഎൽഎമാർ വരേണ്ടതില്ലെന്ന് പറഞ്ഞത് മറ്റ് മണ്ഡലങ്ങളിലെ കരാറുകാരേയും കൂട്ടി വരുന്നതിനെക്കുറിച്ചാണ്. സ്വന്തം മണ്ഡലത്തിലെ എംഎൽഎമാരുമായി കരാറുകാർ വരുന്നതിൽ തെറ്റില്ല. ചില എംഎൽഎമാർ മറ്റ് മണ്ഡലങ്ങളിൽ ഇടപെടുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു.