കാസർകോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കം. കുമ്പളയിൽ നടന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് കടന്നുപോയത് പാഴായിപ്പോയ അഞ്ച് വർഷങ്ങളെന്ന് അദ്ദേഹം പറഞ്ഞു. തരാതരംപോലെ വർഗീയത പറയുന്ന മുന്നണിയായി എൽ.ഡി.എഫ് അധഃപ്പതിച്ചു.

രമേശ് ചെന്നിത്തല നിയമസഭയിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി അക്കമിട്ട് പറഞ്ഞ കാര്യങ്ങൾ ഇന്ന് കേരളത്തിലെ ജനങ്ങളുടെ മനസ്സിലുണ്ട്. അവരുടെ അംഗീകാരം നേടി ഒരു വിജയിയായിട്ടാണ് ചെന്നിത്തല കാസർകോട് നിന്ന് ജാഥ ആരംഭിക്കുന്നത്- ഉദ്ഘാടന പ്രസംഗത്തിൽ ഉമ്മൻ ചാണ്ടി പറഞ്ഞു. 'സർക്കാർ ജനങ്ങളോട് നീതി പുലർത്തിയിട്ടില്ല. കൊലപാതക രാഷ്ട്രീയം, അക്രമ രാഷ്ട്രീയം, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലമായിരുന്നു ഇടതിന്റെ ഭരണകാലം. കേരളത്തിലെ ജനങ്ങൾ ഒരുമനസ്സോടെ കൊലപാതകരാഷ്ട്രീയത്തെ തള്ളിക്കളയുമെന്ന് എനിക്കുറപ്പാണ്. ചെറുപ്പക്കാർ വളരെയധികം വേദനയിലാണ്, അവർക്ക് ജോലിയില്ല. അവർക്ക് മുഴുവനും ജോലി കൊടുക്കണമെന്ന് പറയുകയല്ല... മറിച്ച് സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം കൊടുക്കുന്ന ജോലി അത് സുതാര്യമായിരിക്കണം. നീതിപൂർവം ആയിരിക്കണം.

പുറംവാതിൽ നിയമനങ്ങളുടെ കാലമായിരുന്നു അഴിഞ്ഞ അഞ്ച് വർഷവും. യോഗ്യരായ ഉദ്യോഗാർഥികളുടെ സർക്കാർ നിയമനം തടസപ്പെടുത്തി. പി.എസ്.സിയിൽ ലിസ്റ്റുകൾ അനാവശ്യമായി ക്യാൻസൽ ചെയ്യുകയും വേണ്ടപ്പെട്ടവർക്കുമാത്രം സർവീസുകളിൽ നിയമനം നൽകുകയും ചെയ്തു.പുറംവാതിൽ നിയമനം അനുവദിക്കില്ല. അത്തരം നിയമനം നടത്തിയതിന് കേരളത്തിലെ ചെറുപ്പക്കാർ പകരംചോദിക്കും.'- അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ ഇപ്പോൾ ഒരു പ്രശ്‌നവും ഇല്ലല്ലോ എന്നും നേരത്തേ ഉണ്ടായത് ഇടത് സർക്കാർ ഉണ്ടാക്കിയ പ്രശ്‌നങ്ങൾ മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയിലെ വിധി സർക്കാർ ചോദിച്ചുവാങ്ങിയതാണ്. യുഡിഎഫ് നൽകിയ അഫിഡവിറ്റ് പിൻവലിച്ച് അവരുടെ പാർട്ടിയുടെ താല്പര്യങ്ങൾക്കനുസൃതമായ അഫിഡവിറ്റ് കൊടുത്തു.

അങ്ങനെയാണ് അവർ വിധി ചോദിച്ചുവാങ്ങിയത്. പ്രശ്നങ്ങൾ തീർക്കാൻ ഇടതുപക്ഷം ആഗ്രഹിച്ചിരുന്നെങ്കിൽ അത് പിൻവലിക്കാൻ അവർ തയ്യാറാകുമായിരുന്നു. ഈ സർക്കാർ ജനഹിതം സ്വീകരിക്കാനാണോ അതോ തങ്ങളുടെ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കാനാണോ ശ്രമിക്കേണ്ടത് എന്ന് അറിയേണ്ടിയിരിക്കുന്നു.- ഉമ്മൻ ചാണ്ടി പറഞ്ഞു.-

മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ. കുഞ്ഞാലിക്കുട്ടി എംപി, ഡോ. എം.കെ. മുനീർ എംഎ‍ൽഎ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, പി.ജെ. ജോസഫ്, എൻ.കെ. പ്രേമചന്ദ്രൻ എംപി, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, വി.ഡി. സതീശൻ എംഎ‍ൽഎ, സി.പി. ജോൺ, സി. ദേവരാജൻ, ഷാഫി പറമ്പിൽ എംഎ‍ൽഎ, ലതിക സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.

സംശുദ്ധം സദ്ഭരണം' എന്നതാണ് ജാഥയുടെ മുദ്രാവാക്യം. കഴിഞ്ഞ അഞ്ചു വർഷത്തെ ഇടതു സർക്കാരിന്റെ ദുർഭരണത്തിലൂടെ നഷ്ടപ്പെട്ട കേരളത്തിന്റെ ഐശ്വര്യം വീണ്ടെടുക്കാൻ ജനാധിപത്യ മതേതര പുരോഗമന ശക്തികളെ ഒരുമിപ്പിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം യു.ഡി.എഫിന്റെ ബദൽ വികസന, കരുതൽ മാതൃകകൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്യും. തിരഞ്ഞെടുപ്പിനായുള്ള യു.ഡി.എഫിന്റെ പ്രകടന പത്രിക പൊതുജന പങ്കാളിത്തത്തോടെ രൂപപ്പെടുത്താനുള്ള അഭിപ്രായ സ്വരൂപണവും യാത്രയുടെ ലക്ഷ്യമാണ്

സംസ്ഥാനത്തെ 140 നിയോജക മണ്ഡലത്തിലും പര്യടനം നടത്തി ഫെബ്രുവരി 22ന് റാലിയോടെ തിരുവനന്തപുരത്ത് സമാപിക്കും. റാലിയിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.