ന്യൂഡൽഹി: സുസ്ഥിര വികസന ഇൻഡക്സിൽ ഏറ്റവും മുന്നിലെന്ന ആഹ്ലാദം പങ്കിടുമ്പോഴും കഴിഞ്ഞ വർഷം ഓർഡിനൻസുകൾ പുറത്തിറക്കിയ കാര്യത്തിലും കേരളം ഒന്നാമതെന്ന് റിപ്പോർട്ട്.

2020ൽ സംസ്ഥാന സർക്കാർ 81 ഓർഡിനൻസുകൾ പുറത്തിറക്കിയതായാണ് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പി.ആർ.എസ് ലെജിസ്ലേറ്റീവ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഇവയിൽ ഏറെയും സർക്കാർ പുനപ്രസിദ്ധീകരിച്ചവയാണ്.

ഓർഡിനൻസ് കാലാവധി കഴിഞ്ഞ് അസാധുവാകുന്നത് തടയാനായി ഇവ പുനപ്രസിദ്ധീകരിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് വിമർശനം ഉയർന്നിരുന്നു. ബില്ലുകൾ പാസാക്കുന്നതിന് സംസ്ഥാന അസംബ്ലികൾ എടുത്ത സമയവും പി.ആർ.എസ് വിശകലകനം ചെയ്തു.

കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത ഇക്കാലയളവിൽ കർണാടക 24, ഉത്തർപ്രദേശ് 23, മഹാരാഷ്ട്ര 21, ആന്ധ്രാപ്രദേശ് 16 എന്നിങ്ങനെ ഓർഡിനൻസുകൾ പുറപ്പെടുവിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

നിയമസഭകൾ വിശദമായ പരിശോധനയില്ലാതെ മിക്ക ബില്ലുകളും പാസാക്കിയതായി റിപ്പോർട്ട് പറയുന്നു.നിയമനിർമ്മാണ സഭയ്ക്കുപകരം കാര്യനിർവ്വഹണ വിഭാഗം അഥവാ ഗവൺമെന്റ് നിർമ്മിക്കുന്ന നിയമങ്ങളെയാണ് ഓർഡിനൻസ് എന്ന് പറയുന്നത്.

പാർലമെന്റ്/ സംസ്ഥാന നിയമസഭ അവയുടെ അടുത്ത സമ്മേളനം തുടങ്ങി ആറ് ആഴ്ചക്കുള്ളിൽ ഇതിന് അംഗീകാരം നൽകിയിരിക്കണമെന്ന് ഭരണഘടന നിഷ്‌കർഷിക്കുന്നു. അല്ലാത്ത പക്ഷം അത് അസാധുവായിത്തീരും. നിയമനിർമ്മാണ സഭകളുടെ സമ്മേളനം നടക്കുമ്പോൾ ഓർഡിനൻസുകൾ പുറപ്പെടുവിക്കാൻ പാടില്ല.

കഴിഞ്ഞ ദിവസം നീതി ആയോഗ് പുറത്തുവിട്ട 2020 - 21ലെ സുസ്ഥിര വികസന ഇൻഡക്സിൽ ഏറ്റവും മുന്നിൽ കേരളമാണ് ഇടംപിടിച്ചത്. ബീഹാറാണ് ഏറ്റവും പിന്നിലുള്ള സംസ്ഥാനം.

സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക വികസനത്തിന്റെ തോതാണ് സുസ്ഥിര വികസന ഇൻഡക്സ്. നീതി ആയോഗാണ് ഇത് തയ്യാറാക്കുന്നത്. കേരളത്തിന് സുസ്ഥിര വികസനവുമായ ബന്ധപ്പെട്ട സ്‌കോർ 75 ആണ്. ഹിമാചൽ പ്രദേശും തമിഴ്‌നാടും തൊട്ടുതാഴെയുണ്ട്- 74 വീതം. ജാർഖണ്ഡ്, ബീഹാർ, അസം എന്നീ സംസ്ഥാനങ്ങളാണ് ഇതിൽ ഏറ്റവും മോശം.

സംസ്ഥാനങ്ങളിലെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക ഘടകങ്ങൾ പരിശോധിച്ചാണ് റിപോർട്ട് തയ്യാറാക്കുന്നത് എന്നതുകൊണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സാമൂഹ്യസ്ഥിതിയെക്കുറിച്ച് സുപ്രധാനമായ വിവരങ്ങളാണ് ഇതു നൽകുന്നതെന്ന് വൈസ് ചെയർമാൻ പറഞ്ഞു. 2030ൽ ഇന്ത്യ ആർജിക്കേണ്ട വികസനം ലക്ഷ്യം വച്ചാണ് റിപോർട്ട് തയ്യാറാക്കുന്നത്.