മലപ്പുറം: ഓർത്തഡോക്സ് സഭാ നേതൃത്വം പാണക്കാട് തങ്ങളുടെ വസതിയിലെത്തി മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ് തുടങ്ങിയ നേതാക്കളുമായിട്ടാണ് നേതൃത്വം ചർച്ച നടത്തിയത്.മുസ്ലിം-ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്തി തീർക്കാൻ ചില ഭാഗങ്ങളിൽനിന്ന് ശ്രമങ്ങളുണ്ട്. അങ്ങനെയില്ലെന്നു വ്യക്തമാക്കാൻ കൂടിയാണ് തങ്ങളുടെ സന്ദർശനമെന്ന് സഭാ പ്രതിനിധകൾ പറഞ്ഞു.സഭാ മേലധ്യക്ഷന്റെ സന്ദേശം കൈമാറാനുമാണ് തങ്ങൾ വന്നതെന്നും പ്രതിനിധികൾ കൂട്ടിച്ചേർത്തു.മെത്രാപ്പൊലീത്തമാരായ ഡോ. ഗീവർഗീസ് മാർ യൂലിയോസ്, ഡോ. യാക്കോബ് മാർ ഐറേനിയോസ് തുടങ്ങിയവരാണ് മലങ്കര ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ചർച്ചയ്ക്ക് എത്തിയിട്ടുള്ളത്.

പള്ളി തർക്കത്തിലെ യാഥാർത്ഥ്യം എല്ലാ സമുദായ നേതാക്കളേയും ധരിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്ന് ഗീവർഗീസ് മാർ യൂലിയോസ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് മതവിഭാഗങ്ങൾ തമ്മിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമം അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ ഈ കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയ പ്രധാന്യമുണ്ട്.തദ്ദേശ തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ സഭാ നേതൃത്വുമായി അടുപ്പം സൃഷ്ടിക്കാൻ ലീഗ്-യുഡിഎഫ് നേതാക്കൾ വലിയ ശ്രമങ്ങൾ നടത്തിവരികയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബന്ധം ശക്തപ്പെടുത്താനുള്ള യുഡിഎഫ് ശ്രമങ്ങൾക്കിടെയാണ് സഭാ നേതൃത്വം പാണക്കാട്ട് എത്തിയത് എന്നതും ശ്രദ്ധേയമാണ്. ഇതിനുപുറമെ മുസ്ലിംലീഗ് നേതൃത്വം തന്നെയാണ് ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയതെന്നും സൂചനയുണ്ട്.

കെപിസിസി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് പാണക്കാടെത്തി ലീഗ് നേതാക്കളെ കാണുകയുണ്ടായി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം പാണക്കാടെത്തിയിരുന്നു. കോൺഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദർശനത്തിനെതിരെ വലിയ വിമർശനമാണ് സിപിഎം ഉയർത്തിയിരുന്നത്. ഉമ്മൻ ചാണ്ടിയുടേയും ചെന്നിത്തലയും സന്ദർശനം മതമൗലികവാദികളുമായി കൂട്ടുക്കെട്ടുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ പ്രസ്താവന. ഇതിനുള്ള മറുപടി കൂടിയായിട്ടാണ് സഭാ നേതൃത്വത്തിന്റെ പാണക്കാട് സന്ദർശനമെന്നും വിലയിരുത്തപ്പെടുന്നു.