ന്യൂഡൽഹി: കേരളത്തിലെ സഭാതർക്കം തീർത്തു കൊണ്ട് കേരളത്തിൽ രാഷ്ട്രീയ മുന്നോറ്റത്തിനായണ് ബിജെപി ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ തർക്കം തീർക്കാനുള്ള കൃത്യമായ ഫോർമുലയും ബിജെപി മനസിൽ കണ്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മോദി സഭാ നേതാക്കളുമായി കൂടിക്കാഴ്‌ച്ച നടത്താൻ തീരുമാനിച്ചതും. ഇന്നലെ പ്രധാനമന്ത്രിയെ കണ്ടത് ഓർത്തഡോക്‌സ് സഭാ നേതൃത്വമാണ്. അതേസമയം മോദിക്ക് മുന്നിലും കടുംപിടുത്തം തുടരുകയാണ് ഓർത്തഡോക്‌സ് സഭ ചെയ്തത്. സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്.

സഭ ഒന്നായി മുന്നോട്ടുപോകേണ്ടതുണ്ടെന്നും അതിനുള്ള വ്യക്തമായ നിർദേശങ്ങളാണ് സുപ്രീം കോടതി വിധിയിലുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയിൽ ഓർത്തഡോക്‌സ് സഭാ നേതൃത്വം വ്യക്തമാക്കി. തർക്കപരിഹാരത്തിനു തന്നാലാവുന്നത്ര ശ്രമിക്കുമെന്ന് പ്രധാനമന്ത്രിയും പറഞ്ഞു.

സുപ്രീം കോടതി വിധിക്കുള്ളിൽ നിന്നുകൊണ്ടു പരിഹാരം കാണേണ്ടതിന്റെ ആവശ്യകത അദ്ദേഹം സൂചിപ്പിച്ചു. മുക്കാൽ മണിക്കൂർ നീണ്ട ചർച്ചയിൽ സഭാ സിനഡ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ്, ഡോ.തോമസ് മാർ അത്തനാസിയോസ്, ഡോ.യൂഹാനോൻ മാർ ദിമെത്രയോസ് എന്നിവരാണ് നിലപാടുകൾ വിശദീകരിച്ചത്. മിസോറം ഗവർണർ പി. എസ്. ശ്രീധരൻപിള്ള, വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ എന്നിവരും സന്നിഹിതരായിരുന്നു.

സഭയുടെ ചരിത്രവും നിലവിലെ തർക്കത്തിന്റെ നാൾവഴിയും കോടതിവിധികളും വിശദീകരിച്ചുള്ള കത്ത് ഓർത്തഡോക്‌സ് സഭാനേതൃത്വം പ്രധാനമന്ത്രിക്കു നൽകി. ആരാധനയിൽ പങ്കെടുക്കാൻ ആർക്കും തടസ്സമില്ലെന്നും സമാധാനാന്തരീക്ഷം നശിപ്പിക്കുന്നതും കോടതിവിധി നടപ്പാക്കൽ തടയുന്നതും അനുവദിക്കാനാവില്ലെന്നും കത്തിൽ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻപാകെ അവതരിപ്പിച്ച നിലപാടുകൾ പ്രധാനമന്ത്രിയോടും വിശദീകരിച്ചെന്ന് ഡോ.യൂഹാനോൻ മാർ ദിയസ്‌കോറസ് പറഞ്ഞു. കോടതിവിധി യാക്കോബായ സഭ അംഗീകരിക്കണം. മുൻപത്തെ നിയമങ്ങൾ അംഗീകരിക്കാത്ത സ്ഥിതിയുള്ളപ്പോൾ വീണ്ടും നിയമനിർമ്മാണം നടത്തിയിട്ടു കാര്യമില്ല. എങ്ങനെ മുന്നോട്ടുപോകണമെന്നു കോടതിവിധിയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യാക്കോബായ സഭാ നേതൃത്വം ഇന്ന് പ്രധാനമന്ത്രിയുമായി ചർച്ച നടത്തും. കോട്ടയം മെട്രോപൊളിറ്റൻ ബിഷപ്പും സിനഡ് സെക്രട്ടറിയുമായ തോമസ് മാർ തിമോത്തിയോസ്, കൊച്ചി ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയസ്, ബിഷപ്പ് കുര്യാക്കോസ് മാർ തിയോറിഫിലോസ് എന്നിവരാണ് പ്രധാനമന്ത്രിയെ കാണുക. കേരളത്തിൽ ബിജെപി.യുടെ അടിത്തറ വിപുലപ്പെടുത്തുന്നതിന് ന്യൂനപക്ഷങ്ങളിലേക്ക് കടന്നുചെല്ലുക എന്ന ലക്ഷ്യവുമായി കത്തോലിക്കാ സഭാധ്യക്ഷന്മാരുമായും പ്രധാനമന്ത്രി ചർച്ചയ്ക്ക് പദ്ധതിയിട്ടിട്ടുണ്ട് എന്നാണറിയുന്നത്. ജനുവരി രണ്ടാം വാരത്തിലായിരിക്കും കത്തോലിക്ക സഭാനേതാക്കൾ പ്രധാനമന്ത്രിയെ കാണുക.

ഓരോ പള്ളിയും ഭൂരിപക്ഷം ആർക്കാണോ അവർക്ക് നൽകുക, ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം എന്നതാണ് ഒത്തുതീർപ്പ് ചർച്ചയിൽ മോദി മുന്നോട്ട് വെക്കുന്ന പ്രധാന നിർദ്ദേശം. രണ്ടു പേർക്കും യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിതുകൊടുക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. യോജിക്കുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും രണ്ടു കൂട്ടരും ധാരണ ഉണ്ടാക്കും വരെ അയോധ്യ പോലെ പൂട്ടിയിടാനുമാണ് ബിജെപിയുടെ ഫോർമുല.

മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ മധ്യസ്ഥതയിലാണ് പ്രധാനമന്ത്രി ഒത്തുതീർപ്പ് വ്യവസ്ഥകൾ തയ്യാറാക്കി ഇരു സഭകളെയും ചർച്ചക്ക് വിളിച്ചത്. പ്രധാനമന്ത്രി മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങൾ അനുസരിക്കുകയല്ലാതെ ഇരുപക്ഷത്തിനും മുന്നിൽ മറ്റ് മാർഗങ്ങളില്ല. തന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കാതെ വന്നാൽ പള്ളികൾ ദീർഘനാൾ പൂട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകുമെന്നും മോദി സഭകൾക്ക് മുന്നറിയിപ്പ് നൽകും. ഇതോടെ കേരള രാഷ്ട്രീയത്തിൽ ബിജെപി നേട്ടമുണ്ടാക്കുമ്പോൾ കാൽക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് കോൺഗ്രസിനാണ് എന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ഇന്നും നാളെയും കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ സമ?ഗ്രമായ ചില മാറ്റങ്ങൾക്കാണ് വഴിയൊരുങ്ങുന്നത് എന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

മിസോറാം ഹൗസിൽ ആണ് ചർച്ചയ്ക്കു വന്ന സഭ അധികാരികൾക്ക് താമസം.വാഹനം ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും സഭാ നേതൃത്വത്തിനായി ഇവിടെ ഒരുക്കിയിട്ടുണ്ട്. സകലതും ഓർത്തോഡോക്‌സിനു മാത്രം കൊടുക്കാൻ പിണറായിയും കമ്യുണിസ്റ്റ് മെത്രാന്മാരും ഉണ്ടാക്കിയ ധാരണ മുഴുവൻ പൊളിച്ചത് മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ളയാണ്. സംസ്ഥാന സർക്കാർ ഉണ്ടാക്കിയ ധാരണ അനുസരിച്ച് പള്ളി വിശ്വാസസികൾക്ക് എന്നതായിരുന്നു. അതായത് എല്ലാവർക്കും ആരാധന സ്വാതന്ത്ര്യം. പള്ളിയുടെ അവകാശം ട്രെസ്റ്റിക്കും എന്നായിരുന്നു. ട്രെസ്റ്റി കോടതി വിധി പ്രകാരം ഓർത്തഡോക്‌സ് വൈദികൻ ആയിരിക്കും. ഫലത്തിൽ പള്ളി ഓർത്തഡോക്‌സ് കാർക്ക് മാത്രം ആയിരുന്നു.

യാക്കോബായ വിഭാഗം പരാമ്പരാഗതമായി ഇടതു പക്ഷത്തിനൊപ്പമായിരുന്നതിനാൽ സഭാ തർക്കത്തിൽ സിപിഎമ്മിന് യാതൊരു നഷ്ടവും ഇതുവരെ ഉണ്ടായിരുന്നില്ല. സിപിഎമ്മിലെ 12 ഓർത്തഡോക്‌സ് വിഭാഗത്തിന് സീറ്റും നൽകിയതോടെ ഓർത്തഡോക്‌സ് സഭയും ഇടതിനോട് അടുത്തിരുന്നു. സഭ തർക്കം പരിഹരിച്ച പിണറായിക്കു രണ്ടു സഭയുടെയും വോട്ട്. എന്നതായിരുന്നു ഇടതുപക്ഷം കണക്ക് കൂട്ടിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായാണ് പി എസ് ശ്രീധരൻ പിള്ളയും നരേന്ദ്ര മോദിയും സഭാ പ്രശ്‌നത്തിൽ ഇടപെടുന്നത്. ഇതോടെ ബിജെപി കേരളത്തിൽ നേട്ടമുണ്ടാക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ദീർഘകാല ലക്ഷ്യത്തോടെ പ്രശ്‌നങ്ങളെ നേരിടുന്ന മോദിയുടെ തന്ത്രങ്ങളുടെ ഫലമായി സമീപ ഭാവി ഇടതു പക്ഷത്തിനും മുസ്ലിം ലീഗിനും അനുകൂലമാകും എന്നും നിരീക്ഷകർ കരുതുന്നു.

അതായത്, സഭാ തർക്കത്തിൽ മോദി ഉണ്ടാക്കുന്ന ധാരണയിലും രാഷ്ട്രീയ നേട്ടം പിണറായിക്കു തന്നെയാകും. ധാരണ പ്രകാരം മാവേലിക്കര, ചെങ്ങന്നൂർ, പത്തനത്തിട്ട, പെരുമ്പാവൂർ, തൃപ്പൂണിത്തുറ തുടങ്ങി ബിജെപി ക്കു സ്വാധീനം ഉള്ള മണ്ഡലങ്ങളിൽ യാക്കോബായ പക്ഷം ബിജെപി യെ സഹായിക്കും. ബാക്കി മണ്ഡലങ്ങളിൽ.. കോൺഗ്രസിനെ ഇല്ലാതാക്കാൻ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം. രാഹുൽ ഗാന്ധിയുടെ മണ്ഡലം ഉൾപ്പെടുന്ന കേരളത്തിൽ കോൺ?ഗ്രസ് ഭരണം ഉണ്ടാകരുത് എന്നാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. കോൺ?ഗ്രസ് യൂ ഡി എഫിൽ രണ്ടാം കക്ഷിയാകണം. പിണറായി മുന്നോട്ടു വയ്ക്കുന്നതും അതെ രാഷ്ട്രീയമാണ്.