പാരിസ്: ഒസാമ ബിൻ ലാദന്റെ ഭീകര പ്രവർത്തനങ്ങളിൽ മാപ്പ് പറഞ്ഞ് മകൻ ഒമർ ബിൻ ലാദൻ. തന്റെ പിതാവിനോടും അയാൾ നടത്തിയ കുറ്റകൃത്യങ്ങളോടും തനിക്ക് അറപ്പും ഭയവും മാത്രമാണുള്ളതെന്നും ഒമർ പ്രതികരിച്ചു. ഇസ്രഈലി ദിനപ്പത്രമായ യെദോയിത് അഹ്റോനത്തിന് നൽകിയ അഭിമുഖത്തിലാണ് പിതാവിന്റെ പ്രവർത്തനങ്ങളോടുള്ള തന്റെ എതിർപ്പും ഖേദവും ഒമർ പ്രകടിപ്പിച്ചത്.

ലോകത്തുള്ളവരെല്ലാം ഒന്നായി കഴിയണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് ഒമറിന്റെ പക്ഷം. വ്യത്യസ്ത മതങ്ങളിൽ പെട്ടവർ അയൽക്കാരായി സമാധാനത്തിൽ കഴിയുന്ന ലോകമാണ് നമുക്ക് വേണ്ടതെന്നും ഒമർ പറയുന്നു. ഒസാമ ബിൻ ലാദന്റെ ആൺമക്കളിൽ ഇളയവനായ തനിക്ക് അൽ-ഖ്വയ്ദയുടെ തലപ്പത്തേക്ക് വരാനുള്ള അവസരം വന്നിരുന്നെങ്കിലും അത് നിഷേധിക്കുകയായിരുന്നുവെന്നും ഒമർ വ്യക്തമാക്കി.

'സ്വന്തം മക്കളെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ എന്റെ പിതാവ് അദ്ദേഹത്തിന്റെ ശത്രുക്കളെ വെറുത്തു. എന്റെ ജീവിതം മുഴുവൻ ഞാൻ പാഴാക്കി ക്കളയുകയായിരുന്നല്ലോ എന്നോർക്കുമ്പോൾ ഞാനെന്തൊരു വിഡ്ഢിയാണെന്ന് എനിക്ക് തോന്നാറുണ്ട്. ഞാനതെല്ലാം ഉപേക്ഷിച്ചുപോരുമെന്ന് എനിക്ക് അന്നുതന്നെ തോന്നിയിരുന്നു,' ഒമർ പറഞ്ഞു.

2001 സെപ്റ്റംബർ 11ന് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററും പെന്റഗണും ആക്രമിക്കപ്പെട്ടതോടെയാണ് തനിക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമായതെന്നും ഉമർ ബിൻ ലാദൻ പറഞ്ഞു. ഇത്തരമൊരു ആക്രമണം സംഘടിപ്പിക്കാനുള്ള കഴിവ് പിതാവിനുണ്ടെന്ന് താൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. ആ ദിവസമാണ് തന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചത്. നഷ്ടങ്ങളുടെയും വേദനകളുടെ വർഷങ്ങൾക്കു ശേഷം പിതാവിനെ കുറിച്ച് ശരിയായ തിരിച്ചറിവ് ഉണ്ടായത് അപ്പോഴായിരുന്നു. പിതാവ് യുദ്ധത്തിനിടയിൽ നിരവധി പേരെ കൊന്നിട്ടുണ്ടാകാം അതുകൊണ്ടു തന്നെ ആളുകളെ കൊല്ലുന്നതിലൂടെ എന്തെങ്കിലും സന്തോഷമോ വേദനയോ അദ്ദേഹം അനുഭവിച്ചിരിക്കാൻ സാധ്യതയില്ലെന്നും ഉമർ ബിൻ ലാദൻ പറഞ്ഞു.

പേരിനൊപ്പമുള്ള ബിൻ ലാദൻ എന്ന കുടുംബപ്പേര് തനിക്ക് ഭാരമായതായും ഉമർ പറഞ്ഞു. ഉസാമ ബിൻ ലാദൻ സൗദി പൗരനായിരുന്നതിനാൽ അറബ് ലോകത്തുള്ളവർക്ക് തന്നെ ഭയവും വെറുപ്പുമാണ്. എന്നാൽ യൂറോപ്യൻ രാജ്യങ്ങളിലും പടിഞ്ഞാറൻ രാജ്യങ്ങളിലും അത് അത്രവലിയ പ്രശ്നമായി അനുഭവപ്പെടാറില്ല. അറബ് ലോകത്ത് അങ്ങനെയല്ല കാര്യങ്ങൾ. ഉസാമയുടെ മകനായതിനാൽ ഞാനും അദ്ദേഹത്തെ പോലെയാണെന്നാണ് അവർ കരുതുന്നത്. എന്നാൽ ഞാൻ അങ്ങനെയല്ല. ഞാൻ ഉസാമയല്ല. പിതാവ് നല്ലവനോ ചീത്തയാളോ ആണെന്നും കരുതി ആ രീതിയിൽ മക്കളെ കാണുന്നത് ശരിയല്ലെന്നും ഉമർ ബിൻ ലാദൻ അഭിപ്രായപ്പെട്ടു.

അമേരിക്കയിൽ പ്രവേശനം ലഭിക്കുന്ന ഒരു ദിവസമാണ് തന്റെ സ്വപ്നം. ജോ ബൈഡൻ പ്രസിഡന്റായിരിക്കുമ്പോൾ തന്നെ അത് സാധ്യമാവുമെന്നാണ് തന്റെ പ്രതീക്ഷ. എല്ലാവരെയും സ്വീകരിക്കുന്ന തുറന്ന പ്രകൃതക്കാരനാണ് അദ്ദേഹം. ഏത് മതക്കാരനും രാജ്യക്കാരനുമാണെങ്കിലും എല്ലാവരെയും ഒരു പോലെ കാണാനും സ്നേഹിക്കാനുമാണ് എനിക്കിഷ്ടം. തന്റെ ഭാര്യ സിനയുടെ അമ്മയുടെ കുടുംബം ഇസ്രയേലിൽ നിന്നുള്ളവരാണെന്നും ഉമർ പറഞ്ഞു. ഭാര്യയോടൊപ്പം താമസിയാതെ ഇസ്രയേൽ സന്ദർശിക്കും. സമാധാനത്തെ കുറിച്ച് സംസാരിക്കാൻ ഇസ്രയേലി യൂനിവേഴ്സിറ്റികളിൽ നിന്ന് ഭാര്യയ്ക്ക് ക്ഷണമുണ്ടായിരുന്നു. മനോഹരമായ രാജ്യമാണ് ഇസ്രയേൽ. ഫലസ്തീനുമായി സമാധാനത്തിൽ കഴിയാൻ ആഗ്രഹിക്കുന്ന നിരവധി പേർ അവിടെയുണ്ട്. ലോകം ഒന്നായി കാണണമെന്നും രാജ്യങ്ങൾ തമ്മിലുള്ള ശത്രുതകൾ അവസാനിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്നും ഉമർ ബിൻ ലാദൻ അഭിപ്രായപ്പെട്ടു.

2001ൽ നടന്ന അമേരിക്കയിലെ 9/11 ഭീകരാക്രമണം ആസൂത്രണം ചെയ്ത ഒസാമ ബിൻ ലാദനെ 2011 മെയ് യു.എസ് സേന പാക്കിസ്ഥാനിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു.