കൊച്ചി: മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് സിനിമയെ തിയേറ്ററിൽ എത്തിക്കാനുള്ള അനുനയത്തിന് സുരേഷ് കുമാർ സജീവം. മോഹൻലാലിന്റെ കളിക്കൂട്ടുകാരനായ സുരേഷ് കുമാറിലൂടെ മരയ്ക്കാറെ തിയേറ്ററിൽ എത്തിക്കാനാണ് നീക്കം. തിയേറ്റർ തുറന്നു കഴിഞ്ഞാൽ മരയ്ക്കാർ; അറബിക്കടലിന്റെ സിംഹം തിയേറ്ററിൽ പ്രദർശിപ്പിക്കാൻ തയ്യാറാണെന്നും എന്നാൽ 200 തിയേറ്ററിൽ മൂന്ന് ആഴ്ചയെങ്കിലും പ്രദർശിപ്പിക്കാൻ അനുവദിക്കണമെന്നുമായിരുന്നു ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 86 തിയേറ്ററുകൾ മാത്രമാണ് അതിനെ അനുകൂലിച്ചത്. ഇതോടെയാണ് മരയ്ക്കാറിനെ ഒടിടിയിലേക്ക് കൊണ്ടു പോകാൻ ശ്രമം നടത്തിയത്.

തിയറ്ററുകൾ തുറക്കുന്നതിനു മുന്നോടിയായി ഉടമകളുടെ യോഗം കഴിഞ്ഞ ദിവസം നടന്നു. തിയറ്ററുകൾ മാസങ്ങളോളം അടഞ്ഞു കിടന്നപ്പോൾ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രങ്ങൾ റിലീസ് ചെയ്ത ചില വമ്പന്മാർക്കെതിരെ ഉയർന്നതു കടുത്ത വിമർശനമായിരുന്നു. നിലവിൽ, മലയാളത്തിലെ ഏറ്റവും ബ്രഹ്മാണ്ഡ ചിത്രങ്ങൾ നിർമ്മിക്കുന്ന വമ്പൻ നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ, താരനിരയിലെ പ്രമുഖനും നിർമ്മാതാവും സംവിധായകനുമായ പൃഥ്വിരാജ് എന്നിവർക്കെതിരെ വിമർശനമുണ്ടായി.ഉടമകളുടെ രോഷ പ്രകടനം തണുപ്പിച്ചതു നടനും നിർമ്മാതാവും തിയറ്റർ ഉടമയുമെല്ലാമായ ദിലീപാണെന്നാണു സൂചനകൾ. മോഹൻലാലുമായി സംസാരിക്കാൻ സുരേഷ് കുമാറിനെ ഇറക്കിയതും ദിലീപാണ്.

ഏറെ കാലത്തിന് ശേഷമാണ് മലയാള സിനിമയിൽ ദിലീപ് ഇടപെടലുണ്ടാകുന്നത്. നടിയെ ആക്രമിച്ച കേസിൽ വിചാരണ നേരിടുന്ന ദിലീപ് അന്ന് അറസ്റ്റിലായ ശേഷം പതിയെ പിന്നോട്ട് മാറിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ സജീവമായി ഇടപെടാൻ ദിലീപ് തീരുമാനിക്കുകയായിരുന്നു. സുരേഷ് കുമാറും ദിലീപും നല്ല അടുപ്പത്തിലാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് മോഹൻലാലിന്റെ അടുത്ത സുഹൃത്തായ സുരേഷ് കുമാറിനെ ചർച്ചകളിലേക്ക് കൊണ്ടു വരാൻ സിനിമാ സംഘടനകൾക്കായത്. ലാലുമായും ആന്റണി പെരുമ്പാവൂരുമായി ചർച്ച നടത്തി ഫോർമുല സുരേഷ് കുമാർ ഉണ്ടാകും. മരയ്ക്കാർ തിയേറ്ററിൽ എത്തിക്കാൻ കഴിയുമെന്നാണ് ഇപ്പോൾ സിനിമാക്കാരുടെ പ്രതീക്ഷ.

90 കോടിയോളം രൂപ ചെലവിട്ടാണ് മരയ്ക്കാർ നിർമ്മിച്ചത്. ഇത്രയും തുക ഒടിടിയിൽ നിന്ന് മരയ്ക്കാറിന് കിട്ടില്ലെന്ന് ഏവർക്കും ഉറപ്പായിരുന്നു ഇതോടെയാണ് ആന്റണിയുടെ ആവശ്യങ്ങൾ തിയേറ്ററുകൾ തള്ളിക്കളഞ്ഞത്. എന്നാൽ ബ്രോഡാഡിയും എലോണും ട്വൽത്തുമാനും ഒടിടിക്ക് കൊടുത്ത് പാക്കേജായി മരയ്ക്കാറെ വിൽക്കാൻ തീരുമാനിച്ചു. ഇതോടെ നാല് സിനിമയ്ക്കുമായി 160 കോടിയിൽ അധികം ആശിർവാദ് സിനിമാസിന് കിട്ടുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു. ഈ വാർത്ത മറുനാടൻ പുറത്തു വിട്ടതോടെ തിയേറ്ററുകാർ അങ്കലാപ്പിലായി. ആന്റണിയുടെ 200 തിയേറ്ററുകൾ എന്ന ആവശ്യം അംഗീകരിക്കാനാണ് സാധ്യത.

ഇത്രയും വലിയൊരു സിനിമ റിസ്‌ക് എടുത്ത് തിയേറ്ററുകാർക്ക് വേണ്ടി റിലീസ് ചെയ്യുമ്പോൾ 86 തിയേറ്ററിൽ പ്രദർശിപ്പിച്ചാൽ മതിയോ? വൈകാരികമായി ഇതിനെ എടുത്ത് വായിൽത്തോന്നുന്നത് വിളിച്ചുപറയുന്നത് ശരിയല്ല. സത്യാവസ്ഥകൾ ഇതിന്റെ പുറകിലുണ്ട്. ഒ.ടി.ടി റിലീസിന് കൊടുക്കാമെന്നത് ഒരു നിർമ്മാതാവിന്റെ തീരുമാനമാണെങ്കിൽ ഞങ്ങൾ അതിനെ സ്വാഗതം ചെയ്യുകയും പിന്തുണയക്കുകയും ചെയ്യുമെന്ന് സിയാദ് കോക്കറിനെ പോലുള്ളവർ പരസ്യമായി വിശദീകരിച്ചിരുന്നു. 200 തിയേറ്ററിൽ മൂന്നാഴ്ച മരക്കാർ പ്രദർശിപ്പിക്കാമെന്ന് നേരത്തെ ഫിയോക് ആന്റണി പെരുമ്പാവൂരിന് വാഗ്ദാനം നൽകിയിരുന്നു. നിലവിൽ 50 ശതമാനമാണ് ഓഡിയൻസ്. എന്തുനഷ്ടവും സഹിച്ച് ഇദ്ദേഹം റിലീസ് ചെയ്തോട്ടെ എന്ന് പറയുന്നതിൽ എന്ത് മര്യാദയാണ് ഉള്ളതെന്നും സിയാദ് കോക്കർ ചോഗിത്തിരുന്നു,

രണ്ടുകൂട്ടരും സഹകരിക്കണം. തിയേറ്ററിൽ ആള് കയറണം. അതേപോലെ ആന്റണി പെരുമ്പാവൂരിന് നഷ്ടം വരാനും പാടില്ല. അതിനൊരു പോംവഴിയാണ് കാണേണ്ടത്. ഇത്രയും മുതൽമുടക്കുള്ള തിയേറ്ററിലേക്കായി കാത്തിരുന്ന സിനിമ വെറും 86 തിയേറ്ററിൽ റിലീസ് ചെയ്തോ എന്ന് പറയുന്നത് ശരിയല്ല. സാധാരണ സിനിമയായി ഇതിനെ കാണുന്നതും ശരിയല്ല. ലാഭമല്ല മുതൽമുടക്കെങ്കിലും തിരിച്ചുകിട്ടുന്ന പ്രൊപ്പോസൽ വന്നാലേ ഒ.ടി.ടിക്ക് കൊടുക്കൂ എന്നേ ആന്റണി പറഞ്ഞിട്ടുള്ളൂ. മനോവിഷമം കൊണ്ടാണ് അദ്ദേഹം പറഞ്ഞത്. അതിന്റെ പുറത്ത് വെല്ലുവിളി ഉയർത്തുന്നത് ശരിയല്ല. മോഹൻലാലിനേയും പൃഥ്വിരാജിനേയും ബാൻ ചെയ്യുമെന്നൊന്നും പറയുന്നത് ശരിയല്ലെന്നും സിയാദ് കോക്കർ വിശദീകരിച്ചിരുന്നു.

നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഫിലിം ചേമ്പറും സജീവമായി രംഗത്തുണ്ട്. നാല് മോഹൻലാൽ ചിത്രങ്ങൾ ഒടിടിയിലേക്ക് പോകുമെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ മരയ്ക്കാറെ തിയേറ്ററിൽ പിടിച്ചു നിർത്താനാണ് ചേമ്പറിന്റെ ശ്രമം. അമ്പത് ശതമാനം പ്രേക്ഷകരുമായി മരയ്ക്കാറെ തിയേറ്ററിലേക്ക് വിടില്ലെന്ന നിലപാടിലാണ് ആശിർവാദ് സിനിമാസ്. തിയേറ്ററിൽ മൊത്തം സീറ്റിലും ആളെ കയറ്റാൻ തയ്യാറായാൽ മരയ്ക്കാറെ തിയേറ്ററിൽ റിലീസ് ചെയ്യിക്കാമെന്നാണ് ആന്റണി പെരുമ്പാവൂരിന്റെ പുതിയ നിലപാട്. ഈ സാഹചര്യത്തിൽ തിയേറ്റർ പൂർണ്ണമായും പ്രവർത്തിപ്പിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് ഫിലിം ചേമ്പറിന്റെ തീരുമാനം.

മോഹൻലാലിന്റെ ബ്രോ ഡാഡിയും ട്വൽത്ത് മാനും എലോണും ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. ചെറിയ ബജറ്റിൽ എടുത്ത ചിത്രങ്ങളാണ് ഇതെല്ലാം. ഇതിനെ ഫിലിം ചേമ്പർ എതിർക്കില്ല. എന്നാൽ തിയേറ്റർ റിലീസിന് വേണ്ടിയൊരുക്കിയ മരയ്ക്കാർ തിയേറ്ററിൽ തന്നെ കാണിക്കണമെന്നാണ് ആവശ്യം. ഇത് അംഗീകരിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് ആന്റണി പെരുമ്പാവൂരും അറിയിച്ചിട്ടുണ്ട്. അമ്പത് ശതമാനം പേരെ മാത്രം തിയേറ്ററിൽ കയറ്റുമ്പോൾ മരയ്ക്കാറിന് നേട്ടമുണ്ടാക്കാനാകില്ലെന്നത് വസ്തുതയാണ്. ഇത് ഫിലിം ചേമ്പറും സമ്മതിക്കുന്നു. അതുകൊണ്ടു തന്നെ ഏറ്റുമുട്ടലിന്റെ പാതിയിലേക്ക് കാര്യങ്ങൾ കൈവിടാതെ ചേമ്പർ പ്രത്യേകം ശ്രദ്ധിക്കും.

മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ ചേമ്പറിനെ ഞെട്ടിച്ചിരുന്നു റിലീസുമായി ബന്ധപ്പെട്ട് ആമസോൺ പ്രൈമുമായി അണിയറ പ്രവർത്തകർ ചർച്ചനടത്തുകയും അന്തിമ ധാരണയിൽ എത്തുകയും ചെയ്തു. എന്നാൽ ഇതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പിട്ടില്ല. ഈ സാഹചര്യത്തിലാണ് മരയ്ക്കാറെ തിരികെ പിടിക്കാനുള്ള നീക്കം. ക്രിസ്മസിന് മുമ്പ് തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും ആളുകളെ കയറ്റാനാകുമെന്ന നിലപാടിലാണ് ചേമ്പർ. ഇതിന് സർക്കാർ അനുമതി നേടിയെടുക്കാൻ ശ്രമിക്കും. ക്രിസ്മസിനാണ് മരയ്ക്കാർ റിലീസ് ആമസോണിലും ആന്റണി പെരുമ്പാവൂർ പ്ലാൻ ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം ചേമ്പർ നടത്തുന്നത്.