മലയാളികളുടെ ഇഷ്ട താരജോഡികളായ ഇന്ദ്രജിത്തിന്റേയും പൂർണിമയുടേയും വിവാഹം കഴിഞ്ഞിട്ട് 18 വർഷം തികഞ്ഞു. 18ാം വിവാഹവാർഷിക ദിനത്തിൽ പൂർണിമ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്. തങ്ങളുടെ വിവാഹത്തിന് പ്രായപൂർത്തിയായതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടുള്ളതാണ് ചിത്രങ്ങൾ.

കടൽ തീരത്തു നിൽക്കുന്ന താരദമ്പതികളാണ് ചിത്രത്തിൽ. സീക്വൻസ് പതിച്ച സ്ലീവ് ലസ് വസ്ത്രത്തിൽ അതിമനോഹരിയാണ് പൂർണിമ. പ്രിന്റഡ് ഷർട്ടാണ് ഇന്ദ്രജിത്തിന്റെ വേഷം. ഞങ്ങളുടെ വിവാഹത്തിന് 18 തികഞ്ഞു, ഇപ്പോൾ പൂർണമായും നിയമപരമായി- എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ. കൂടാതെ സൂപ്പർഹിറ്റ് ചിത്രം ദിൽവാനേ ദുൽഹനിയ ലേ ജായേങ്കേയിലെ ഒരു ഡയലോഗും ഉൾപ്പെടുത്തിയിട്ടുണ്ട്. ജാ സിമ്രൻ ജാ, ജീ ലേ ആപ്‌നി സിന്തഗി എന്നാണ് പൂർണിമ കുറിച്ചിരിക്കുന്നത്.

പൂർണിമയുടെ പിറന്നാൾ കൂടിയാണ് ഇന്ന്. തന്റെ പ്രിയതമയ്ക്ക് പിറന്നാൾ- വിവാഹവാർഷിക ആശംസകളുമായി ഇന്ദ്രജിത്ത് എത്തിയിരുന്നു. ഈ വർഷം ബുദ്ധിമുട്ടേറിയതായിരുന്നെങ്കിലും നമ്മുടെ പ്രണയം കൂടുതൽ മികച്ചതായെന്നാണ് താരം കുറിച്ചത്. ഗീതു മോഹൻദാസ്, മഞ്ജു വാര്യർ, നിമിഷ സജയൻ, സാനിയ ഇയ്യപ്പൻ, ജോജു ജോർജ്, സൗബിൻ ഷാഹിർ തുടങ്ങിയ നിരവധി താരങ്ങളാണ് ദമ്പതിമാർക്ക് ആശംസകൾ നേർന്നിരിക്കുന്നത്.

കഴിഞ്ഞ വിവാഹ വാർഷികത്തിന് അതിമനോഹരമായ ഒരു ഓർമ്മക്കുറിപ്പായിരുന്നു പൂർണിമ പങ്കുവച്ചിരുന്നത്. തങ്ങളുടെ പ്രണയനാളുകളെ കുറിച്ചായിരുന്നു അന്ന് പൂർണിമ എഴുതിയത്.

"അന്ന് അവനെന്നോട് വിവാഹാഭ്യർഥന നടത്തി. ഞങ്ങൾ​ ആദ്യമായി ഒന്നിച്ച് ഒരു ഫൊട്ടോ എടുത്ത ദിവസം. എനിക്ക് 21 വയസായിരുന്നു. അവന് 20ഉം. ഞാൻ ഒരു നടിയായിരുന്നു. അവൻ ഒരു വിദ്യാർത്ഥിയും. ഈ ദിവസം ഞാൻ വളരെ വ്യക്തമായി ഓർക്കുന്നു. ദൈവമേ, ഞങ്ങൾ വളരെയധികം പ്രണയത്തിലായിരുന്നു. ഞങ്ങളുടെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു. തൊണ്ട വരണ്ടു പോകുന്നുണ്ടായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. ഇത് എന്താണെന്ന് ഊഹിക്കാമോ? ഈ ചിത്രം എടുത്തത് അമ്മയാണ്. ഇത് ക്ലിക്കുചെയ്യുമ്പോൾ ഞങ്ങളുടെ തലയിൽ എന്തായിരുന്നു ഉണ്ടായിരുന്നതെന്ന് അമ്മയ്ക്ക് എപ്പോഴെങ്കിലും അറിയാമോ എന്ന് ഞാൻ അത്ഭുതത്തോടെ ഓർക്കുമായിരുന്നു. ഇപ്പോൾ അമ്മയെ നന്നായി അറിയാം. അമ്മയ്ക്ക് ഇതെല്ലാം അറിയാമായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. 3 വർഷത്തെ പ്രണയവും 17 വർഷത്തെ ദാമ്പത്യവും. നമ്മുടേത് മനോഹരമായ യാത്രയായിരുന്നു ഇന്ദ്രാ. വാർഷികാശംസകൾ," എന്നായിരുന്നു പൂർണിമയുടെ വാക്കുകൾ.

It's been a tough year, but our love's been tougher! To many more good times, fun, laughter and companionship.. here's...

Posted by Indrajith Sukumaran on Saturday, December 12, 2020