നൈനിറ്റാൾ: വനത്തിലൂടെയുള്ള റോഡുകൾ പലപ്പോഴും വന്യജീവികളുടെ സ്വൈര്യവിഹാരത്തിന് ഭം​ഗം വരുത്താറുണ്ട്. ഒരേസമയം വന്യജീവികൾക്കും മനുഷ്യർക്കും ജീവന് തന്നെ ഭീഷണി ഉയരുന്ന സാഹചര്യവും സംജാതമാകാറുണ്ട്. അതുകൊണ്ട് തന്നെ വനമേഖലയിലൂടെയുള്ള റോഡുകൾ വരുന്ന സമയങ്ങളിൽ പരിസ്ഥിതി പ്രവർത്തകരിൽ നിന്നും മൃ​ഗസ്നേഹികളിൽ നിന്നും എതിർപ്പുകളും ഉയരുക സ്വാഭാവികമാണ്. ഇപ്പോഴിതാ, വനത്തിന് നടവിലൂടെയുള്ള ഒരു റോഡിൽ ഇഴജന്തുക്കൾക്കായി മേൽപ്പാലം പണിഞ്ഞിരിക്കുകയാണ് ഉത്തരാഖണ്ഡ് സർക്കാർ. കാലാധുങ്കി-നൈനിറ്റാൾ ഹൈവേ കടന്നുപോകുന്ന റാം നഗർ ഫോറസ്റ്റ് ഡിവിഷനിലാണ് സർക്കാർ ഇങ്ങനെയൊരു മേൽപ്പാലം പണിതത്.

ഉത്തരാഖണ്ഡിലെ തിരക്കേറിയ ഹൈവേകളിൽ ഒന്നാണ് കാലാധുങ്കി-നൈനിത്താൾ ഹൈവേ. റാം നഗർ ഫോറസ്റ്റ് ഡിവിഷനിലൂടെ പോകുന്ന ഈ ഇരട്ടലൈൻ ദേശീയ പാതയിലൂടെ നിത്യേന നിരവധി ചരക്കുലോറികളും, ബസ്സുകളും, കാറുകളും ഒക്കെ കടന്നു പോകുന്നുണ്ട്. കാട്ടിലൂടെ സഞ്ചരിക്കുന്ന പാമ്പുകളും മറ്റുള്ള ഇഴ ജീവികളും അതുപോലെ ചെറിയ മൃഗങ്ങളും മറ്റും റോഡുമുറിച്ചു കടക്കുമ്പോൾ ഈ വാഹനങ്ങൾക്ക് അടിയിൽ പെട്ട് അവയ്ക്ക് ജീവാപായം സംഭവിക്കാറുമുണ്ട്. അതിന് പരിഹാരമായാണ് പാമ്പുകൾക്കും മറ്റുള്ള ഇഴജീവികൾക്കും സ്വൈര്യമായി റോഡ് മുറിച്ചു കടക്കാനുള്ള ഈ എക്കോ ഫ്രണ്ട്ലി മരപ്പാലം.

ഹൈവേയിലെ U ആകൃതിയിലുള്ള ഒരു വലിയ വളവിലാണ് ഈ മേൽപ്പാലം സ്ഥാപിച്ചിട്ടുള്ളത്. സാമാന്യം വേഗത്തിലാണ് ഇവിടേക്ക് വാഹനങ്ങൾ വന്നെത്തുന്നത്. വളവായതുകാരണം വാഹനങ്ങൾക്ക് മൃഗങ്ങളെ നേരത്തെ കാണാൻ സാധിക്കാറില്ല. അവസാന നിമിഷം ബ്രെക്കിടേണ്ടി വരുമ്പോൾ അത് അപകടങ്ങൾക്കുവരെ കാരണമാകാം. ഈ പുതിയ പാലം കൊണ്ട് ആ ഒരു സാഹചര്യം പരിഹരിക്കപ്പെട്ടാലോ എന്ന പ്രതീക്ഷയിലാണ് അധികാരികൾ ഇങ്ങനെ ഒരു നടപടിയുമായി മുന്നോട്ട് വന്നിട്ടുള്ളത്.

മുള, ജൂട്ട്, പുല്ല് എന്നിവ കൊണ്ട്, അഞ്ചടി വീതിയിൽ, തൊണ്ണൂറടി നീളത്തിൽ, രണ്ടു ലക്ഷം രൂപ ചെലവിട്ടുണ്ടാക്കിയ ഈ പാലത്തിന് ഒരേസമയം മൂന്നു പേരുടെ ഭാരം താങ്ങാനുള്ള ശേഷിയുണ്ട് എന്ന് പാലം കമ്മീഷൻ ചെയ്ത കോൺട്രാക്ടർ അറിയിച്ചു. ഇതുവഴി പോകുന്ന പെരുമ്പാമ്പുകളും, പുലികളും വരെ താമസിയാതെ ഈ പാലം പ്രയോജനപ്പെടുത്തും എന്നാണ് ഇങ്ങനെ ഒരു പദ്ധതി വിഭാവനം ചെയ്ത വനം വകുപ്പിന്റെയും പ്രതീക്ഷ. എന്തായാലും, ഇങ്ങനെ ഒരു പാലമുണ്ടാക്കിയിട്ട് അതിലൂടെ പാമ്പുകൾ പോകുന്നുണ്ടോ എന്നറിയാൻ വേണ്ടി നാല് സിസിടിവി ക്യാമറകൾ കൂടി സ്ഥാപിച്ച്, ഇതിന്റെ ഫലസിദ്ധിയെപ്പറ്റി ഒരു പഠനം കൂടി വനം വകുപ്പ് നടത്തുന്നുണ്ട്. ഇങ്ങനെയുള്ള സംവിധാനങ്ങളുമായി മൃഗങ്ങളും മറ്റുള്ള ഇഴജീവികളും ഒക്കെ പൊരുത്തപ്പെടുന്നുണ്ട്, അവ ഉപയോഗപ്പെടുത്താൻ അവ തയ്യാറാകുന്നുണ്ട് എന്നുകണ്ടാൽ ഇതുപോലുള്ള കൂടുതൽ പാലങ്ങൾ നിർമ്മിക്കാനും വനം വകുപ്പിന് പദ്ധതിയുണ്ട്.