തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ നാളെ മുതൽ അടച്ചിടും. ബാർ ഹോട്ടൽ ഉടമകളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. വെയർ ഹൗസ് മാർജിൻ ബെവ്‌കോ വർധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന സൂചനയെ തുടർന്നാണ് തീരുമാനം. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷനാണ് ബാറുകൾ അടയ്ക്കാൻ തീരുമാനിച്ചത്.

കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകളും മദ്യവിൽപ്പന നിർത്തിവെച്ചേക്കും. കൺസ്യൂമർ ഫെഡിന്റേത് എട്ടിൽ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് വെയർ ഹൗസ് മാർജിൻ ഉയർത്തിയത്. ബെവ്‌കോയിൽ നിന്ന് വിൽപ്പനയ്ക്കായി മദ്യം വാങ്ങുമ്പോൾ ഈടാക്കുന്ന വെയർ ഹൗസ് മാർജിൻ വർധിപ്പിച്ചതിന് പിന്നാലെയാണ് മദ്യവിൽപ്പനയിലെ പ്രതിസന്ധി. വെയർ ഹൗസ് മാർജിൻ വർദ്ധിപ്പിക്കുമ്പോഴും റീടെയ്ൽ വില ഉയർത്താൻ അനുവാദമില്ലാത്തതാണ് കൺസ്യൂമർ ഫെഡിനും ബാറുകൾക്കും തിരിച്ചടിയായത്.

ബാറുകൾ ഉൾപ്പെടുന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ സർക്കാരിനെ സമീപിച്ചിരുന്നു. പ്രശ്‌നം പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. പരിഹാരം ഉണ്ടാകുന്നതുവരെ ബാറുകൾ അടച്ചിടാനാണ് അസോസിയേഷന്റെ തീരുമാനം. പുതിയ ഉത്തരവ് ബാറുകൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. മദ്യ വിൽപ്പനയിലെ ലാഭം ഉപയോഗിച്ചാണ് കൺസ്യൂമർ ഫെഡിന്റെ കിറ്റ് വിതരണം. മദ്യവിതരണം തടസപ്പെട്ടാൻ കിറ്റ് വിതരണവും പ്രതിസന്ധിയിലാകും.

കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകളിലും മദ്യവിൽപന പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ചെറിയ ലാഭം പോലുമില്ലാതെ മദ്യവിൽപ്പന നടത്താൻ കഴിയില്ലെന്നാണ് കൺസ്യൂമർ ഫെഡ് നിലപാട്. മദ്യത്തിന്റെ പുതിയ സ്റ്റോക്ക് എടുക്കേണ്ടെന്ന് കൺസ്യൂമർഫെഡ് എംഡി ഔട്ട് ലെറ്റുകൾക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.