കോട്ടയം: എസ്ഡിപിഐ വോട്ട് തനിക്ക് വേണ്ടെന്ന നിലപാടിയിൽ മലക്കം മറിഞ്ഞ് പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് താൻ പറയില്ലെന്നും അവർക്ക് സൗകര്യമുണ്ടെങ്കിൽ വോട്ട് ചെയ്തോട്ടെയെന്നും പിസി ജോർജ് പറഞ്ഞു. എസ്ഡിപിഐക്കാരെ തള്ളിപ്പറയുന്നതൊന്നും തനിക്ക് ഇഷ്ടമല്ലെന്നും അവരോട് വ്യക്തിവിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.

പിസി ജോർജ് പറഞ്ഞത് ഇങ്ങനെ: 'അന്ന് ഞാൻ അങ്ങനെ പറഞ്ഞു. അവർക്ക് സൗകര്യമുണ്ടെങ്കിൽ വോട്ട് ചെയ്തോട്ടെ. ഞാൻ നിർബന്ധിക്കാനില്ല. കാരണം ആരുടെ വോട്ട് വേണ്ടെന്നും ഒരു സ്ഥാനാർത്ഥിയും പറയില്ലല്ലോ. അപമാനിക്കപ്പെട്ടാൽ മറുപടി പറയണ്ടേ. ആരെങ്കിലും മുഖത്ത് നോക്കി വർത്തമാനം പറഞ്ഞാൽ വേണ്ടെന്ന് പറയാനുള്ള തന്റേടം കാണിക്കണ്ടേ. അതുകൊണ്ട് പറഞ്ഞതാണ്. ഇവരോട് ആരോടും വ്യക്തിവിരോധമില്ല'

'മുസ്ലിം തീവ്രവാദപ്രസ്ഥാനമായി എസ്ഡിപിഐ മാറരുത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എന്നെ സഹായിച്ച മാന്യന്മാരായ ചെറുപ്പക്കാരുള്ള സംഘടനയാണ്. ആ സംഘടന എങ്ങനെ ഭീകരവാദത്തിലേക്ക് പോകുന്നു. അഭിമന്യുവിനെ കുത്തിക്കൊന്നതൊക്കെ നമുക്ക് അറിയാം. പടച്ചവനെയോർത്ത്, നബി തിരുമേനിയെ ഓർത്ത്. പരിശുദ്ധ ഖുറാനെ ഓർത്ത് നിങ്ങൾ ഭീകരവാദം ഉപേക്ഷിക്കണം. ഇന്ത്യയുടെ ശക്തരായ വക്താക്കളാകണം നിങ്ങൾ. ഇതാണ് എന്റെ അപേക്ഷ. അല്ലെതെ എസ്ഡിപിഐക്കാരെ തള്ളിപ്പറയുന്നതൊന്നും എനിക്ക് ഇഷ്ടമല്ല.''