കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലേക്ക് തെരഞ്ഞെടുപ്പിന് മുന്ന് കൂട്ടത്തോടെ നേതാക്കളുടെ ഒഴുക്കായിരുന്നു. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന തോന്നലായിരുന്നു ഇതിന് ഇടയാക്കിയത്. എന്നൽ, ഫലം വന്നതോടെ കണക്കു കൂട്ടലെത്താം തെറ്റി. രണ്ട് എൽഎൽഎമാരുടെ പ്രതിപക്ഷ പാർട്ടിയായി പി ജെ ജോസഫിന്റെ പാർട്ടി മാറി. ഇതോടെ നേതാക്കൾ കൊഴിഞ്ഞു പോകാൻ ശ്രമം തുടങ്ങിയതോടെ പിടിച്ചു നിർത്താൻ എല്ലാവർക്കും പദവി നൽകുന്ന സംവിധാനമായി കേരളാ കോൺഗ്രസിൽ. ഇതിനിടെ പി സി തോമസ് കൂടി ലയിച്ചതോടെ പാർട്ടിയിൽ നേതാക്കൾ മാത്രമായി മാറുകയും ചെയ്തു.

നേതാക്കളെ ഇവരെ തൃപ്തിപ്പെടുത്താൻ ഭാരവാഹിത്വങ്ങളുടെ പെരുമഴ തന്നെ തീർക്കേണ്ടി വരികയാണ് ജോസഫിന്. ഫലത്തിൽ പാർട്ടിക്കുള്ളിൽ ജനറൽ സെക്രട്ടറിമാരുടെയും ഉപാധ്യക്ഷന്മാരുടെയും എണ്ണം പെരുകി. ഉപദേശകസമിതിയും ചീഫ് കോ-ഓർഡിനേറ്ററും കൂടിയായപ്പോൾ പദവികളുടെ സമ്പന്നതയിലായി പി.ജെ. ജോസഫ് നയിക്കുന്ന കേരള കോൺഗ്രസ്. 14 വൈസ് ചെയർമാന്മാരിൽ മൂന്നു പേർ പത്തനംതിട്ടയിലെ നേതാക്കളാണെന്നതും ശ്രദ്ധേയമാണ്.

55 ജനറൽ സെക്രട്ടറിമാരെയാണ് തിരഞ്ഞെടുത്തതെന്നാണ് ഔദ്യോഗികമായി പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്. എന്നാൽ, കൃത്യമായി തിട്ടപ്പെടുത്തിയാൽ ജനറൽ സെക്രട്ടറിമാരുടെ എണ്ണം എഴുപതും കടക്കുമെന്ന ആക്ഷേപം കേരള കോൺഗ്രസിൽതന്നെ ഉയർന്നിട്ടുണ്ട്. കത്ത് മുഖേനയും വാട്‌സാപ് വഴിയുമാണ് പുതിയ ജനറൽ സെക്രട്ടറിമാർ പദവി കിട്ടിയ കാര്യം അറിഞ്ഞത്. മുൻ എംപി. ജോയ് എബ്രഹാമാണ് സംഘടനാ ചുമതലയുള്ള സെക്രട്ടറി ജനറൽ. കെ.എം. മാണിക്കൊപ്പം പി.െജ.ജോസഫ് നിലയുറപ്പിച്ചിരുന്ന മുൻകാലത്ത് ജംബോകമ്മിറ്റി ഒഴിവാക്കുന്നതിന് നേതൃത്വം നൽകിയതിൽ പ്രധാനി ജോയ് എബ്രഹാമാണ്. ജനറൽ സെക്രട്ടറിമാരുടെ എണ്ണം 68-ൽ നിന്ന് 25 ആയാണ് അന്ന് വെട്ടിച്ചുരുക്കിയത്. 2018-ലായിരുന്നു ഇത്. മാണി വിഭാഗത്തിലിപ്പോഴുള്ളത് 16 ജനറൽസെക്രട്ടറിമാരാണ്. പക്ഷേ, നിലവിലെ പശ്ചാത്തലം ഇത്തരം നിലപാട് കൈക്കൊള്ളാൻ അവസരമേകുന്നില്ലെന്നാണ് ജോസഫ് പക്ഷത്തെ നേതാക്കളുടെ വിശദീകരണം.

എന്നാൽ, ജംബോകമ്മിറ്റി ഒഴിവാക്കാൻ കോൺഗ്രസ് പോലും തീരുമാനമെടുത്ത കാലത്ത് കേരള കോൺഗ്രസിന് മാറിചിന്തിക്കാൻ കഴിയാത്തത് പ്രവർത്തകരിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്. സാഹചര്യം അനുകൂലമല്ലാത്തതാണ് ജംബോകമ്മിറ്റി പോലെയുള്ള ''കടുത്ത നടപടി'' അനിവാര്യമാക്കിയതെന്നാണ് പാർട്ടിയിലെ ഉയർന്ന നേതാക്കൾ വിശദമാക്കുന്നത്.

രാഷ്ട്രീയ കൗശലത്തോടെ മറുഭാഗത്ത് ജോസ് കെ.മാണി പക്ഷം നിലകൊള്ളുന്നത് ജോസഫിനൊപ്പമുള്ള പ്രധാന നേതാക്കളിലും പിരിമുറുക്കം തീർക്കുന്നു. രാഷ്ട്രീയ മോഹതകർച്ച നേരിട്ടവർക്ക് നേരെ സഹായഹസ്തം നീട്ടാനും എതിർപക്ഷം തുനിേഞ്ഞക്കാമെന്ന് ജോസഫ് വിഭാഗത്തിൽ വിലയിരുത്തലുണ്ട്. പി.ജെ. ജോസഫാണ് പാർട്ടി ചെയർമാൻ. പി.സി. തോമസ് വർക്കിങ് ചെയർമാനും. ഒരു എക്‌സിക്യുട്ടീവ് ചെയർമാനും മൂന്ന്‌ െഡപ്യൂട്ടി ചെയർമാന്മാർക്കും പുറമേയാണ് 14 വൈസ് ചെയർമാന്മാരെകൂടി പാർട്ടിയെ ശക്തമാക്കാൻ നിയോഗിച്ചിട്ടുള്ളത്.

അതേസമയം എങ്ങനെയെങ്കിലും ചെറിയ സ്ഥാനം കിട്ടിയാൽ പോലും മറുകണ്ടം ചാടാം എന്ന ആലോചനയിലാണ് ചില നേതാക്കൾ. ഇവരിൽ ചിലർ ജോസ് കെ മാണിയുമായി രഹസ്യ ചർച്ച നടത്തുകയും ചെയ്യുന്നുണ്ട്. എന്തായാലും നേതാക്കൽ തിങ്ങി നിറഞ്ഞുള്ള ഈ നിൽപ്പ് അധിക കാലം പോകില്ലെന്നാണ് അടക്കം പറച്ചിലുകൾ.