കണ്ണൂർ: കണ്ണൂരിൽ ഐ.ആർ.പി.സി നടത്തുന്ന സമുഹ കിച്ചണിന്റെ മുഖ്യ സംഘാടകനായി അമ്പാടി മുക്ക് സഖാവ് എൻ. ധീരജ് കുമാർ. കണ്ണുർ നഗരത്തിലെ എസ്.എൻ പാർക്കിന് സമീപമുള്ള ഹോട്ടൽ മാസ്‌കോട്ട് പാരഡൈസിലാണ് കഴിഞ്ഞ ദിവസം ഐ.ആർ.പി.സി സമൂഹ അടുക്കള തുടങ്ങിയത്. ഐ.ആർ.പി.സി ഉപദേശക സമിതി ചെയർമാനായ പി.ജയരാജനാണ് സമൂഹ കിച്ചണിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

നിത്യവും അഞ്ഞൂറോളം പൊതിച്ചോറുകളാണ് ഐ.ആർ.പി.സി വിതരണം നടത്തുന്നത് ഇതിന്റെ മുഖ്യ സംഘാടകനായാണ് പി.ജയരാജനോടൊപ്പം അമ്പാടി മുക്ക് സഖാവായ ധീരജ് കുമാർ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.ജയരാജന് മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് എൻ. ധീരജ് കുമാർ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. ഇതിനു ശേഷം ജയരാജന് സീറ്റു നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്നും ധീരജ് കുമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.

പി.ജയരാജനെപ്പോലുള്ള ജനകീയ അംഗീകാരമുള്ള നേതാക്കളെ പാർട്ടി തഴയുകയാണെന്നായിരുന്നു ധീരജ് കുമാറിന്റെ ആരോപണം. എന്നാൽ സിപിഎം പള്ളിക്കുന്ന് ലോക്കലിലെ ചെട്ടി പീടിക ബ്രാഞ്ച് അംഗമായ ധീരജ് കുമാറിനെ പാർട്ടിയിൽ നിന്നും തൽക്ഷണം പുറത്താക്കിയാണ് സിപിഎം കണ്ണൂർ ജില്ലാ പ്രതികരിച്ചത്. എന്നാൽ ഇതിനു ശേഷം താനും തന്നോടൊപ്പമുള്ളവരും അഴീക്കോട്, കണ്ണൂർ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിക്കുമെന്ന് ധീരജ് കുമാർ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അനുനയിക്കപ്പെടുകയായിരുന്നു. തനിക്ക് സീറ്റ് ലഭിക്കാത്തതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രതികരിച്ച പി.ജെ ആർമിയെയും തെരുവിൽ പ്രതിഷേധിച്ച അമ്പാടി മുക്ക് സഖാക്കളെയും ജയരാജൻ ഗത്യന്തരമില്ലാതെ തള്ളിപ്പറഞ്ഞിരുന്നു.

പാർട്ടി പുറത്താക്കിയ ധീരജ് കുമാർ പിന്നീട് ഇപ്പോഴാണ് പൊതുപ്രവർത്തന വേദിയിൽ സജീവമാകുന്നത്. സിപിഎം അച്ചടക്ക നടപടിയെടുത്തയാൾ പാർട്ടി നിയന്ത്രിത സന്നദ്ധ സംഘടനയുടെ മുഖ്യ ചുമതലക്കാരനാകുന്നത് സിപിഎമ്മിനുള്ളിൽ ചർച്ചയായിട്ടുണ്ട്. എന്നാൽ ഐ.ആർ.പിസിയിൽ ആർക്കും പ്രവർത്തിക്കാമെന്നും അതിന് രാഷ്ട്രീയമോ മറ്റു പരിഗണനകളോ ഇല്ലെന്നാണ് ജയരാജനെ അനുകൂലിക്കുന്നവരുടെ നിലപാട് അതുകൊണ്ടുതന്നെ കൊ വിഡ് കാലത്ത് നടത്തുന്ന സമൂഹ കിച്ചൺ പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കേണ്ടെന്നാണ് ഇവരുടെ നിലപാട്.

എന്നാൽ പാർട്ടി പുറത്താക്കിയ ഒരാൾ പാർട്ടി സംസ്ഥാന നേതാവ് നേതൃത്വം നൽകുന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത് അസ്വാഭാവിക സാഹചര്യമായും വിലയിരുത്തുന്നവരുമുണ്ട പി.ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന കാലയളവിലാണ് ആർഎസ്എസ് അമ്പാടി മുക്ക് ശാഖയിലെ അംഗങ്ങളായ എൻ. ധീരജ് കുമാർ ഉൾപ്പെടെയുള്ളവരെ സിപിഎമ്മിലേക്ക് കളം മാറ്റി കൊണ്ടുവന്നത്.

ഇതിനെ തുടർന്ന് അമ്പാടി മുക്ക് സഖാക്കൾ നടത്തിയ ശ്രീകൃഷ്ണ ജയന്തിയും വിനായക ചതുർത്ഥി ആഘോഷങ്ങളും വൻ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. വ്യക്തിപൂജയുടെ പേരിൽ പി.ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റപ്പെട്ടതോടെയാണ് അമ്പാടി മുക്ക് സഖാക്കളും അനാഥരായത്. പലരും പഴയ സംഘ പരിവാര ലാവണത്തിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. ഇപ്പോൾ ധീരജ് കുമാർ ഉൾപ്പടെയുള്ള വിരലിൽ എണ്ണാവുന്നവർ മാത്രമേ സിപിഎമ്മുമായി അടുപ്പം പുലർത്തുന്നവരുള്ളു. ഇതിൽ ഉൾപ്പെട്ടയാളാണ് എൻ. ധീരജ് കുമാർ