തിരുവനന്തപുരം: ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി കെടി ജലീൽ നൽകിയ ഹരജി ഹൈക്കോടതി തള്ളിയതോടെ ജലീലിന്റെ പഴയ വീഡിയോ പങ്കുവെച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. തനിക്കെതിരേയുള്ള ആരോപണം ശരിവച്ചാൽ പൊതുപ്രവർത്തനം നിർത്തുമെന്ന് ജലീൽ നിയമസഭയിൽ വെല്ലുവിളിക്കുന്ന വീഡിയോ ആണ് ഫിറോസ് പങ്കുവെച്ചിരിക്കുന്നത്. കമോൺട്രോ മഹേഷേ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഷെയർ ചെയ്തത്.

'പ്രതിപക്ഷം പറയുന്ന ആക്ഷേപം ശരിയാണെന്ന് തെളിയിച്ചാൽ അന്ന് ഞാനെന്റെ പൊതു പ്രവർത്തനം അവസാനിപ്പിക്കും, വെല്ലുവിളിയേറ്റെടുക്കാൻ തയ്യാറുണ്ടോ.' എന്നാണ് ജലീൽ വിഡിയോയിൽ പറയുന്നത്.

ലോകായുക്തയുടെ ഉത്തരവിൽ തെറ്റില്ലെന്നും, ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ലോകായുക്ത എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. എല്ലാ രേഖകളും പരിശോധിച്ച് ലോകായുക്ത പുറപ്പെടുവിച്ച ഉത്തരവിൽ ഇടപെടേണ്ടതില്ലെന്ന് നിലപാടെടുത്ത ഹൈക്കോടതി ജലീലിന്റെ ഹർജി തള്ളുകയായിരുന്നു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു സർക്കാർ കോടതിയിൽ പറഞ്ഞത്. ജലീലിന് പിന്തുണയുമായി നേരിട്ട് കോടതിയെ സമീപിക്കണമെന്നായിരുന്നു സർക്കാരിന് എ ജി നൽകിയ നിയമോപദേശം.

ചട്ടങ്ങൾ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് എജി സർക്കാരിന് നൽകിയ നിയമോപദേശം. ലോകായുക്ത ആക്ട് സെക്ഷൻ 9 പ്രകാരമുള്ള നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും നിയമോപദേശത്തിൽ എജി പറയുന്നു. പരാതി ലഭിച്ചാൽ അന്വേഷണത്തിന് മുമ്പ് എതിർകക്ഷിക്ക് പരാതിയുടെ പകർപ്പ് നൽകണമെന്നാണ് ഈ ചട്ടം അനുശാസിക്കുന്നത്.

ജലീലിന് പരാതിയുടെ പകർപ്പ് നൽകിയത് അന്തിമ ഉത്തരവിന് ഒപ്പമെന്നും ഇത് നിലനിൽക്കില്ലെന്നും എജി നിയമോപദേശത്തിൽ നിരീക്ഷിച്ചിരുന്നു. ഇതേ വാദങ്ങളാണ് കെ ടി ജലീൽ കോടതിയിലും ഉന്നയിച്ചത്. എന്നാൽ റിട്ട് ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുന്നതിൽ നിന്ന് അവസാന നിമിഷം സർക്കാർ പിന്മാറുകയായിരുന്നു.ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാരദുർവിനിയോഗം നടത്തിയെന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്ത വിധി.