കണ്ണൂർ: തലശ്ശേരി സെയ്ദാർ പള്ളിയിലെ ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ്സാണെന്ന് വരുത്തി തീർക്കാൻ സിപിഎം നടത്തിയ നികൃഷ്ടമായ ശ്രമത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്ക് കിട്ടിയ തിരിച്ചടിയാണ് സിബിഐ റിപ്പോർട്ടെന്ന് ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ്.മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം ഗൂഢാലോചനയ്ക്ക് കൂട്ടുനിന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരിക്കുകയാണ്. ഡിവൈഎസ്‌പിമാരായ പി.പി. സദാനന്ദൻ, പ്രിൻസ് എബ്രഹാം എന്നിവർക്കെതിരെയാണ് നടപടി ആവിശ്യപ്പെട്ടിരിക്കുന്നത്. സിഐ കെ.പി. സുരേഷ് ബാബുവിനെതിരെയും നടപടി എടുക്കണമെന്നും ഫസൽ അന്വേഷണ കേസിലെ തുടരന്വേഷണ റിപ്പോർട്ടിൽ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് സിബിഐ പ്രതിപട്ടികയിൽപ്പെടുത്തിയ ഉദ്യോഗസ്ഥർ ആ സ്ഥാനത്ത് തുടരാൻ യോഗ്യരല്ല.

ഫസൽ വധക്കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആദ്യമായി മാധ്യമങ്ങളെ അറിയിച്ച് വാർത്താ സമ്മേളനം നടത്തിയതും ഗൂഢാലോചന ലോകം അറിഞ്ഞതും ഈ അവസരത്തിൽ ഓർക്കുകയാണ്. ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ് ആണ് എന്നാണ് മറ്റൊരു കേസിലെ പ്രതിയായ സുബീഷിന്റെ മൊഴിയിലൂടെ പൊലീസ് സ്ഥാപിക്കാൻ ശ്രമിച്ചത്.ഈ വിഷയത്തിൽ ബിജെപി ശക്തമായ നിയമ പോരാട്ടം തുടങ്ങിയിരുന്നു.

ഇതിനിടെ ഹൈക്കോടതി ഇതിലിടപെടുകയും തുടരന്വേഷണം നിർദ്ദേശിക്കുകയും ചെയ്തു. തുടരന്വേഷണം നടത്തിയ സിബിഐ ആർഎസ്എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന വാദം തള്ളുകയും കാരായി രാജനും കാരായി ചന്ദ്രശേഖരനും അടക്കമുള്ളവർ തന്നെയാണ് പ്രതികളെന്ന് വ്യക്തമാക്കുകയും ചെയ്തു. ആ റിപ്പോർട്ടിലാണ് ആർഎസ്എസ് പ്രവർത്തകനായ സുബീഷിനെക്കൊണ്ട് ബലപ്രയോഗത്തിലൂടെ കള്ളമൊഴി രേഖപ്പെടുത്തിയ സംഭവത്തിൽ ഉന്നതപൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

വാളാങ്കിച്ചാൽ മോഹനൻ വധക്കേസിൽ സുബീഷിനെ കസ്റ്റഡിയിലെടുത്ത് അന്യായമായി തടങ്കലിൽവെച്ച് ഈ മൊഴി രേഖപ്പെടുത്തിയത് എന്നതാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ പൊലീസ് രേഖപ്പെടുത്തിയ മൊഴിയും ഫസൽ വധക്കേസിലെ സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ല എന്നും സിബിഐ വ്യക്തമാക്കുന്നു.

സുബീഷിനെ കസ്റ്റഡിയിൽ എടുക്കുന്നതിന് മുൻപ് തന്നെ കൊലപാതകത്തിന് പിന്നിൽ സുബീഷാണ് എന്ന് സിപിഎം പ്രചരിപ്പിച്ചു. ശേഷം വാളാങ്കിച്ചാൽ മോഹനൻ വധക്കേസിൽ സുബീഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. നമ്മുടെ നിയമ വ്യവസ്ഥയെ തന്നെ അട്ടിമറിക്കാനും ജുഡീഷറിയെ കബിളിപ്പിക്കാനും സിപിഎം നടത്തിയ ഹീനമായ ശ്രമവും ഇതിലൂടെ പുറത്തു വന്നിരിക്കുന്നു. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ പദവിയിൽ നിന്ന് മാറ്റി നിർത്താൻ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.