കണ്ണൂർ: അനായാസം ജയിക്കാമെന്ന മുൻവിധിയുമായി ബിജെപി നേതൃത്വം മുന്നോട്ടു പോയാൽ തിരുവനന്തപുരം കോർപ്പറേഷൻ ഫലം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് മുതിർന്ന നേതാവ് പി പി മുകുന്ദൻ. കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ബിജെപിക്ക് ആവേശം മാത്രമേയുള്ളൂ.

കെ. സുരേന്ദ്രന്റെ നേതൃത്വത്തിനെതിരേ പ്രവർത്തകർ നൽകിയ പരാതികൾ ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്ക് കൈമാറി. ദേശീയ നേതൃത്വത്തിൽ നിന്ന് ഇടപെടൽ പ്രതീക്ഷിക്കുകയാണ്. എംഎൽഎ സ്ഥാനം കിട്ടിയിട്ടും ഒ. രാജഗോപൽ പാർട്ടി നയത്തിനൊപ്പം നിന്നില്ല.

മാറ്റിനിർത്തിയവരെ തിരികെ കൊണ്ടുവന്നില്ലെങ്കിൽ അവർ എൽഡിഎഫിലേക്കോ യുഡിഎഫിലേക്കോ പോകുമെന്നും ഒരു ടെലിവിഷൻ ചാനലിനോട് അദ്ദേഹം പറഞ്ഞു.

'ആരും പോകാൻ പാടില്ല. ആരെയും പോകാൻ അനുവദിക്കാനും പാടില്ല. നഡ്ഡയ്ക്ക് ഞാനയച്ച കത്ത് അദ്ദേഹം കണ്ടു. അദ്ദേഹം ബംഗാളിലായതുകൊണ്ട് പ്രതികരിക്കാൻ സാധിച്ചില്ല, പക്ഷെ നേതൃത്വം കത്ത് ഗൗരവമായെടുക്കുമെന്നാണ് കരുതുന്നത്. മുൻവിധികളോടെ മുന്നോട്ടു പോകുന്നത് ഗുണം ചെയ്യില്ല. തിരുവനന്തപുരം കോർപ്പറേഷൻ ജയിക്കുമെന്ന് പറഞ്ഞു. 37 സീറ്റിനപ്പുറം പോവില്ലെന്ന് താൻ പറഞ്ഞു. പോയതുമില്ല. ഞാൻ പഠിച്ചാണ് കാര്യങ്ങൾ പറഞ്ഞത്. നേമത്ത് രാജഗോപാൽ ജയിച്ചെന്ന് കരുതി അടുത്തയാളും ജയിക്കുമെന്ന് ആരും കരുതരുത്' - മുകുന്ദൻ പറഞ്ഞു.

'രാജഗോപാൽ പാവമാണ്. പക്ഷെ നിയമസഭയിലെ നിലപാട് പ്രവർത്തകർക്ക് നിരാശയുണ്ടാക്കി. അങ്ങനെ വരാൻ പാടില്ല. നമ്മുടെ പ്രത്യയശാസ്ത്രം മുറുകെ പിടിക്കുന്ന പുതിയ ആളുകളെ കൊണ്ടുവരണം. കേരളത്തിൽ ഇന്നത്തെ പശ്ചാത്തലത്തിൽ ബിജെപിയെ മുന്നിലേക്ക് കൊണ്ടുവരേണ്ടത് ആവശ്യമാണ്. ശബരിമലയിൽ ശക്തമായ നിലപാടെടുത്തത് ബിജെപിയാണ്. പക്ഷെ നേട്ടമുണ്ടാക്കിയത് യുഡിഎഫും - മുകുന്ദൻ പറഞ്ഞു.