തിരുവനന്തപുരം: പാർട്ടി അച്ചടക്കം പരമപ്രധാനമാണെന്നും അച്ചടക്കം ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പുതുക്കിയ സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കിയ ശേഷമായിരുന്നു പ്രഖ്യാപനം. എന്നാൽ അത് കേൾക്കാതെ ഒരാൾ പെരുമാറി. പി ആർ ശിവശങ്കർ. ശിവശങ്കറിനെ തേടി അതിവേഗ പണിയെത്തി. ശിവശങ്കറിനെ ചാനൽ ചർച്ചകളിൽ നിന്ന് ബിജെപി മാറ്റി നിർത്തി. എല്ലാ ചാനലുകളിലേക്കും ശിവശങ്കറിനെ ബിജെപി പ്രതിനിധിയായി പങ്കെടുപ്പിക്കരുതെന്ന നിർദ്ദേശം കിട്ടി കഴിഞ്ഞു.

രണ്ടു പോസ്റ്റുകളാണ് ശിവശങ്കരിന് വിനയായത്. അതിലൊന്ന് ഇതാണ്. ബിജെപിയുടെ പുതിയ വക്താക്കളായി ബഹുമാന്യ പാർട്ടി അധ്യക്ഷൻ ശ്രീ ശ്രീ സുരേന്ദ്രൻ ജി നിശ്ചയിച്ച എന്റെ ഗുരുസ്ഥാനീയനായ ശ്രീ കെ വി എസ് ഹരിദാസിനും എന്റെ അടുത്ത സുഹൃത്ത് സന്ദീപ് വാചസ്പതിക്കും എന്റെ ആത്മ സുഹൃത്ത് ബിജുവിന്റെ ധർമ്മപത്‌നി അഡ്വ ടി പി സിന്ധുമോൾക്കും എല്ലാ ഭാവുകങ്ങളും. ഇവരുടെ കൂടെ നാരായൺ നമ്പൂതിരിയും സന്ദീപ് വാര്യരും ഉം . ഇനി ചർച്ചയിൽ ശരിക്കും തീ പാറും.

മുകളിലെത്തെ പോസ്റ്റിലെ വരികൾക്കിടയിൽ പ്രശ്‌നമുണ്ടെന്നാണ് കണ്ടെത്തൽ. ഇതിൽ സുരേന്ദ്രനെ ശ്രീ ശ്രീ എന്ന് വിശേഷിപ്പിച്ചു. വക്താവ് സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ മാറ്റിയതിന്റെ പ്രതികാരമാണ് ഈ രണ്ട് ശ്രീയെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി നേതാവായി പോലും ചാനൽ ചർച്ചകളിൽ ശിവശങ്കറിനെ പങ്കെടുപ്പിക്കരുതെന്ന നിർദ്ദേശം. നേരത്തെ റോണാൾഡോയുടെ നിക്കർ കീറിയ വിഷയത്തിലെ പോസ്റ്റും ഇപ്പോൾ ശിവശങ്കറിന് വിനയായി എന്നാണ് വിലയിരുത്തുന്നത്.

അയ്യോ സന്ദീപേ ... നിങ്ങൾ നിക്കർ 'കീറിപ്പോയ'വരുടെ ഒപ്പമാന്നോ? ഞങ്ങൾ കീറുന്നവരുടെ കൂടെയാണ്... അറിഞ്ഞില്ലേ... 'അഭിനയചക്രവർത്തിമാ'രുടെ 'കളസം' കീറുന്നകാലമാണുണ്ണി വരുന്നത്.. കുറച്ചുനാളായില്ലേ 'തറ' അഭിനയം കാട്ടി, നിലത്തുവീണ് ഉരുണ്ട്, ട്രൗസർ കീറി, ഷർട്ട് കീറി നാട്ടുകാരെ പറ്റിക്കുന്നു, പറഞ്ഞു വിടുംമുന്പ് , പണിനിർത്തിപോകുന്നതല്ലേ നല്ലത്?-ഇങ്ങനെ ഒരു പോസ്റ്റ് മാസങ്ങൾക്ക് മുമ്പ് ശിവശങ്കർ ഇട്ടിരുന്നു. സന്ദീപ് വചസ്പതിയുടെ പോസ്റ്റിനുള്ള ഈ മറുപടിയും സുരേന്ദ്രനെ കളിയാക്കൽ ആയിരുന്നുവെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കൂടിയാണ് ശ്രീ ശ്രീ സുരേന്ദ്രൻജി വിവാദമാകുന്നത്.

അച്ചടക്ക നടപടിയിൽ അതിവേഗ തീരുമാനമാണ് സുരേന്ദ്രൻ എടുത്തത്. നേതാക്കളുടെ പെരുമാറ്റവും പ്രവർത്തനവും കൃത്യമായി വിലയിരുത്താൻ പാർട്ടിക്ക് സംവിധാനമുണ്ട്. ബിജെപിയിൽ പുനഃസംഘടന തുടരുമെന്നും സംഘടനയുടെ താഴേത്തട്ടുവരെ അഴിച്ചുപണിയുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. പാർട്ടി ഭാരവാഹികൾ സമൂഹമാധ്യമങ്ങൾ ഇടപെടുമ്പോൾ അതീവശ്രദ്ധ പുലർത്തണം. പാർട്ടി അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.

സംസ്ഥാന അധ്യക്ഷനെ മാറ്റുമെന്ന പ്രചാരണത്തിനിടെ നടന്ന പുനഃസംഘടനയോടെ ബിജെപി.യിൽ വി. മുരളീധരൻ-കെ. സുരേന്ദ്രൻ പക്ഷത്തിന് കരുത്തേറുകയാണ് ചെയ്തത്. ഭാരവാഹികളിൽ മിക്കവരെയും നിലനിർത്തിയും അനുകൂലിക്കുന്നവരെ ഉൾപ്പെടുത്തിയും നടത്തിയ പുനഃസംഘടന അംഗീകരിച്ചതിലൂടെ സുരേന്ദ്രനെ കാലാവധി തീരുംമുമ്പ് മാറ്റില്ലെന്ന മുന്നറിയിപ്പാണ് കേന്ദ്രനേതൃത്വം നൽകുന്നത്.

സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നടനും എംപി.യുമായ സുരേഷ് ഗോപിയുടെ പേര് ഉയർത്തിയായിരുന്നു സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ സുരേന്ദ്രനെതിരേ നീക്കം. എന്നാൽ, കൃഷ്ണദാസ് വിഭാഗം അധ്യക്ഷമാറ്റം പരസ്യമായി ഉന്നയിക്കുകയോ സുരേഷ് ഗോപിയുടെ പേര് ഉയർത്തിക്കാട്ടുകയോ ചെയ്തില്ല. തനിക്കുവേണ്ടിയുള്ള പ്രചാരണത്തെ സുരേഷ് ഗോപി തള്ളുകയും ചെയ്തു.

കൊടകര കുഴൽപ്പണ വിവാദം, വയനാട്ടിൽ സി.കെ. ജാനുവിനും കാസർകോട്ട് സുന്ദരയ്ക്കും പണം നൽകിയെന്ന ആരോപണം, നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടുസ്ഥാനാർത്ഥികളുടെ പത്രിക തള്ളിയത് തുടങ്ങിയവയൊക്കെ നേതൃത്വത്തെ വെട്ടിലാക്കുന്നതായിരുന്നു. കൃഷ്ണദാസ് പക്ഷത്തെ ബി. ഗോപാലകൃഷ്ണനെ വക്താവ് സ്ഥാനത്തുനിന്ന് സ്ഥാനക്കയറ്റം നൽകി വൈസ് പ്രസിഡന്റാക്കിയാണ് ചില സമവാക്യങ്ങൾ പാലിച്ചത്. പുതിയ അഞ്ചു ജില്ലാ അധ്യക്ഷന്മാരെ നിയമിച്ചതോടെ ഭൂരിപക്ഷവും ഔദ്യോഗിക പക്ഷത്താണ്.