എറണാകുളം: ഒളിമ്പ്യൻ പി.ആർ ശ്രീജേഷ് കേരളീയ യുവത്വത്തിന് ആവേശവും മാതൃകയുമാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഹോക്കി ഒരു കായിക ഇനമെന്ന നിലയിൽ കേരളത്തിൽ സജീവമല്ലാത്ത സാഹചര്യത്തിലും അതിൽ ഉറച്ചുനിന്നു പരിശ്രമിച്ചത് ശ്രീജേഷിന്റെ മനസ്സിന്റെ കരുത്താണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ടോക്യോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗം പി.ആർ ശ്രീജേഷിനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിക്കുകയായിരുന്നു മന്ത്രി. വെള്ളിയാഴ്ച രാത്രി 9.30 ഓടെ ശ്രീജേഷിന്റെ വീട്ടിലെത്തിയ മന്ത്രി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി വിശേഷങ്ങൾ പങ്കുവെച്ചു. ടൂറിസം വകുപ്പിന്റെ ഉപഹാരങ്ങൾ മന്ത്രി ശ്രീജേഷിനും കുടുംബത്തിനും കൈമാറി.



മന്ത്രിയുടെ സന്ദർശ്ശനം അഭിമാനവും അംഗീകാരവുമാണെന്ന് പറഞ്ഞ പി.ആർ ശ്രീജേഷ് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള അംഗീകാരങ്ങൾ കായികതാരങ്ങൾക്ക് പ്രചോദനമാണെന്നും കൂട്ടിച്ചേർത്തു.

ശ്രീജേഷിന്റെ പിതാവ് പി.വി രവീന്ദ്രൻ, അമ്മ ഉഷാകുമാരി, ഭാര്യ ഡോ. പി.കെ അനീഷ്യ, മകളായ അനുശ്രീ മറ്റ് കുടുംബാംഗങ്ങൾ എന്നിവരുമായി വിശേഷങ്ങൾ പങ്കുവച്ചാണ് മന്ത്രി മടങ്ങിയത്. പി.വി ശ്രീനിജൻ എംഎ‍ൽഎ, കായിക പ്രേമികൾ എന്നിവർ സന്നിഹിതരായിരുന്നു.