തിരുവനന്തപുരം: സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ ഏറ്റവും കൂടുതൽ ലഭിക്കുന്നതുകൊല്ലം ജില്ലയിൽ നിന്നെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി. വനിത കമ്മീഷനിലെത്തുന്ന പരാതികളുടെ സ്വഭാവത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു പി. സതീദേവി.

വിവാഹ ശേഷം ഗാർഹിക പീഡനം നേരുടുന്നവരുടെ പരാതിയിൽ വർധനവുണ്ടായിട്ടുണ്ടെന്ന് സതീദേവി പറഞ്ഞു. വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് വധൂവരന്മാർ വിവാഹപൂർവ്വ കൗൺസിലിങിൽ പങ്കെടുക്കണമെന്നും ഇത് നിർബന്ധമാക്കാൻ സർക്കാരിന് നിർദ്ദേശം നൽകുമെന്നും സതീദേവി പറഞ്ഞു.

സ്ത്രീധന പീഡന പരാതികൾക്ക് പുറമെ വയോജനങ്ങൾ നേരിടുന്ന അരക്ഷിതാവസ്ഥ സംബന്ധിച്ചും പരാതി ലഭിക്കുന്നുണ്ടെന്നും വൃദ്ധരായ മാതാപിതാക്കളെ മക്കൾ സംരക്ഷണം നൽകുന്നില്ലെന്ന തരത്തിലുള്ള പരാതികളാണ് കൂടുതലായി കിട്ടുന്നതെന്നും സതീദേവി പറഞ്ഞു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സംബന്ധിച്ചുള്ള പരാതികൾ പരിഹരിക്കുന്നതിന് വാർഡ് തല ജാഗ്രതാ സമിതി രൂപീകരിക്കുമെന്ന് സതീദേവി പറഞ്ഞു.

കമ്മീഷനിൽ തീർപ്പാക്കിയ കേസുകളിൽ ഒത്തുതീർപ്പ് വ്യവസ്ഥ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുടെ സഹായത്തോടെ പ്രത്യേക മോണിറ്ററിങ് സംവിധാനം ഏർപ്പെടുത്തുമെന്ന് പി. സതീദേവി പറഞ്ഞു.