മലപ്പുറം: നിലമ്പൂർ രണ്ട് മാസത്തിലേറെയായി നിലമ്പൂർ എംഎൽഎ പി വി അൻവർ ആഫ്രിക്കയിൽ എന്താണ് ചെയ്യുന്നത്? ഈ ചോദ്യം വളരെ സജീവമായിരിക്കയാണ്. ഒടുവിൽ അൻവർ തന്നെ താൻ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കി രംഗത്തുവന്നു. പി.വി അൻവർ നാളെ നാട്ടിൽ തിരിച്ചെത്തുമെന്നാണ് വീഡിയോ സന്ദേശത്തിലൂടെയാണ് എംഎ‍ൽഎ അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്നതിനിടെയാണ് എംഎ‍ൽഎ തിരിച്ചെത്തുന്നത്.

നാട്ടിലെ ബിസിനസുകളിൽ വലിയ തകർച്ചയുണ്ടായതായി നേരത്തെ ആഫ്രിക്കയിൽ നിന്നുള്ള വിഡിയോ സന്ദേശത്തിലൂടെ എംഎ‍ൽഎ വിശദീകരിച്ചിരുന്നു. നിലമ്പൂർ എംഎ‍ൽഎയെ കാണാനില്ലെന്ന തരത്തിൽ വാർത്തകൾ പുറത്തുവരുന്നതിനിടെയായിരുന്നു വിഡിയോ സന്ദേശം. ആഫ്രിക്കയിലെ സിയെറ ലിയോണിലെ ഇടപാടുകളെ കുറിച്ച് പിന്നീട് വിശദീകരിക്കുമെന്നും എംഎ‍ൽഎ പറഞ്ഞിരുന്നു.

എല്ലാ വാതിലുകളും അടഞ്ഞപ്പോൾ മിറാക്കിൾ പോലെയാണ് ആഫ്രിക്കയിൽ നിന്നുള്ള സാധ്യത തുറന്നതെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറയുന്നു. ഉംറ തീർത്ഥാടന യാത്രക്കിടെ പരിചയപ്പെട്ട ആഫ്രിക്കൻ വ്യവസായിയാണ് അവിടെ ഖനനത്തിന് ക്ഷണിച്ചത്. എല്ലാ വർഷവും ഉംറ യാത്ര പോവുന്ന താൻ യാത്രകളിൽ കണ്ട് പരിചയപ്പെട്ട ആഫ്രിക്കൻ വ്യവസായിയുമായി 2018 ൽ ഉണ്ടായ സൗഹൃദമാണ് തന്നെ ഇവിടെയെത്തിച്ചതെന്നാണ് വീഡിയോയിൽ പറയുന്നത്. ഇദ്ദേഹം ആഫ്രിക്കയിലെ വ്യവസായ പ്രമുഖനാണെന്ന് മനസ്സിലായി.

കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ കേരളത്തിൽ തനിക്ക് ഒരു വ്യവസായി സുഹൃത്തുണ്ടായിരുന്നെന്നും അദ്ദേഹം മരിച്ചു പോയെന്നും അദ്ദേഹം പറഞ്ഞു. പേരു നൂർബിനാണെന്ന് പറഞ്ഞപ്പോൾ ഞാൻ കൗതുകം കൊണ്ട് ഫോണിലുള്ള ഫോട്ടോ കാണിച്ചു നോക്കി. എന്റെ ഭാര്യ ഷീജയുടെ പിതാവിന്റെ പേര് നൂർബിൻ എന്നായിരുന്നു. അദ്ദേഹം പഴയകാല കശുവണ്ടി വ്യവസായിയാണ്. ഫോട്ടോ കാണിച്ചപ്പോൾ ഇദ്ദേഹം തന്നെയാണ് എന്റെ സുഹൃത്തെന്ന് വ്യവസായി പറഞ്ഞു. ഞാനദ്ദേഹത്തിന്റെ മകളെയാണ് വിവാഹം ചെയ്തത് എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് വളരെ അത്ഭുതവും എന്നോട് വളരെ അടുപ്പവുമായി. പിന്നീടങ്ങോട്ടുള്ള ഞങ്ങളുടെ യാത്രയിൽ മകനോടു കാണിക്കുന്ന സ്നേഹം അദ്ദേഹം കാണിക്കാൻ തുടങ്ങിയെന്നും പിവി അൻവർ പറയുന്നു.

നേരത്തെ കശുവണ്ടി വ്യാപാരം നടത്തിയിരുന്ന ആഫ്രിക്കൻ വ്യവസായിയെ യാദൃശ്ചികമായി പരിചയപ്പെടുകയായിരുന്നെന്നും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 200 ചതുരശ്ര കിലോമീറ്റർ സ്ഥലത്താണ് ഖനനം നടത്തുന്നതെന്നും അൻവർ പറഞ്ഞു. പദ്ധതിയിലൂടെ നിരവധി പേർക്ക് തൊഴിലവസരം ലഭിക്കും. കേരളത്തിൽ നിന്നുള്ള ആറായിരത്തോളം വിദഗ്ധ തൊഴിലാളികൾ പദ്ധതിയിൽ അവസരം ലഭിക്കും. 750 ഡോളർ മുതൽ 5000 ഡോളർ വരെ ശമ്പളം ലഭിക്കുന്ന തൊഴിലവസരങ്ങൾ ഉണ്ടെന്നും അൻവർ പറഞ്ഞു.

20000 കോടി രൂപയുടെ പദ്ധതിയാണ് സിയെറ ലിയോണിൽ ആസൂത്രണം ചെയ്യുന്നതെന്നും ഒരു വർഷം കൊണ്ട് തന്നെ പദ്ധതി പൂർത്തീകരിക്കാനാകുമെന്നും പി.വി അൻവർ പറഞ്ഞു. മലയാളികൾ അടക്കമുള്ളവർക്ക് ജോലി നൽകാൻ സാധിക്കുമെന്നുമാണ് അൻവർ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയത്. ഇതിന് മുമ്പ് അൻവർ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഒന്നും പ്രതീക്ഷിക്കാതെയാണ് രാഷ്ട്രീയത്തിലെത്തിയതെന്നും വർഷത്തിൽ മൂന്ന് ലക്ഷത്തിന്റെ ഇന്ധനത്തുക, 75,000 രൂപയുടെ ട്രെയിൻ അലവൻസ് എന്നിവ മാത്രമാണ് സർക്കാറിൽനിന്ന് സ്വീകരിച്ചതെന്നും എംഎൽഎ പഞ്ഞിരുന്നു. കടബാധ്യതകൾ തീർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആഫ്രിക്കയിൽ എത്തിയതെന്നുമാണ് അൻവർ പറയുന്നത്.

35 വർഷത്തെ തന്റെ അധ്വാനവും മാതാപിതാക്കളിൽനിന്ന് ലഭിച്ച സ്വത്തുക്കളും ഉൾപ്പെടുന്ന വ്യാപാര സ്ഥാപനങ്ങൾ കുറച്ച് മാസങ്ങളായി അടച്ചുപൂട്ടേണ്ട അവസ്ഥയാണ്. ഓരോ മാസവും ഓരോ സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നു. വരുമാനം നിലച്ചു. സ്വത്തുണ്ടായിട്ടും ബാധ്യതകൾ വീട്ടാൻ കഴിയാത്ത നിർഭാഗ്യവാനാണ് താനെന്നും അദ്ദേഹം പറയുന്നു. പി.വി. അൻവറിന്റെ ഭൂമി നിയമപരമല്ലെന്നും വാങ്ങിയാൽ കേസിൽ ഉൾപ്പെടുമെന്നും പ്രചരിപ്പിക്കുന്നു. ബാധ്യത തീർക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അവസാന മൂന്നുമാസം പശ്ചിമ ആഫ്രിക്കയിൽ അധ്വാനിക്കേണ്ടി വന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ദിവസം തന്നെയാണ് ആഫ്രിക്കയിലേക്ക് പോയതെന്നും അൻവർ കൂട്ടിച്ചേർത്തു. പശ്ചിമ ആഫ്രിക്കയിൽ എന്താണ് ചെയ്യുന്നതെന്നതെന്ന് വരും വിഡിയോകളിൽ പറയുന്നതാണെന്നും അൻവർ കൂട്ടിച്ചേർത്തു.

നിലമ്പൂരിലെ സിപിഐഎം പ്രവർത്തകരാണ് എയർപോർട്ടിൽ അൻവറിന് സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനായി ഓരോ ബൂത്തിൽ നിന്നും പരമാവധി പ്രവർത്തകരോട് അൻവർ നാട്ടിലെത്തുന്ന 11ാം തിയ്യതി കരിപ്പൂർ എയർപോർട്ടിലെത്താൻ പാർട്ടി ഗ്രൂപ്പുകൾ വഴി നിർദ്ദേശം നൽകിയിട്ടുണ്ട്. 11ന് രാവിലെ 11.30നാണ് അൻവർ കരിപ്പൂർ എയർപോർട്ടിലെത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും മണ്ഡലത്തിലെത്താത്ത അൻവറിനെതിരെ കോൺഗ്രസും മുസ്ലിം ലീഗു പ്രചരണം ആരംഭിച്ചിട്ടുണ്ട്. അൻവർ ആഫ്രിക്കയിൽ ജയിലിൽ ആണെന്നായിരുന്നു തുടക്കത്തിൽ പ്രചരണം. പിന്നീട് അൻവറിനെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനെല്ലാം മറുപടിയായാണ് ഇപ്പോൾ എയർപോർട്ടിൽ സിപിഐഎം പ്രവർത്തകർ സ്വീകരണം ഒരുക്കുന്നത്.