തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ഏറ്റ പരാജയം ചിലരുടെ ചതി മൂലമാണെന്ന് തുറന്നടിച്ച് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. കോൺഗ്രസിലെ ചില കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ പിന്നെ പാർട്ടിയിൽ നിൽക്കാൻ കഴിയില്ല. എല്ലാം കളഞ്ഞ് പോകണമെന്ന് തോന്നിയാൽ തുറന്ന് പറച്ചലിന് താൻ തയ്യാറാകുമെന്നും പത്മജ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

'ചില കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ അത് ശരിയല്ല എന്ന് എനിക്കു തോന്നുന്നു. മനസ്സ് വല്ലാതെ മടുത്തിരിക്കുന്നു': എന്ന് ഏതാനും ദിവസം മുൻപ് സമൂഹമാധ്യമത്തിൽ പത്മജ വേണുഗോപാൽ വ്യക്തമാക്കിയിരുന്നു. അത് കോൺഗ്രസിൽ വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയത്. സാമൂഹ്യ മാധ്യമത്തിലൂടെ വിഷയം തുറന്നു പ്രതികരിക്കാനുണ്ടായ സാഹചര്യം അടക്കം പത്മജ തുറന്നുപറയുന്നു.


വല്ലാതെ പ്രയാസപ്പെടുത്തുന്ന കമന്റുകൾ ഇട്ടത് പാർട്ടിക്കാർ തന്നെയാണ്. അതു വല്ലാതെ വേദനിപ്പിച്ചു. ഞാൻ ആരെയാണോ കൂടുതൽ സ്‌നേഹിക്കുന്നത്, അവർ മോശമായി നമ്മെ ചിത്രീകരിക്കുമ്പോൾ ഉണ്ടാക്കുന്ന സങ്കടം വലുതാണ്. നേതാക്കളെ കണ്ട് ഈ പാർട്ടിയെ സ്‌നേഹിച്ചയാളല്ല പത്മജ. കുട്ടിക്കാലം മുതൽ കാണുന്നത് കോൺഗ്രസിന്റെ അണികളെയാണ്. വിചാരിക്കാത്ത കാര്യം അവർ പറയുമ്പോൾ അതു വിഷമം ഉണ്ടാക്കും. പല കാര്യങ്ങളും പറയണോ വേണ്ടയോ എന്ന ആശയക്കുഴപ്പം എന്നിൽ ജനിപ്പിക്കുന്നതും ഇതെല്ലാം തന്നെയാണ്. പക്ഷേ ചിലതെല്ലാം പറഞ്ഞാൽ പിന്നെ ഈ പാർട്ടിയിൽ നിൽക്കാൻ കഴിയണമെന്നില്ല. എല്ലാം കളഞ്ഞു പോകണമെന്ന തോന്നൽ വന്നാൽ മാത്രം അതിനു തുനിയുമെന്നും പത്മജ പറയുന്നു.

കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കൾക്കെതിരെ രൂക്ഷവിമർശനവും പത്മജ വേണുഗോപാൽ നടത്തി. താൻ കുട്ടിക്കാലത്ത് കണ്ട കോൺഗ്രസ് അല്ല ഇന്നത്തേതെന്നും സ്വന്തം കാര്യത്തിനാണ് പലർക്കും പ്രാമുഖ്യമെന്നും പത്മജ പറഞ്ഞു. മറ്റൊരാളെ വെട്ടി എങ്ങനെ ഉയരാമെന്ന ചിന്തയാണ് ഭൂരിഭാഗം പേർക്കും. മോഹന വാഗ്ദാനങ്ങൾ വാരിക്കോരി നൽകുന്ന നേതാക്കളും പലരെയും വഴിതെറ്റിക്കുന്നതിൽ പങ്ക് വഹിക്കുന്നുണ്ടെന്ന് അഭിമുഖത്തിൽ പത്മജ പറഞ്ഞു.

''സ്ഥാനാർത്ഥി ജയിച്ചാൽ പിന്നെ തനിക്ക് രക്ഷയില്ലല്ലോ എന്നാണ് വാഗ്ദാനം വാങ്ങി ഇരിക്കുന്നവരുടെ ചിന്ത. അപ്പോൾ തോൽപ്പിക്കാൻ നോക്കുക തന്നെ. അങ്ങനെ കാലു വാരി കാലു വാരി പാർട്ടി എവിടെ എത്തിയെന്ന് എല്ലാവരും ചിന്തിക്കണം.''-പത്മജ പറഞ്ഞു. ദേശീയ തലത്തിലെ തിരിച്ചടികൾ സംസ്ഥാനത്തെ കോൺഗ്രസിനെ വല്ലാതെ ബാധിക്കുന്നുണ്ടെന്നും പത്മജ പറഞ്ഞു.

തൃശൂരിൽ ശക്തമായ നേതൃത്വം വരണമെന്നും പത്മജ പറഞ്ഞു. തമ്മിലുള്ള വഴക്കും കടിപിടിയും ഏറ്റവും കൂടുതലുള്ള ജില്ലകളിൽ ഒന്നാണ് തൃശൂരെന്നും പത്മജ കൂട്ടിച്ചേർത്തു.''നമുക്ക് രാഷ്ട്രീയ പ്രവർത്തനം വേണ്ട എന്നു തോന്നിപ്പിക്കുന്ന തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു സ്ഥാനാർത്ഥിയുടെ ടെൻഷൻ കാലുവാരുന്നവർക്ക് അറിയുമോ? നമ്മളെ തോൽപിക്കുന്നത് നമ്മൾ തന്നെയാണ്.

തൃശൂരിൽ ശക്തമായ നേതൃത്വം വന്നേ തീരൂ. തൃശൂരിൽ സുരേഷ് ഗോപിയെ പോലെ ഒരാൾ ബിജെപി സ്ഥാനാർത്ഥിയായി വന്നിട്ടും ചെറിയ വോട്ടിനല്ലേ ഞാൻ തോറ്റത്. അതു നിസ്സാര കാര്യമല്ല. ജനങ്ങൾ എന്നെ മനസ്സിലാക്കിത്തുടങ്ങി എന്നാണ് അതിന് അർഥം. പക്ഷേ നേതാക്കന്മാരുടെ രീതി മാറാതെ രക്ഷയില്ല. വെറും 940 വോട്ടിനാണ് തോറ്റത്. പക്ഷേ ചില നേതാക്കൾക്ക് ചില ലക്ഷ്യങ്ങൾ ഉള്ളതിനാൽ തോൽപിക്കാൻ അവർ കൂട്ടുനിന്നു. അത് ആരെല്ലാം ആണെന്നും എന്തൊക്കെയാണ് അവർ ചെയ്തതെന്നും എനിക്ക് വ്യക്തമായി അറിയാം. വിശ്വസിക്കുന്നവർ ചതിക്കുമ്പോൾ അത് ഉണ്ടാക്കുന്ന വേദന വലുതാണ്.''-പത്മജ പറഞ്ഞു.


എന്തും തുറന്നു പറയുന്ന കെ.മുരളീധരന്റെ ശൈലിയോടുള്ള അനിഷ്ടം കൂടി ആ കുറിപ്പിൽ പത്മജ പ്രകടിപ്പിച്ചതോടെ കെ.കരുണാകരന്റെ മക്കൾക്കിടയിൽ സംഭവിച്ചതെന്ത് എന്ന ചോദ്യം ഉയർന്നിരുന്നു. കോൺഗ്രസുകാർക്കിടയിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ഉയർന്ന ആ ചോദ്യങ്ങളോടാണ് പത്മജ വേണുഗോപാൽ പ്രതികരിച്ചത്.

കുറച്ചുകാലങ്ങളായി ഉണ്ടായ പ്രയാസങ്ങളായിരുന്നു കാരണം. ആലോചിച്ചപ്പോൾ ചിലതെല്ലാം മനസ്സിൽ വിങ്ങിവന്നു. ഞാൻ ഒരിക്കലും ഒന്നും തുറന്നു പറയാത്ത ആളാണ്. ആ ചെറിയ കുറിപ്പ് തന്നെ ശ്രദ്ധിക്കപ്പെട്ടതും അതുകൊണ്ടായിരിക്കും. ഞാനും സഹോദരൻ കെ.മുരളീധരനും രണ്ടു രീതിയാണ്. എല്ലാം തുറന്നടിക്കുന്ന മുരളിയേട്ടന്റെ ശൈലി ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. ഞാൻ അങ്ങനെയല്ല. എന്നാൽ അദ്ദേഹം പറയുന്നതിനേക്കാൾ ശക്തമായി കാര്യങ്ങൾ പറയാൻ അറിയാം.

പക്ഷേ നേതാക്കന്മാരെ നേരിട്ടു കണ്ടായിരിക്കും, അല്ലെങ്കിൽ പാർട്ടിക്ക് ഉള്ളിലായിരിക്കും. എന്റെ രീതിയാണോ മുരളിയേട്ടന്റെ രീതിയാണോ ശരി എന്ന ആശയക്കുഴപ്പം എക്കാലത്തും ഉണ്ടായിട്ടുണ്ട്. മുരളിയേട്ടന്റെ രീതി ഞാൻ സ്വീകരിച്ചാൽ അംഗീകരിക്കപ്പെടുക എളുപ്പമായിരിക്കില്ല. കാരണം ഞാൻ ഇങ്ങനെ ഒക്കെ മതി എന്നു തീരുമാനിച്ചിരിക്കുന്ന ചിലരുണ്ട്. ഈ ചിന്തയെല്ലാം പെട്ടെന്നു ഉള്ളിൽ വന്നപ്പോൾ ചിലതു കുറിച്ചതാണെന്നും പത്മജ പറയുന്നു.