കല്പറ്റ: ഈ വർഷത്തെ പത്മപ്രഭാപുരസ്‌കാരത്തിന് കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരൻ തമ്പി അർഹനായി. 75000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ ചെയർമാനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത്, കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് പത്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയർമാൻ എം. വി. ശ്രേയാംസ് കുമാർ എംപി. അറിയിച്ചു. സാഹിത്യമികവിനുള്ള പത്മപ്രഭാപുരസ്‌കാരം 1996-ലാണ് ഏർപ്പെടുത്തിയത്.

ബഹുമുഖ പ്രതിഭ എന്ന വിശേഷണം സാർത്ഥകമാക്കുന്ന സാന്നിധ്യമാണ് ശ്രീകുമാരൻ തമ്പിയുടേതെന്നും വ്യാപരിച്ച മേഖലകളിൽ എല്ലാം ഒരുപോലെ മാറ്റുതെളിയിച്ച ഈ പ്രതിഭാശാലി സാഹിത്യത്തിലും ചലച്ചിത്രലോകത്തും ഒരേപോലെ അതുല്യമായ സംഭാവനകൾ നൽകിയെന്നും പുരസ്‌കാര സമിതി വിലയിരുത്തി. മലയാളചലച്ചിത്ര ഗാനശാഖയെ ജനകീയമാക്കിയതിൽ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ വലിയ പങ്കുവഹിച്ചു. ലളിതമായ വരികളിലൂടെ അദ്ദേഹം ഗഹനമായ ആശയം വ്യക്തമാക്കുന്ന ആയിരക്കണക്കിന് ഗാനങ്ങൾ രചിച്ചു. അനുപമമായ വാക്കുകളുടെ സൗന്ദര്യവും ആഴത്തിലുള്ള ജീവിതതത്വചചിന്തയും ഒരേപോലെ ആ ഗാനങ്ങൾക്ക് മാറ്റുകൂട്ടി. കേരളത്തിന്റെ ഭൂപ്രകൃതി, സംസ്‌കാരം, പൈതൃകം, കല, ഉത്സവം, ഭാഷ എന്നിവയെയെല്ലാം ഈ എഴുത്തുകാരൻ കാവ്യവിഷയങ്ങളും കാവ്യബിംബങ്ങളുമാക്കി. പ്രണയം, വിരഹം, ഭക്തി, ഹാസ്യം, തത്വചിന്ത, വാത്സല്യം തുടങ്ങി മനുഷ്യജീവിതത്തിന്റെ സമസ്തഭാവങ്ങളും അദ്ദേഹത്തിന്റെ ഗാനങ്ങളിൽ പലവർണ്ണപ്പീലികളായി. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി മലയാള ചലച്ചിത്ര ഗാനലോകത്തും കാവ്യലോകത്തും ഒറ്റയാന്റെ കരുത്തും ഭംഗിയുമായി ശ്രീകുമാരൻ തമ്പിയുണ്ട്. രചനകൾകൊണ്ട് മലയാള കവിതയേയും ഗാനങ്ങളേയും മാത്രമല്ല സംസ്‌കാരത്തെയാകെത്തന്നെ പുതിയൊരു ഭാവുകത്വത്തിലേക്ക് ഉയർത്തിയ പ്രതിഭാവിലാസത്തെ മാനിച്ചാണ് പത്മപ്രഭാപുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക് നൽകുന്നത്, സമിതി
വിലയിരുത്തി.

പരേതരായ കളരിക്കൽ കൃഷ്ണപിള്ളയുടേയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും മകനായി 1940ൽ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ജനിച്ച ശ്രീകുമാരൻ തമ്പി പി. സുബ്രഹ്മണ്യത്തിന്റെ 'കാട്ടുമല്ലിക' എന്ന സിനിമയിലൂടെയാണ് ചലച്ചിത്രഗാനരചനയിലേക്ക് പ്രവേശിക്കുന്നത്. മൂവായിരത്തിലധികം ഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചിച്ചു. അവയിൽ മിക്കവയും മലയാളികളും മലയാളഭാഷയും ഉള്ള കാലത്തോളം ഓർക്കപ്പെടുന്നവയാണ്. ശ്രീകുമാരൻ തമ്പി-ദക്ഷിണാമൂർത്തി, ശ്രീകുമാരൻതമ്പി-എം.കെ. അർജ്ജുനൻ കൂട്ടുകെട്ടുകൾ മലയാള സിനിമാഗാനങ്ങളെ നിത്യഹരിതത്വത്തിന്റെ വിതാനത്തിലേയ്ക്ക് ഉയർത്തി. മുപ്പതോളം സിനിമകൾ സംവിധാനം ചെയ്ത ശ്രീകുമാരൻ തമ്പി എൺപതോളം സിനിമകൾക്ക് തിരക്കഥ എഴുതി. ഇരുപത്തിരണ്ട് സിനിമ കളും ആറ് ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചു. നിരവധി സിനിമകളിലായി മൂവായിരത്തോളം ഗാനങ്ങൾ തമ്പി എഴുതി. ലളിതഗാനങ്ങൾ, ആൽബം ഗാനങ്ങൾ, ഭക്തിഗാനങ്ങൾ തുടങ്ങി ആയിരത്തോളം രചനകൾ വേറെയും. 'നീലത്താമര', 'അച്ഛന്റെ ചുംബനം', 'അമ്മയ്ക്കൊരു താരാട്ട്', 'പുരതലാഭം' തുടങ്ങി പത്ത് കാവ്യസമാഹരങ്ങളും നാല് നോവലുകളും ആയിരത്തൊന്ന് ഗാനങ്ങളുടെ സമാഹാരമായ 'ഹൃദയസരസ്സ്', ഒരു നാടകം എന്നിവയും ശ്രീകുമാരൻ തമ്പിയുടേതായുണ്ട്. ശ്രീകുമാരൻ തമ്പിയുടെ ആത്മകഥയായ 'ജീവിതം ഒരു പെൻഡുലം' ഇപ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവരുന്നു.

ഏറ്റവും മികച്ച സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ്, മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാനപുരസ്‌കാരം, പ്രേംനസീർ പുരസ്‌കാരം, ആശാൻ പുരസ്‌കാരം, ഓടക്കുഴൽ പുരസ്‌കാരം, മയിൽപ്പീലി പുരസ്‌കാരം, കേരളസംഗീതനാടക അക്കാദമി പുരസ്‌കാരം, മലയാള സിനിമയ്ക്ക് നൽകിയ സമഗ്രസംഭാവനകളെ മാനിച്ച് ജെ.സി. ഡാനിയൽ പുരസ്‌കാരം എന്നിവ ശ്രീകുമാരൻ തമ്പിക്ക് ലഭിച്ചിട്ടുണ്ട്. രാജേശ്വരിയാണ് പത്നി. കവിത, പരേതനായ രാജകുമാരൻ തമ്പി എന്നിവരാണ് മക്കൾ.