കൊച്ചി: അസംസ്‌കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വിലവർധനവിനെ തുടർന്ന് എല്ലാവിധ പെയിന്റുകൾക്കും വിലവർധിപ്പിക്കാനൊരുങ്ങി ഉൽപാദകർ. പെയിന്റ് നിർമ്മാണ ചെലവ് ഉയർന്നത് പെയിന്റ് വ്യവസായത്തെ പ്രതികൂലമായി ബാധിച്ചെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു.

വിലക്കയറ്റം കാരണം എല്ലാവിധ പെയിന്റുകൾക്കും വിലവർധിപ്പിക്കാൻ നിർബന്ധിതരായിരിക്കുകയാണെന്നും നിർമ്മാതാക്കളുടെ അഖിലേന്ത്യാ സംഘടനയായ ഇന്ത്യൻ സ്‌മോൾ സ്‌കെയിൽ പെയിന്റ് അസോസിയേഷന്റെ (ഇസ്പാ-) കേരള ഘടകം കൊച്ചിയിൽ കൂടിയ യോഗം വിലയിരുത്തി. 5000ത്തോളം തൊഴിലാളികൾ നേരിട്ട് ജോലി ചെയ്യുന്ന 200-ൽ പരം ചറുകിട പെയിന്റ് നിർമ്മാണ യൂണിറ്റുകൾ കേരളത്തിലുണ്ട്.

തീപ്പെട്ടി നിർമ്മാണം മുതൽ സമസ്ത മേഖലകളിലും വിലക്കയറ്റത്തിന്റെ തിരിച്ചടി നേരിടുന്നുണ്ട്. ഇന്ധന വിലയിലെ വർധനവും ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായി. പെയിന്റ് നിർമ്മാതാക്കളും വില വർധിപ്പിക്കുന്നത്തോടെ കെട്ടിട്ട നിർമ്മാണ ചെലവ് ഉയരും.

ഇസ്പാ ചെയർമാൻ എൻ.എസ് നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന യോഗം ഇൻഡിഗോ പെയിന്റ്‌സ് ഡയറക്ടർ കെ വി നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഇസ്പാ നാഷണൽ സെക്രട്ടറി വി. ദിനേശ് പ്രഭു, മുൻ ദേശീയ ചെയർമാൻ നീരവ് റവീഷ്യ, സംസ്ഥാന വൈസ് ചെയർമാൻ മനോഹർ പ്രഭു, സെക്രട്ടറി അജിത്ത് നായർ, ടിജിആർ ഗ്രൂപ്പ് ചെയർമാൻ ടി.ജി. റെജിമോൻ, ആംകോസ് പെയിന്റ് ഡയറക്ടർ എസ് ഹരി, വാൾമാക്‌സ് പെയിന്റ് ഡയറക്ടർ വി.എ. സുശീൽ, ട്രൂകോട്ട് പെയിന്റ് ഡയറക്ടർ ടി.എം. സ്‌കറിയ, ബക്ക്‌ളർ പെയിന്റ്‌സ് ഡയറക്ടർ സനൂജ് സ്റ്റീഫൻ, ഡോൾഫിൻ മാർക്കറ്റിങ് ഡയറക്ടർ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.