ലാഹോർ: നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് പാക് ക്രിക്കറ്റ് താരം ആബിദ് അലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാക്കിസ്ഥാനിലെ ആഭ്യന്തര ടൂർണമെന്റായ ക്വയ്ദ്-ഇ-അസം ട്രോഫിയുടെ അവസാന റൗണ്ട് മത്സരത്തിൽ സെൻട്രൽ പഞ്ചാബിനായി ബാറ്റ് ചെയ്യുന്നതിനിടെയാണ് 34കാരനായ ആബിദിന് നെഞ്ചുവേദന അനുഭവപ്പെട്ടത്.

ഖൈബർ പക്തുൻക്വാക്കെതിരെ 61 റൺസുമായി ബാറ്റ് ചെയ്യുന്നതിനിടെ അസ്വസ്ഥതയും നെഞ്ചുവേദനയും അനുഭവപ്പെട്ട ആബിദ് ബാറ്റിങ് മതിയാക്കി ടീം മാനേജർക്കൊപ്പം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയ ആബിദിനെ വിദഗ്ധ ചികിത്സക്ക് വിധേയനാക്കി. പരിശോധനയിൽ ആബിദിന് ആണെന്ന് സ്ഥിരീകരിച്ചുവെന്നും ഡോക്ടർമാരുടെ പരിചരണത്തിലാണ് അദ്ദേഹമിപ്പോഴെന്നും പാക് ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി.

അദ്ദേഹത്തിന്റ ആരോഗ്യനിലയിൽ ആശങ്കവേണ്ടെന്നും കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും പാക് ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ പറഞ്ഞു. മുൻകരുതലെന്ന നിലയിൽ ആബിദിന് എല്ലാ പ്രാഥമിക പരിശോധനകൾക്കും വിധേയനാക്കിയെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്നും പിസിബി വാർത്താക്കുറിപ്പിൽ പറഞ്ഞു.

ലാഹോറിൽ നിന്നുള്ള താരമായ ആബിദ് ബംഗ്ലാദേശിനെതിരെ ഈ മാസം നടന്ന ടെസ്റ്റ് പരമ്പരയിൽ മിന്നുന്ന ഫോമിലായിരുന്നു. ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും പാക്കിസ്ഥാന്റെ ടോപ് സ്‌കോററായിരുന്ന ആബിദ് രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ 39 റൺസടച്ചു. പാക്കിസ്ഥാൻ 2-0ന് പരമ്പര തൂത്തുവാരിയപ്പോൾ ആബിദായിരുന്നു പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.